X

മന്ത്രിമാരെ തീരുമാനിക്കാന്‍ സിദ്ധരാമയ്യയും ശിവകുമാറും ഇന്ന് ഡല്‍ഹിക്ക്

ബംഗളൂരു: മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാറിനെയും തിരഞ്ഞെടുത്തതോടെ ഇനി  മന്ത്രിമാരെ നിശ്ചയിക്കാന്‍ ഇരുവരും വെള്ളിയാഴ്ച ഡല്‍ഹിക്ക് തിരിക്കും.

കെ.പി.സി.സി ഓഫിസില്‍ നടന്ന നിയമസഭകക്ഷി യോഗത്തില്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി നിര്‍ദേശിച്ച്‌ ശിവകുമാറാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയം ഐകകണ്ഠ്യേന പാസാക്കി തുടര്‍ന്ന് സിദ്ധരാമയ്യ, ശിവകുമാര്‍ അടക്കമുള്ള നേതാക്കള്‍ രാജ്ഭവനിലെത്തി സര്‍ക്കാര്‍ രൂപവത്കരണത്തിന് അവകാശമുന്നയിച്ച്‌ ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെഹ്ലോട്ടിന് കത്ത് കൈമാറി.

മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രിയായി ശിവകുമാറിനെയും ശനിയാഴ്ച സത്യപ്രതിജ്ഞക്ക് ക്ഷണിച്ച്‌ ഗവര്‍ണര്‍ മറുപടി നല്‍കി.

മന്ത്രിമാരുടെ കാര്യത്തില്‍ ഏകദേശ ധാരണയായിട്ടുണ്ടെന്നാണ് വിവരം. സാധ്യത പട്ടികയുമായി ഇരുവരും വെള്ളിയാഴ്ച ഡല്‍ഹിയിലെത്തി ഹൈകമാന്‍ഡുമായി ചര്‍ച്ച നടത്തും. എം.ബി. പാട്ടീലടക്കം എട്ടോളം പേര്‍ ലിംഗായത്ത് സമുദായത്തില്‍നിന്നും ശിവകുമാറിനെ കൂടാതെ കൃഷ്ണബൈരെ ഗൗഡ, ചലുവരായ സ്വാമി തുടങ്ങിയവര്‍ വൊക്കലിഗ വിഭാഗത്തിലുമായി പട്ടികയിലുണ്ട്.

ബ്രാഹ്മണ വിഭാഗത്തില്‍നിന്ന് ആര്‍.വി. ദേശ്പാണ്ഡെയും ദിനേശ് ഗുണ്ടുറാവുവുമാണുള്ളത്. മലയാളി എം.എല്‍.എ കെ.ജെ. ജോര്‍ജ് ക്രിസ്ത്യന്‍ പ്രതിനിധിയായി മന്ത്രിസഭയിലുണ്ടാവും. മുസ്‍ലിം വിഭാഗത്തില്‍നിന്ന് യു.ടി. ഖാദര്‍, എന്‍.എ. ഹാരിസ്, സമീര്‍ അഹമ്മദ് ഖാന്‍, തന്‍വീര്‍ സേട്ട്, കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റും എം.എല്‍.സിയുമായ സലിം അഹമ്മദ് എന്നിവരാണ് പട്ടികയിലുള്ളത്. ഇവരില്‍ നാലുപേര്‍ക്ക് മന്ത്രിപദവി ലഭിക്കുമെന്നാണ് സൂചന.

webdesk14: