X

ദിവ്യയുടെ ബിനാമി കമ്പനി’; കാർട്ടൺ പരസ്യ ബോർഡുകളിലും അഴിമതി, ഈടാക്കിയത് വൻ തുക

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യയുടെ ബിനാമി കമ്പനിയെന്ന് ആരോപണം നേരിടുന്ന കാര്‍ട്ടണ്‍ പരസ്യ ബോര്‍ഡുകളിലും അഴിമതി കാണിച്ചതായി ആക്ഷേപം. തദ്ദേശസ്ഥാപനങ്ങളിലെ പരസ്യബോര്‍ഡ് വച്ചതില്‍ വന്‍തുകയാണ് കാര്‍ട്ടണ്‍ കമ്പനി ഈടാക്കിയത്. 57,000 രൂപ മാത്രം ചെലവ് വരുന്ന ഒരു പരസ്യബോര്‍ഡ് 3 ലക്ഷം രൂപയ്ക്കാണ് കാര്‍ട്ടണ്‍ ചെയ്ത് നല്‍കിയത്. കണ്ണൂരിലുള്ള പല പഞ്ചായത്തുകളിലും പല കരാറുകളും എടുത്തിരിക്കുന്നത് കാര്‍ട്ടണാണ്.

പി.പി ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയതിനു ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകളില്‍ ദുരൂഹതയുണ്ടെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുകൊണ്ടുവന്നിരുന്നു. 2021 മുതല്‍ പ്രീ ഫാബ്രിക്കേറ്റ് നിര്‍മ്മാണങ്ങള്‍ ഒരൊറ്റ കമ്പനിക്കാണ് കിട്ടിയത്. മൂന്നുവര്‍ഷത്തിനിടെ കിട്ടിയത് 12 കോടിയിലേറെ രൂപയുടെ കരാറാണ്. പി പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍ഡ് ആയതിന് ശേഷമാണ് കമ്പനി രൂപീകരിച്ചത്. കമ്പനി എം.ഡി പി.പി ദിവ്യയുടെ ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ച് അംഗമാണ്.

വിവരാവകാശ രേഖകള്‍ അടക്കമുള്ള തെളിവുകള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചിരുന്നു. ഒരു കമ്പനിക്ക് മാത്രം കോടികളുടെ പ്രവര്‍ത്തികളാണ് കിട്ടുന്നത്. മോഡുലാര്‍ ടോയിലറ്റ്, കെട്ടിടങ്ങള്‍ എന്നിവയാണ് നിര്‍മാണം. പ്രീ ഫാബ്രിക്കേറ്റഡ് നിര്‍മാണ കരാര്‍ എടുക്കുന്നത് പൊതുമേഖലാ സ്ഥാപനമായ സില്‍ക്കാണ്. സില്‍ക്ക് ബൈ കോണ്‍ട്രാക്ടിന് ടെണ്ടര്‍ വിളിക്കും. ഈ ടെണ്ടര്‍ മൂന്ന് വര്‍ഷമായി ഒറ്റക്കമ്പനിക്കാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.

പി.പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍ഡ് ആയ ശേഷമാണിത്. ദിവ്യ ചുമതലയേറ്റ ശേഷമാണ് കമ്പനി തന്നെ രൂപീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്. മുഹമ്മദ് ആസിഫ് എന്നയാളാണ് കമ്പനിയുടെ എംഡി. ഇരിണാവ് സ്വദേശിയാണ് ഇയാള്‍. കമ്പനി രൂപീകരിച്ചതിന് ശേഷമാണ് ഇയാള്‍ക്ക് പാര്‍ട്ടി അംഗത്വം കിട്ടിയത്. 2021 ഓഗസ്റ്റ് 1-നാണ് കമ്പനി രൂപീകരിച്ചത്. മൂന്ന് കൊല്ലത്തിനിടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ മാത്രം നല്‍കിയത് 12 കോടിയിലേറെ രൂപയുടെ പ്രവര്‍ത്തികളാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

webdesk13: