X

ഉത്തര്‍പ്രദേശ് ബി.ജെ.പിയില്‍ ഭിന്നത; സംസ്ഥാന അധ്യക്ഷന്‍ രാജിസന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്

ഉത്തര്‍പ്രദേശ് ബി.ജെ.പിയില്‍ നിര്‍ണായക നീക്കങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ ബി.ജെ.പിക്കേറ്റ കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്തം സംസ്ഥാന അധ്യക്ഷന്‍ ഭൂപേന്ദ്ര ചൗധരി ഏറ്റെടുത്തതായാണ് റിപ്പോര്‍ട്ട്.

ദേശീയ മാധ്യമമായ എന്‍.ഡി.ടിവിയും യു.പിയിലെ ചില പ്രാദേശിക ചാനലുകളുമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പാര്‍ട്ടിയുടെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭൂപേന്ദ്ര ചൗധരി രാജിസന്നദ്ധത അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ബി.ജെ.പിയില്‍ നിന്ന് ഇതുവരെ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. യു.പിയിലെ തോല്‍വിക്ക് പിന്നാലെ സംസ്ഥാന തലത്തില്‍ വലിയ പൊളിച്ചുപണികള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് പ്രധാന ചര്‍ച്ചകളാണ് ഇപ്പോള്‍ പ്രധാനമന്ത്രിയുടെയും അമിത് ഷായുടെയും നേതൃത്വത്തില്‍ ദല്‍ഹിയില്‍ നടക്കുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉത്തര്‍പ്രദേശിലെ പ്രധാന ബി.ജെ.പി നേതാക്കള്‍ രാജ്യതലസ്ഥാനത്ത് പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. നേരത്തെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഉത്തര്‍പ്രദേശ് ബി.ജെ.പി അധ്യക്ഷനുമായി പ്രധാന സംഘടനാ വിഷയങ്ങള്‍ പ്രധാനമന്ത്രി ചര്‍ച്ച ചെയ്തതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ നിന്ന് കരകയറാനും 2027ലെ സംസ്ഥാന തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാനും പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ള ഒരു നേതാവിനെ സംസ്ഥാന തലവനാക്കാന്‍ ബി.ജെ.പിക്ക് താത്പര്യമുണ്ടെന്നാണ് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നത്.

നേരത്തെ യു.പി മുഖ്യമന്ത്രി ഇല്ലാതെയാണ് പാര്‍ട്ടി ആസ്ഥാനത്ത് ജെ.പി നദ്ദയും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും കൂടിക്കാഴ്ച നടത്തിയത്. ഉത്തര്‍പ്രദേശ് ബി.ജെ.പി അധ്യക്ഷന്‍ ഭൂപേന്ദ്ര സിങ് ചൗധരിയോടൊപ്പം പാര്‍ട്ടി ഓഫീസിലെത്തിയ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ നദ്ദയുമായി മണിക്കൂറുകളോളമാണ് ചര്‍ച്ച നടത്തിയത്. യോഗിയെ ഒഴിവാക്കിയുള്ള ചര്‍ച്ചയാണ് വിവാദങ്ങള്‍ക്ക് ആക്കംകൂട്ടിയത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ കനത്ത തിരിച്ചടിയാണ് ബി.ജെ.പി ഏറ്റുവാങ്ങിയത്. 2019ല്‍ 62 സീറ്റുകള്‍ നേടിയ ബി.ജെ.പി ഇത്തവണ 33ലേക്കാണ് ചുരുങ്ങിയത്. സമാജ്വാദി പാര്‍ട്ടിയും, കോണ്‍?ഗ്രസും സംസ്ഥാനത്ത് വലിയ മുന്നേറ്റം നടത്തുകയും ചെയ്തു.

webdesk13: