കണ്ണൂര്‍: നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ കണ്ണൂരില്‍ ജില്ലാ ആസ്ഥാനം വീണ്ടെടുത്ത് സി.എം.പി. തിരികെ ലഭിച്ച ആസ്ഥാനത്ത് പാര്‍ട്ടി പതാക ഉയര്‍ത്തി. സി.പി.എം തന്ത്രങ്ങള്‍ക്കും കനത്ത ആഘാതമായാണ് സി.എം.പി ജില്ലാ ആസ്ഥാനം പാര്‍ട്ടി വീണ്ടെടുത്തത്.
സി.പി.എമ്മിന്റെ സാന്ത്വന പരിചരണ സംഘടനയ്ക്ക് ആസ്ഥാനമായി കണ്ണൂര്‍ യോഗശാല റോഡിലെ സി.എം.പി ജില്ലാ ആസ്ഥാനം കയ്യേറുകയായിരുന്നു.
സി.പി.എം നടപടിക്കെതിരെ സി.എം.പി കലക്ടര്‍ക്കും എസ്.പിക്കും പരാതി നല്‍കിയിരുന്നു. പാര്‍ട്ടിയിലെ ഇരു വിഭാഗങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന അവകാശ തര്‍ക്ക കേസ് കോടതിയില്‍ നില്‍ക്കെയാണ് സി.എം.പി ആസ്ഥാനം സി.പി.എം കയ്യേറിയത്. തൊട്ടുപിന്നാലെ സി.പി.എം സാന്ത്വന പരിചരണ കേന്ദ്രമെന്നോളം തങ്ങളുടെ പാര്‍ട്ടി തല പ്രവര്‍ത്തനം തന്നെ തുടങ്ങുകയായിരുന്നു.
സി.എം.പി രണ്ടായി പിളര്‍ന്നതോടെയാണ് ജില്ലാ ആസ്ഥാനവുമായി ബന്ധപ്പെട്ട് അവകാശ തര്‍ക്കം ഉയരുന്നത്. ഇ.പി കൃഷ്ണന്‍ നമ്പ്യാര്‍ സ്മാരക മന്ദിരം അരവിന്ദക്ഷ വിഭാഗം പിടിച്ചെടുത്തിരുന്നു. ഇതിനെതിരെ സി.പി.ജോണ്‍ വിഭാഗം കോടതിയെ സമീപിച്ചു. കേസ് കണ്ണൂര്‍ സബ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് സാന്ത്വന പരിചരണ സംഘടനയുടെ മറവില്‍ സി.പി.എം ആസ്ഥാനം കയ്യേറിയത്. തുടര്‍ന്ന് സാന്ത്വന പരിചരണ കേന്ദ്രം ചെയര്‍മാന്‍ പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. ജില്ലാ ആസ്ഥാനം കൈവശപ്പെടുത്തിയ സി.പി.എമ്മിന്റെ ധിക്കാരപരമായ നടപടിക്കെതിരെയും നിയമ പോരാട്ടത്തിലായിരുന്നു സി.പി ജോണ്‍ ഉള്‍പ്പെടെ സി.എം.പി നേതാക്കള്‍. നേരത്തെ കോടതിയിലുണ്ടായിരുന്ന കേസില്‍ സി.എം.പിക്ക് അനുകൂലമായി വിധിയുണ്ടായെങ്കിലും ചില കടമ്പകള്‍ മാത്രമായിരുനന്നു ബാക്കിയുണ്ടായിരുന്നത്.
കോടതി വിധിക്ക് ശേഷം ദീർഘനാളത്തെ നിയമ പോരാട്ടത്തിന് ശേഷമാണ്
സി.എം.പി കണ്ണൂർ ജില്ലാ ആസ്ഥാനമായ ഇ.പി സ്മാരക മന്ദിരം പാര്‍ട്ടിക്ക് തിരിച്ചുകിട്ടിയത്. 2014 മാർച്ച് 22നാണ് പാർട്ടി പിളര്‍ത്തി പുറത്തുപോയവർ ഗുണ്ടകളെ കൂട്ടുപിടിച്ച് സി.എം.പി നേതാവ് സി.എ അജീർ ഉള്‍പ്പെടെയുള്ളവരെ മർദിച്ച് ഓഫീസ് പിടിച്ചെടുത്തത്.10 വർഷത്തിന് ശേഷമാണ് ജില്ലാ ആസ്ഥാനം സി.എം.പിക്ക് ലഭിക്കുന്നത്. തിരിച്ചുകിട്ടിയ പാര്‍ട്ടി ആസ്ഥാനത്ത് സി.എ അജീർ പതാക ഉയർത്തി. തുടര്‍ന്ന് ജില്ലാ കൗൺസിൽ യോഗവും ചേർന്നു.