ചേര്‍ത്തല: കോണ്‍ഗ്രസ് മുന്‍ വാര്‍ഡ് പ്രസിഡന്റ് കെ.എസ് ദിവാകരന്‍ വധക്കേസില്‍ സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറിക്ക് വധശിക്ഷ. കേസിലെ ആറാം പ്രതി ആര്‍.ബൈജുവിനെതിരെയാണ് വധശിക്ഷക്കു ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടത്. മറ്റ് അഞ്ച് പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷക്കു വിധിച്ചു. ചേര്‍ത്തല ചേപ്പിലപ്പൊഴി വി.സുജിത് (38), കോനാട്ട് എസ്.സതീഷ്‌കുമാര്‍ (38), പി.പ്രവീണ്‍ (32), വാവള്ളി എം.ബെന്നി (45), ചൂളക്കല്‍ എന്‍.സേതുകുമാര്‍ (45) എന്നിവര്‍ക്കാണ് ജീവപര്യന്തം. ഇതില്‍ സേതുകുമാര്‍ പ്രമുഖ മലയാളി നടിയുടെ ഡ്രൈവറാണ്.
2009 നവംബര്‍ 29ന് വീടു കയറി ദിവാകരനെ ആക്രമിച്ചു കൊലപ്പെടുത്തിയെന്നാണ് ഇവര്‍ക്കെതിരായ കേസ്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
കയര്‍ കോര്‍പ്പറേഷന്റെ വീട്ടിലൊരു കയര്‍ ഉല്‍പ്പന്നം പദ്ധതിയുടെ ഭാഗമായി കയര്‍ തടുക്ക് വില്‍ക്കാന്‍ ദിവാകരന്റെ വീട്ടില്‍ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയെങ്കിലും വില കൂടുതലാണെന്ന കാരണം കാട്ടി അതു വാങ്ങിയില്ല.
മുന്‍കയര്‍ ഫാക്ടറി തൊഴിലാളിയായ തനിക്ക് തുകയെക്കുറിച്ച് നന്നായി അറിയാമെന്ന് ദിവാകരന്‍ വാദിച്ചു. എന്നാല്‍ തടുക്ക് കൊണ്ടുവന്നവര്‍ അത് നിര്‍ബന്ധപൂര്‍വം അവിടെ വെച്ചിട്ടുപോയി.
അന്ന് ഉച്ചക്ക് വാര്‍ഡ്‌സഭയില്‍ ദിവാകരന്റെ മകന്‍ ദിലീപ് ഇക്കാര്യമുന്നയിക്കുകയും തര്‍ക്കങ്ങള്‍ക്കിടയാവുകയും ചെയ്തു. ഇതിന്റെ വൈരാഗ്യത്തില്‍ രാത്രി വീടാക്രമിച്ചുവെന്നാണ് കേസ്. ദിവാകരനു പുറമെ അക്രമം തടയാന്‍ ശ്രമിച്ച ദിലീപിനെയും ഭാര്യ രശ്മിയെയും അക്രമി സംഘം മര്‍ദിച്ചു.
ദിവാകരന്റെ തലക്കാണ് അടിയേറ്റത്. ചേര്‍ത്തല ഗവ.താലൂക്ക് ആസ്പത്രിയിലും കോട്ടയം മെഡിക്കല്‍ കോളജ് ആസ്പത്രിയിലും ചികിത്സ തേടിയെങ്കിലും ഡിസംബര്‍ ഒമ്പതിന് ദിവാകരന്‍ മരിച്ചു.
വ്യാജ വിസ കേസില്‍ നേരത്തെ അറസ്റ്റിലായ ബൈജു വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഇപ്പോള്‍ റിമാന്റിലാണ്. നടിയുടെ ഡ്രൈവറായ സേതുകുമാര്‍ എറണാകുളത്ത് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസിലും പ്രതിയാണ്.