X

കര്‍ണാടക പ്രതിസന്ധി: പ്രതികരണവുമായി ഡി.കെ. ശിവകുമാര്‍

ബാംഗളൂരു: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ പ്രതികരണവുമായി മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാര്‍ രംഗത്ത്. നിലവില്‍ പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം തുടരുകയാണ്. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് ഡി.കെ. ശിവകുമാര്‍ പറഞ്ഞു. പരിഹരിക്കാനാവുന്ന പ്രശ്‌നങ്ങളേ ഇപ്പോള്‍ ഉള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ കുതിരകച്ചവടത്തിനുള്ള ബി.ജെ.പി യുടെ ശ്രമങ്ങള്‍ക്കെതിരെ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങളാണ് കോണ്‍ഗ്രസ്-ജെ.ഡി.എസ് ക്യാമ്പില്‍ നടക്കുന്നത്. ഗവര്‍ണര്‍ വിമത എം.എല്‍ എമാരെ വിളിച്ച് വരുത്തി ഗവര്‍ണര്‍ രണ്ട് മണിക്കൂറോളം ചര്‍ച്ച നടത്തിയെന്ന് കോണ്‍ഗ്രസ് വെളിപ്പെടുത്തി. അതേ സമയം കര്‍ണാടക വിഷയത്തില്‍ ലോക്‌സഭ പ്രക്ഷുബ്ധമായി. കര്‍ണാകയിലെ സഖ്യസര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ..പി ശ്രമിക്കുന്നു എന്ന് ആരോപിച്ച് ലോക്‌സഭയില്‍ കോണ്‍ഗ്രസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.

അതിനിടെ, കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ തുടര്‍ച്ചയായി ആടിയുലക്കുന്ന വിമത പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഡികെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. ഭരണകക്ഷിയില്‍പ്പെട്ട 12 എംഎല്‍എമാര്‍ രാജി സമര്‍പ്പിക്കാന്‍ ഒരുങ്ങിയ പുതിയ പ്രതിസന്ധിയാണ് സാമൂഹ്യമാധ്യമ ചിന്തകളെ പുതിയ ചര്‍ച്ചയിലേക്ക് വഴിതുറക്കുന്നത്.

തുടര്‍ച്ചയായി അഭിമുഖീകരിച്ച ഓപ്പറേഷന്‍ ലോട്ടസിനെ പരാജയപ്പെടുത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത് നിലവിലെ കുമാരസ്വാമി മന്ത്രിസഭയിലെ അംഗം കൂടിയായ ഡികെ ശിവകുമാറാണ്. നിലവിലെ പ്രതിസന്ധിയും കോണ്‍ഗ്രസ് നേരിട്ടത് ഡികെ വച്ചാണ്. കുമാരസ്വാമി അമേരിക്ക സന്ദര്‍ശന വേളയിലായിരിക്കെയാണ് രാജി പ്രഖ്യാപിച്ച് 12 ഭരണകക്ഷി എംഎല്‍എമാര്‍ സ്പീക്കറെ കാണാന്‍ എത്തിയത്. എന്നാല്‍ സ്പീക്കര്‍ രമേശ് കുമാര്‍ അവരെ കാണാന്‍ കൂട്ടാക്കിയില്ല. 11 പേര്‍ രാജികത്ത് സ്പീക്കറുടെ ഓഫീസില്‍ കൈമാറി. ഒരാള്‍ പിന്‍മാറി. ഈ വേളയിലാണ് ഡികെ ശിവകുമാര്‍ പ്രശ്‌നത്തില്‍ ഇടപെടുന്നത്്.

ഗവര്‍ണറെ കാണാന്‍ ഇവര്‍ രാജ്ഭവനിലേക്ക് തിരിച്ച എംഎല്‍എമാരെ ഡികെ അനുനയിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരില്‍ നാലുപേരുമായി ഡികെ ശിവകുമാര്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയി. എട്ടുപേരാണ് ഗവര്‍ണറെ കാണാന്‍ രാജ്ഭവനില്‍ എത്തിയത്. എന്നാല്‍ അവര്‍ ആരും രാജിവെക്കില്ലെന്നും എല്ലാവരും മടങ്ങിയെത്തുമെന്നും ഡികെ പ്രതികരിച്ചു.

അതേസമയം കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിലെ പിണക്കങ്ങള്‍ പരിഹരിക്കുന്നതിന് നിലവിലെ മന്ത്രിസഭ അഴിച്ചുപണിയുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. നിലവിലെ മന്ത്രിമാരും മുഖ്യമന്ത്രി കുമാരസ്വാമിയും അടക്കം രാജിവെക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പകരം മുഖ്യമന്ത്രി ആരെന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ പുതിയ ക്യാമ്പയിന് കാരണമാവുന്നത്. കോണ്‍ഗ്രസ് സര്‍ക്കാറിന് പലപ്പോഴും രക്ഷകനാണ് ഡികെ ശിവകുമാര്‍. പണം കൊണ്ടും പവര്‍ കൊണ്ടും കോണ്‍ഗ്രസില്‍ ശക്തനും ഇദ്ദേഹം തന്നെ.

രാമലിംഗ റെഡ്ഢി അടക്കം മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരുമായി ശിവകുമാര്‍ ചര്‍ച്ച നടത്തിയിരുന്നു. രാജിവെക്കാന്‍ പോയ എംഎല്‍എമാരെ തന്റെ സ്വതസിദ്ധമായ ശൈലിയിലാണ് ഡികെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നത്. അതേനിടെ കര്‍ണാടകയില്‍ എംഎല്‍എമാരുടെ രാജികത്തുകള്‍ സ്പീകറുടെ വസതിയില്‍ വെച്ച് ഡികെ ശിവകുമാര്‍ വലിച്ചു കീറിയെന്ന് ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ അരോപിച്ചിരുന്നു. ഇതെല്ലാം ഡികെക്ക് ജനങ്ങള്‍ക്കിടയില്‍ താരപദവി ലഭിക്കാന്‍ കാരണമായിട്ടുണ്ട്.

അതേസമയം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുര്‍ ഖാര്‍ഗെയോ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയോ തന്നെ മുഖ്യമന്ത്രിയായേക്കും എന്ന സൂചനകളും വരുന്നുണ്ട്. ഖാര്‍ഗെയോ സിദ്ധരാമയ്യയോ മുഖ്യമന്ത്രിയായാല്‍ തങ്ങള്‍ രാജിവെക്കില്ലെന്ന് ചില വിമത എംഎല്‍എമാര്‍ ഉപാധിവച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 224 അംഗ കര്‍ണ്ണാടക നിയമസഭയില്‍ 113 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യം. 116 അംഗങ്ങളാണ് കോണ്‍ഗ്രസിനും ജെഡിഎസിനും ചേര്‍ന്നുള്ളത്. ഒരു ബിഎസ്പി അംഗത്തിന്റേയും ഒരു സ്വതന്ത്രന്റേയും പിന്തുണയും ഈ സഖ്യത്തിനുണ്ട്.

chandrika: