X

മുഖ്യമന്ത്രിയായതോടെ യദിയൂരപ്പക്ക് കുരുക്കായി അഴിമതിക്കേസ്

ബി.എസ് യദിയൂരപ്പക്കെതിരെ നിലനില്‍ക്കുന്ന അഴിമതി കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ആവശ്യം സുപ്രീംകോടതി പരിഗണയില്‍.
യദിയൂരപ്പക്കൊപ്പം കോ ണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ഡി.കെ ശിവകുമാറും പ്രതിയായ അഴിമതി കേസില്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.
നേരത്തെ കര്‍ണാടക ഹൈക്കോടതി തെളിവില്ലെന്ന് കാട്ടി തള്ളിയ കേസില്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയാണിത്. യദിയൂരപ്പ മുഖ്യമന്ത്രിയായ പശ്ചാത്തലത്തില്‍ കേസ് അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് സമാജ് പരിവര്‍ത്തന സമുദായ എന്ന സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇതുസംബന്ധിച്ച ഹര്‍ജിയില്‍ പ്രാഥമിക വാദം കേട്ട കോടതി ഏതെങ്കിലും തരത്തിലുള്ള ഉത്തരവുകള്‍ പുറപ്പെടുവുക്കുന്നില്ലെന്നും വസ്തുതകള്‍ പരിശോധിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നാണ് വ്യക്തമാക്കിയത്.

ഹൈക്കോടതി തള്ളിയ കേസില്‍ ഹര്‍ജിക്കാര്‍ അനാവശ്യ ധൃതി കാട്ടുകയാണെന്ന് യദിയൂരപ്പയുടെ അഭിഭാഷകന്‍ മുകുള്‍ റൊഹ്താഗി ആരോപിച്ചു. ഹര്‍ജിക്കാര്‍ കേസില്‍ ഏതെങ്കിലും തരത്തില്‍ കക്ഷിയല്ല. അതുകൊണ്ടുതന്നെ കേസില്‍ അടിയന്തര വാദം കേള്‍ക്കല്‍ ആവശ്യപ്പെടാന്‍ ഹര്‍ജിക്കാര്‍ക്ക് അധികാരമില്ലെന്നും റൊഹ്്താഗി വാദിച്ചു. അഴിമതി കേസില്‍ ആര്‍ക്കു വേണമെങ്കിലും സുപ്രീംകോടതിയെ സമീപിക്കാമെന്നായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ മറുപടി.1962 മുതല്‍ സ്വകാര്യ വ്യക്തി കൈവശം വെച്ചിരുന്ന ബംഗളൂരു നഗര പ്രാന്തത്തിലെ അഞ്ച് ഏക്കര്‍ വരുന്ന ഭൂമി 1986ല്‍ ബംഗളൂരു ഡവലപ്‌മെന്റ് അതോറിറ്റി(ബി.ഡി.എ) ഏറ്റെടുത്തിരുന്നു. എന്നാല്‍ റവന്യൂ രേഖകളില്‍ നിന്ന് ഇക്കാര്യം മറിച്ചുവെച്ച് പഴയ ഉടമയില്‍നിന്ന് 1.62 കോടി രൂപക്ക് ഭൂമി അന്ന് നഗര വികസന വകുപ്പ് മന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്വന്തമാക്കിയെന്നാണ് കേസ്.
ഭൂമി ഇടപാട് വിവാദമായതോടെ പിന്നീടു വന്ന യദിയൂരപ്പ സര്‍ക്കാര്‍ നിയമക്കുരുക്ക് ഒഴിവാക്കുന്നതിനായി ഭൂമി ഡീ നോട്ടിഫിക്കേഷന്‍ ചെയ്തു. ഇതോടെ ഭൂമിയുടെ ഉടമസ്ഥാവകാശം ഡി.കെ ശിവകുമാറിന് ലഭിച്ചു. ഇതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണങ്ങളെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ നടപടി ക്രമങ്ങളില്‍ വീഴ്ചയുണ്ടായിട്ടില്ലന്ന് ചൂണ്ടിക്കാട്ടി കേസ് പിന്നീട് ഹൈക്കോടതി തള്ളിയിരുന്നു.

chandrika: