X

വഴിത്തിരിവായ കല്‍ക്കത്ത കണ്‍വെന്‍ഷന്‍

ഖാസിമുല്‍ ഖാസിമി

1956 നവംബര്‍ 11ന് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ അധ്യക്ഷതയില്‍ എറണാകുളത്ത് ചേര്‍ന്ന മുസ്‌ലിം ലീഗ് പ്രതിനിധി സമ്മേളനത്തില്‍ വെച്ചാണ് പ്രഥമ കേരള സ്റ്റേറ്റ് മുസ്‌ലിം ലീഗ് കമ്മിറ്റി നിലവില്‍വരുന്നത്. കൃത്യം ഒന്‍പത് വര്‍ഷം മുമ്പ് 1947 നവംബര്‍ 11ന് കല്‍ക്കത്തയില്‍ ഇന്ത്യയിലെ മുസ്‌ലിം ജനപ്രതിനിധികളുടെയും പ്രമുഖരുടെയും കണ്‍വന്‍ഷന്‍ നടക്കുകയുണ്ടായി. ചരിത്രപ്രസിദ്ധമായ കല്‍ക്കത്ത കണ്‍വന്‍ഷന്‍ എന്ന് പിന്നീട് അറിയപ്പെട്ട ഈ സമ്മേളനം വിളിച്ചുകൂട്ടിയത് എച്ച്.എസ് സുഹ്രവര്‍ദി എന്ന മുസ്‌ലിം ലീഗ് നേതാവാണ്.

കല്‍ക്കത്ത കോര്‍പറേഷന്‍ മുന്‍ മേയറും മുസ്‌ലിം ലീഗ് നേതാവുമായ അബ്ദുറഹ്മാന്‍ സിദ്ദീഖി, ഇസെഡ്.എച്ച് ലാരി മുതലായവരാണ് കല്‍ക്കത്തയില്‍ വിളിച്ചുചേര്‍ത്ത കണ്‍വന്‍ഷന് നേതൃത്വം നല്‍കിയത്. രാഷ്ട്രീയ ഇന്ത്യ ഏറെ ആകാംക്ഷയോടെയാണ് കല്‍ക്കത്ത കണ്‍വന്‍ഷനെ കാത്തിരുന്നത്. ഹസ്രത്ത് മൊഹാനി അടക്കം ഇന്ത്യന്‍ യൂണിയനിലെ വിവിധ പ്രവിശ്യകളില്‍ നിന്നുള്ള പ്രതിനിധികള്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തിരുന്നു. ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മയില്‍ സാഹിബും കെ.എം സീതിസാഹിബുമാണ് മലബാര്‍ ഉള്‍പ്പെടുന്ന മദ്രാസ് പ്രവിശ്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. നവംബര്‍ 10,11 തിയതികളിലായിരുന്നു സമ്മേളനമെങ്കിലും ഇരുവര്‍ക്കും പത്തിന് എത്താന്‍ കഴിഞ്ഞിരുന്നില്ല. 11ാം തീയതി ചര്‍ച്ചകള്‍ പുരോഗമിച്ച്‌കൊണ്ടിരിക്കെയാണ് ഖാഇദെമില്ലത്തും സീതിസാഹിബും ഹാളിലേക്ക് കയറിവരുന്നത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് അധിക കാലമായിട്ടില്ല. സ്വാതന്ത്ര്യസമര തീച്ചൂളയില്‍ മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നതിനാല്‍ ബന്ധങ്ങളൊക്കെ അറ്റ്‌പോയിരുന്നു. അത് പുതുക്കാനുള്ള അവസരം കൂടിയാണിത്. കുശലാന്വേഷണങ്ങള്‍ ചുരുക്കി അവര്‍ ചര്‍ച്ചകളില്‍ സജീവമായി. കാര്യത്തിന്റെ പോക്ക് പന്തിയല്ലെന്ന് മനസിലാക്കിയ ഇരുനേതാക്കളും എന്തോ ഉറപ്പിച്ച മട്ടില്‍ ചെറുതായൊന്ന് ആശയ വിനിമയം നടത്തി. ശേഷം നിശ്ചയ ദാര്‍ഢ്യത്തിന്റെ പ്രതീകമായ സീതി സാഹിബ് ഇരിപ്പിടത്തില്‍ ഗംഭീര പ്രസംഗം തന്നെ നടത്തി. ഉറച്ച പിന്തുണ നല്‍കി താത്വികമായി ഖാഇദെമില്ലത്തും സംസാരിച്ചു. കണ്‍വന്‍ഷന്‍ ഹാള്‍ മൂകമാവാന്‍ തുടങ്ങി. മുസ്‌ലിംലീഗ് പിരിച്ചുവിടുക എന്നാല്‍ മൊത്തം മുസ്‌ലിം സമുദായത്തിന്റെ മരണ വാറന്റില്‍ ഒപ്പ് വെക്കലായിരിക്കുമെന്ന് ഖാഇദെമില്ലത്ത് ഓര്‍മ്മപ്പെടുത്തി.

ആ സമ്മേളനത്തിന് കല്‍ക്കത്തക്ക് പോകാന്‍ ഇസ്മായില്‍ സാഹിബ് മദ്രാസ് സ്റ്റേഷനിലെത്തിയത് വളരെ വൈകിയാണ്. സീതിസാഹിബ് വണ്ടിയില്‍ കയറി ഏറെ കഴിഞ്ഞിട്ടും ഖാഇദെമില്ലത്തിനെ കണ്ടില്ല. അദ്ദേഹത്തിന് ആധിയായി. വണ്ടി പുറപ്പെട്ടു തുടങ്ങിയപ്പോഴാണ് ഇസ്മാഇല്‍ സാഹിബ് ഓടിക്കിതച്ച് എത്തിയത്. അതോടെ ആധി ചെറിയ നീരസത്തിലേക്ക് വഴിമാറി. സമയത്തിന് വന്നാല്‍ ഇങ്ങനെ ധൃതിപ്പെടേണ്ടി വരില്ലായിരുന്നുവെന്നു പറഞ്ഞ സീതിസാഹിബിനോട് കിതപ്പ് മാറിയശേഷം ഇസ്മാഇല്‍ സാഹിബ് പറഞ്ഞു. ‘സമുദായത്തോടുള്ള കടപ്പാടോര്‍ത്താണ് ഞാന്‍ വന്നത്. സാധാരണ ഗതിയില്‍ ഞാന്‍ വരാന്‍ തന്നെ പാടില്ലായിരുന്നു. പുറപ്പെടാന്‍ നേരം ഭാര്യ ഒന്നു വീണു. കലശലായ വേദന കൊണ്ട് പുളയുകയാണ്. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അയല്‍വാസികളോട് അഭ്യര്‍ത്ഥിച്ചാണ് ഇറങ്ങിയത്. അപ്പോഴേക്കും ട്രെയിന്‍ വിടാന്‍ സമയമായി’. ഇത് കേട്ട് സ്‌നേഹനിധിയായ സീതിസാഹിബിന്റെ കണ്ണുകള്‍ നിറഞ്ഞു.
1948 മാര്‍ച്ച് പത്തിന് മദ്രാസിലെ രാജാജി ഹാളില്‍ ചേര്‍ന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് രൂപീകരണത്തിനു വഴിവെച്ചത് കല്‍ക്കത്തയില്‍ ചേര്‍ന്ന കണ്‍വന്‍ഷനാണ്. ആ അര്‍ത്ഥത്തില്‍ മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയചരിത്രത്തില്‍ കല്‍ക്കത്ത കണ്‍വന്‍ഷനും ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിനും കെ. എം സീതി സാഹിബിനും നിര്‍ണായക പങ്കാണുള്ളത്.

 

 

Test User: