X

പിതാവിന്റെ വഴിയേ അനുകരണകലയില്‍ വരവറിയിച്ച് ദിയ മെഹ്‌റിന്‍

കോഴിക്കോട്: പിതാവിന്റെ വഴിയേ അനുകരണകലയില്‍ വരവറിയിച്ച് ദിയ മെഹ്‌റിന്‍. ഹയര്‍ സെക്കന്ററി വിഭാഗം മിമിക്രിയിലാണ് എഗ്രേഡോടെ കൈയടിനേടിയത്. മഞ്ചേരി എച്ച്.എം.എസ്.എച്ച്.എസ്.എസ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ദിയ, പ്രളയത്തിന് ശേഷമുള്ള മലയാളിയുടെ ജീവിതക്രമമാണ് പ്രമേയമാക്കിയത്. ഇതോടൊപ്പം പക്ഷികളുടെ ശബ്ദങ്ങള്‍ക്ക് പുറമെ സിനിമകളില്‍വരുന്ന ശബ്ദ വ്യത്യാസങ്ങളും അനുകരിച്ചു.

പഴയകാലസിനിമയിലെ കുതിരയും ഡി.ടി.എച്ച് സംവിധാനത്തിലുള്ള സിനിമയിലെ കുതിരയുടെ കുളമ്പടി ശബ്ദവും ദിയ മെഹ്‌റിന്‍ കൃത്യതയോടെ അവതരിപ്പിച്ചു. മിമിക്രി കലാകാരനായ പിതാവ് ബറോസ് കൊടക്കാടനാണ് ദിയയെ പരിശീലിപ്പിക്കുന്നത്. മിമിക്രിയില്‍ പയറ്റിതെളിഞ്ഞ മലപ്പുറം ഗവ: ഗേള്‍സ് എച്ച്.എസ്.എസിലെ മലയാളം അധ്യാപകന്‍ ഉമ്മന്‍ചാണ്ടി, നടന്‍മാരായ മോഹന്‍ ലാല്‍, രതീഷ് അടക്കമുള്ളവരെ അനുകരിച്ച് വേദികളില്‍ തിളങ്ങിയിരുന്നു. എം.ജി, സംസ്‌കൃതം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ മത്സരങ്ങളില്‍ ഒന്നാംസ്ഥാനംനേടിയ ബറോസ്, മോണോ ആക്ടിലും പങ്കെടുത്തിട്ടുണ്ട്. മോഹന്‍ലാല്‍, മല്ലുസിംഗ് സിനിമകളിലും വേഷമിട്ടിട്ടുണ്ട്. അവസാനം അഭിനയിച്ച പത്തുമാസം എന്ന സിനിമ പ്രദര്‍ശനത്തിനൊരുങ്ങുകയാണ്.

സി.ബി.എസ്.ഇയില്‍ പഠിച്ചിരുന്ന മെഹ്‌റിനെ കഴിഞ്ഞവര്‍ഷമാണ് സംസ്ഥാനസിലബസിലേക്ക് മാറ്റിചേര്‍ത്തത്. ദിയ മെഹ്‌റിന്റെ സഹോദരി ഇഷ മെഹ്‌റിനും മിമിക്രി പരിശീലിക്കുന്നുണ്ട്. മൃഗങ്ങളുടെയും കിളികളുടേയും ശബ്ദം മനോഹരമായി അവതരിപ്പിക്കുന്ന ഈ ഏഴാംവയസുകാരി ജ്യേഷ്ഠത്തിയുടെ വഴിയേയാണ് സഞ്ചരിക്കുന്നത്. മാതാവ് റംല ബറോസ് അധ്യാപികയാണ്.

webdesk11: