X

കോല്‍ഗര്‍മ പള്ളിക്കു നേരെ ആക്രമണം; പ്രതികളെ പിടികൂടുമെന്ന് മുസ്‌ലിംലീഗ് സംഘത്തിന് ജില്ലാ കലക്ടറുടെ ഉറപ്പ്

കോല്‍ഗര്‍മ പള്ളിക്കു നേരെ ആക്രമണം നടത്തിയവരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനു മുമ്പില്‍ കുടില്‍കെട്ടി സമരം നടത്തുന്ന ഗ്രാമവാസികള്‍

റാഞ്ചി: ജാര്‍ഖണ്ഡിലെ കോടര്‍മ ജില്ലയിലെ കോല്‍ഗര്‍മ പള്ളിക്കു നേരെ സംഘപരിവാര്‍ ആക്രമണം. വെള്ളിയാഴ്ച രാത്രിയാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചു വിട്ടത്. പള്ളികള്‍ക്ക് നേരെ പടക്കമെറിഞ്ഞ് ഭീതി സൃഷ്ടിച്ച് നമസ്‌കാരത്തിനെത്തിയവരെ മര്‍ദിച്ചു. പിന്നീട് വീടുകള്‍ക്കു നേരെയും കല്ലേറും അക്രമവും തുടങ്ങി. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ഗ്രാമവാസികള്‍ ടെന്റ് കെട്ടി കുത്തിയിരിപ്പ് സമരം നടത്തി.
മുസ്്‌ലിംലീഗ് ഉത്തരേന്ത്യന്‍ റിലീഫ് സംഘമെത്തി ആവശ്യമായ സഹായം നല്‍കി. പൊലീസ് സ്‌റ്റേഷന്‍ പരിസരത്തു നോമ്പു തുറക്കുള്ള സൗകര്യവും ഏര്‍പ്പാടാക്കി. ഗ്രാമവാസികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമര പന്തലില്‍ തങ്ങിയ മുസ്‌ലിം ലീഗ് പ്രതിനിധികളുമായും ഗ്രാമവാസി പ്രതിനിധികളുമായും മറ്റു പ്രാദേശിക നേതാക്കളുമായും കോഡര്‍മാ ജില്ലാ കലക്ടര്‍ ബുവനേഷ് പ്രസാദ് ചര്‍ച്ച നടത്തി.
ഗ്രാമത്തില്‍ അക്രമം അഴിച്ചു വിട്ടവരെ രണ്ടു ദിവസത്തിനകം അറസ്റ്റ് ചെയ്യാമെന്നും രണ്ട് ദിവസം പൂര്‍ണ സുരക്ഷ ഗ്രാമത്തില്‍ ഉറപ്പാക്കാമെന്നും ജില്ലാ കലക്ടര്‍ ഉറപ്പ് നല്‍കിയത് കാരണം ഗ്രാമവാസികള്‍ ഗ്രാമത്തിലേക്ക് പൊലീസ് സഹായത്താല്‍ മടങ്ങാന്‍ തയ്യാറായി. മുസ്‌ലിം ലീഗ് ജാര്‍ഖണ്ഡ് ജനറല്‍ സെക്രട്ടറി മുഹമ്മദ് സാജിദ് ആലം, ലത്തീഫ് രാമനാട്ടുകര, ഷാനുല്‍ ഹഖ് ഹസാരിബാഗ്, ഇര്‍ഫാന്‍ ഖാന്‍ റാഞ്ചി, റഷീദ് മൂര്‍ക്കനാട്, ഖയ്യൂം രാംഗഡ്, അബ്ദുല്‍ ബാസിത് ഹസാരിബാഗ്, തവാബ് ഖാന്‍, സലിം കൊരിടി എന്നിവര്‍ കലക്ടര്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുത്തു.

chandrika: