X

ഡി.കെ ശിവകുമാര്‍ മുംബൈയില്‍ ; അനുനയ നീക്കം ശക്തമാക്കി കോണ്‍ഗ്രസ്

രാജിവെച്ച കര്‍ണാടക വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍ മുംബൈയിലെത്തി. ഇദ്ദേഹത്തോടൊപ്പം ജെഡിഎസ് എംഎല്‍എ ശിവലിംഗ ഗൗഡയും ഉണ്ട്. എന്നാല്‍ ഹോട്ടലിനകത്തേക്ക് കടക്കാന്‍ പോലീസ് അദ്ദേഹത്തെ അനുവദിച്ചിട്ടില്ല. തങ്ങളെ ശിവകുമാറും കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് വിമത എം.എല്‍.എമാര്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.

ഹോട്ടലിന് മുന്നില്‍ മഹാരാഷ്ട്ര ആര്‍പിഎഫിനെ വിന്യസിച്ചിരിക്കുകയാണ്.സംരക്ഷണത്തിന്റെ ഭാഗമായാണ് ഡി.കെ. ശിവകുമാറിനെ ഹോട്ടലില്‍ പ്രവേശിപ്പിക്കാതതെന്നാണ് മുംബൈ പോലീസിന്റെ നിലപാട്.

എന്നാല്‍ താന്‍ മുംബൈയിലെത്തിയത് തന്റെ സുഹൃത്തുക്കളെ കാണാനാണെന്നും ഞങ്ങള്‍ ഒരുമിച്ച് നടന്ന ഒരുമിച്ച് ജീവിച്ചവരാണെന്നും ഡി.കെ ശിവകുമാര്‍ പറഞ്ഞു. അതിരാവിലെയാണ് ശിവകുമാര്‍ മുംബൈയിലെത്തിയത്. എന്തുവന്നാലും ഹോട്ടലില്‍ കയറാനുറച്ചാണ് ശിവകുമാര്‍ എത്തിയത്. ഹോട്ടലില്‍ താന്‍ മുറി ബുക്ക് ചെയ്തിട്ടുണ്ടെന്നും ശിവകുമാര്‍ പറഞ്ഞു.

10 എംഎല്‍എമാരാണ് ഇപ്പോള്‍ ഇവിടെയുള്ളത്. ഇതില്‍ ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരുമുണ്ട്. സഖ്യസര്‍ക്കാരിനെതിരായ വികാരം നിലനില്‍ക്കുന്നതിനാലാണ് തങ്ങള്‍ രാജിവെച്ചതെന്നാണ് വിമത എം.എല്‍.എ മാര്‍ പറയുന്നത്. പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിട്ടില്ലെന്നും വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ പറയുന്നു.അതേസമയം കഴിഞ്ഞ ദിവസം രാത്രി കര്‍ണാടകയില്‍ നിന്നുള്ള ബിജെപി നേതാക്കള്‍ വിമതരെ ഹോട്ടലിലെത്തി കണ്ടിരുന്നു.

Test User: