ആലപ്പുഴ:അരൂക്കുറ്റി സി.പി.എമ്മിലെ വിഭാഗീയത ലോക്കൽ കമ്മിറ്റി വിഭജനത്തോടെ വീണ്ടും പുകയുന്നു. കുട്ടനാടിനെ വെല്ലുന്ന ഗ്രൂപ്പ് പ്രവർത്തനങ്ങളാണ് നിലവിൽ അരൂക്കുറ്റിയിൽ നടക്കുന്നത്. നിലവിലുണ്ടായിരുന്ന ലോക്കൽ കമ്മിറ്റി വിഭജിച്ച് വടുതല കേന്ദ്രീകരിച്ച് പുതിയ ലോക്കൽ കമ്മിറ്റി വന്നതോടെയാണ് വിഭാഗീയത രൂക്ഷമായത്. വിഭജിച്ച മാനദണ്ഡവും രീതിയും ശരിയായില്ലെന്നാരോപിച്ച് നൂറിലധികം പ്രവർത്തകർ സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകിയിരിക്കുകയാണ്.
പുതിയ ഏരിയ സെക്രട്ടറി വന്നതോടെ വെട്ടി നിരത്തൽ ആരംഭിച്ചിരിക്കുകയാണെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. ബ്രാഞ്ചുകളുടെ എണ്ണം കൂടിയതാണ് വിഭജനത്തിന് കാരണമെന്ന് പറയുന്നുണ്ടെങ്കിലും ഒരു വിഭാഗം അത് അംഗീകരിക്കുന്നില്ല.
അരൂക്കുറ്റിയെക്കാൾ കൂടുതൽ ബ്രാഞ്ചുകളുളള മറ്റ് ലോക്കൽ കമ്മിറ്റികൾ വിഭജിക്കാതെ അരൂക്കുറ്റിയെ മാത്രം വിഭജിക്കുന്നത് ഇഷ്ടക്കാരെ പ്രതിഷ്ഠിക്കാനും എതിർ പക്ഷക്കാരെ ഇല്ലാതാക്കാനുമാണെന്നാണ് ആരോപണം. കഴിഞ്ഞ പാർട്ടി സമ്മേളനത്തോടെ വിഭജിക്കാൻ തീരുമാനമെടുത്തെങ്കിലും വിഭാഗീയത രൂക്ഷമായതോടെ സംസ്ഥാന നേതൃത്വം ഇടപെട്ട് തൽസ്ഥിതി തുടരാനാവശ്യപ്പെടുകയായിരുന്നു.
സമ്മേളനത്തിൽ ചേരിതിരിഞ്ഞ് മത്സരം നടന്നതും അരൂക്കുറ്റി ലോക്കൽ കമ്മിറ്റിയിലായിരുന്നു.കഴിഞ്ഞ ജൂലൈയിൽ നടന്ന ഏരിയ കമ്മിറ്റിയിലാണ് വിഭജനം തീരുമാനിച്ചതെങ്കിലും പുതിയ ഏരിയ സെക്രട്ടറി വന്നതോടെയാണ് ജില്ലാ സെക്രട്ടറിയുടെ അംഗീകാരത്തോടെ തീരുമാനം നടപ്പാക്കിയത്. ഇതനുസരിച്ച് ഏരിയ കമ്മിറ്റി അംഗം കെ.ഡി. പ്രസന്നൻ സെക്രട്ടറിയായ വടുതല ലോക്കൽ കമ്മിറ്റി നിലവിൽ വന്നു. അരൂക്കുറ്റിയിൽ വിനു ബാബു സെക്രട്ടറിയായി തുടരുകയും ചെയ്യും.
നിലവിൽ ഒരു ക്ഷണിതാവുൾപ്പെടെ 16 ൽ ആറ് പേരെ കൂടി ഉൾപെടുത്തി ഇരു സ്ഥലത്തും 11 അംഗങ്ങളാകും. ഒരു വിഭാഗത്തിന്റെ എതിർപ്പ് ശക്തമായി നിലനിൽക്കെ മറ്റൊരു കുട്ടനാട് ആവർത്തിക്കുമോ എന്ന ആശങ്ക പാർട്ടി നേതൃത്വത്തിനുണ്ട്. വിഭജനം ഏകപക്ഷീയമാണെന്നും പാർട്ടിയെ തകർക്കുമെന്നും ചൂണ്ടിക്കാട്ടി 200 ഓളം അംഗങ്ങൾ പാർട്ടി വിടാൻ ഒരുങ്ങുകയാണെന്നും അടുത്ത് കൂടുന്ന ജനറൽ ബോഡിയിൽ രാജി സമർപ്പിക്കുമെന്നും സൂചനയുണ്ട്.