X

എലപ്പുള്ളിയിലെ മദ്യനിര്‍മാണശാല: തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി, എതിര്‍പ്പറിയിച്ച് സിപിഐയും ആര്‍ജെഡിയും

പാലക്കാട് എലപ്പുള്ളിയില്‍ മദ്യനിര്‍മാണശാലയുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം സര്‍ക്കാര്‍ തിരുമാനിച്ചതാണെന്നും മുഖ്യമന്ത്രി എല്‍ഡിഎഫ് യോഗത്തില്‍ അറിയിച്ചു. എംഎന്‍ സ്മാരകത്തില്‍ ചേര്‍ന്ന യോഗത്തില്‍ സിപിഐ എതിര്‍പ്പറിയിച്ചെങ്കിലും നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു.

യോഗത്തില്‍ മറ്റൊരു ഘടകകക്ഷിയായ ആര്‍ജെഡിയും ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയെങ്കിലും പിന്നോട്ടില്ലെന്ന നിലപാടിലാണ് സിപിഎമ്മും മുഖ്യമന്ത്രിയും. മദ്യനിര്‍മാണശാല തുടങ്ങുന്നതിനെ സിപിഐയും ആര്‍ജെഡിയും ഒഴികെ എല്ലാ ഘടകകക്ഷികളും പിന്തുണയ്ക്കുകയായിരുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തെ മദ്യനയം സംബന്ധിച്ച ചര്‍ച്ചകളൊന്നും യോഗത്തില്‍ ഉണ്ടായില്ല.

യോഗം രണ്ടുമണിക്കൂറിലേറെ നീണ്ടു. വെള്ളത്തിന്റെ പ്രശ്നമാണ് സിപിഐയും ആര്‍ജെഡിയും പ്രധാനമായി ചൂണ്ടിക്കാട്ടിയത്. മദ്യനിര്‍മാണശാല വിഷയത്തില്‍ കുടിവെള്ളം ഉള്‍പ്പെടെ ഉറപ്പുവരുത്തണമെന്നു യോഗം തീരുമാനിച്ചു.

സംസ്ഥാനത്തു കൂടുതല്‍ തൊഴില്‍ സാധ്യത സൃഷ്ടിക്കുന്നതാണ് പദ്ധതിയെന്നു മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ തീരുമാനമെടുത്ത സ്ഥിതിക്കു പിന്നോട്ടുപോകാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടെ പ്ലാന്റുമായി മുന്നോട്ടുപോകാന്‍ ഇടതുമുന്നണി യോഗത്തില്‍ ധാരണയാകുകയായിരുന്നു.

webdesk13: