X

പിണറായിയില്‍ നിന്ന് പി.സി ജോര്‍ജിലേക്കുള്ള ദൂരം- ലുഖ്മാന്‍ മമ്പാട്

ലുഖ്മാന്‍ മമ്പാട്

‘അരിയും മലരും വാങ്ങിച്ച്, വീട്ടില്‍ കാത്ത് വെച്ചോളൂ… കുന്തിരിക്കം മേടിച്ച്, വീട്ടില്‍ കാത്ത് വെച്ചോളൂ… വരുന്നുണ്ടട വരുന്നുണ്ടട നിന്റെയൊക്കെ കാലന്മാര്‍…’ കഴിഞ്ഞ 21ന് ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ റാലിയില്‍ മുഴങ്ങിക്കേട്ട മുദ്രാവാക്യമാണ്. സി.പി.എമ്മുകാര്‍ (മുസ്‌ലിം വ്യക്തികളോ സംഘടനകളോ അല്ല) വിദ്യാര്‍ഥികള്‍ക്ക് മുമ്പിലിട്ട് വെട്ടിക്കൊന്ന യുവമോര്‍ച്ച നേതാവ് പാനൂര്‍ കെ.ടി ജയകൃഷ്ണന്‍ മാസ്റ്ററുടെ ഓര്‍മ ദിനത്തില്‍ കഴിഞ്ഞ ഡിസംബര്‍ ഒന്നിന് തലശേരിയില്‍ ആര്‍.എസ്.എസ് ഉയര്‍ത്തിയ മുദ്രാവാക്യം ഇങ്ങനെയാണ്: ‘അഞ്ചു നേരം നമസ്‌കരിക്കാന്‍ പള്ളികളൊന്നും കാണില്ല, ബാങ്കു വിളിയും കേള്‍ക്കില്ല, നമസ്‌കാരത്തിന് തൊപ്പി ധരിക്കാന്‍, തലകള്‍ പലതും കാണില്ലാ…’ രണ്ടു മുദ്രാവാക്യങ്ങളും ചാനലുകളും സോഷ്യല്‍ മീഡിയകളും ഏറ്റുപിടിച്ച് നാടാകെ വിഷം തെളിച്ചപ്പോഴും കുറുക്കന്റെ കൗശലത്തോടെ സര്‍ക്കാര്‍ ഊറിച്ചിരിച്ച് നടപടിയെടുക്കാതെ കൈയ്യടിക്കുന്നു. അപ്പോള്‍ ചോദ്യം ഇതാണ്, പോപ്പുലര്‍ ഫ്രണ്ടിന്റെ ആരായിട്ടുവരും ആര്‍.എസ്.എസ്. ഒരേ നാണയത്തിന്റെ ഇരു വശങ്ങള്‍ എന്നൊക്കെ പറയാന്‍ വരട്ടെ. രണ്ടും വലുപ്പത്തിലും പ്രഹര ശേഷിയിലും അജഗജാന്തരമുള്ള സംഘടനകളാണ്. അതുകൊണ്ട് ഇരു വശങ്ങളുള്ള സംഘടനകളാണ് രണ്ടുമെന്ന് പറഞ്ഞുവെക്കാം; ഒരു വശം പുരോഗമനച്ചിരിയും മറുവശം വിദ്വേശ ആക്രോശവും. മുസ്‌ലിംകളാദി പിന്നാക്കക്കാര്‍ക്ക് ആഴത്തില്‍ മുറിവേല്‍പ്പിക്കാനും ശല്യം ചെയ്യാനും കൂടുതല്‍ കഴിയുന്നത് പോപ്പുലര്‍ ഫ്രണ്ടിനാണോ ആര്‍.എസ്.എസിനാണോ എന്നത്, ഇതുവരെ ഭീരുക്കളെ മാത്രം അഭിസംബോധന ചെയ്ത എനിക്ക് ധീരന്മാരോട് പ്രസംഗിക്കാന്‍ കഴിഞ്ഞുവെന്ന് ആലപ്പുഴയില്‍ എരിതീയില്‍ എണ്ണയൊഴിച്ച പണ്ഡിത വേഷധാരികളെങ്കിലും പഠന വിധേയമാക്കണം.

ബാബരി മസജിദ് തകര്‍ക്കപ്പെട്ടതോടെ ആര്‍.എസ്.എസിനെയും സിമിയെയും നിരോധിച്ച കാലം. വര്‍ഷം 1993. കോഴിക്കോട് മുതലക്കുളത്ത് ആയിരങ്ങള്‍ പങ്കെടുത്ത സമ്മേളനത്തില്‍ വെച്ച് ആ സംഘടനയുടെ പേര് പ്രഖ്യാപിച്ചു. നാഷണല്‍ ഡവലപ്‌മെന്റ് ഫ്രണ്ട്. സമ്മേളന ഉദ്ഘാടകന്‍ സാക്ഷാല്‍ സുകുമാര്‍ അഴീക്കോട്. മുസ്‌ലിംലീഗിനെ പ്രതിനിധീകരിച്ച് എം.ഐ തങ്ങള്‍ സമ്മേളനത്തില്‍ പ്രസംഗിച്ചത് ഇങ്ങനെയായിരുന്നു: ‘വിവിധ ജില്ലകളില്‍ കൈമയും പൈമയും മൈമയുമായി രൂപപ്പെട്ടവര്‍ കോഴിക്കോട് നഗരത്തില്‍ ആകസ്മികമായി ഇങ്ങനെ ഒത്തുകൂടിയതാണെന്ന് വിചാരിക്കാന്‍ പ്രയാസമുണ്ട്. ഒരേ ഭാവരൂപചലനങ്ങളോടെ കേഡര്‍ സ്വഭാവത്തോടെയുള്ളതുമായ എന്‍.ഡി.എഫ് എന്ന് പേരു വിളിക്കപ്പെട്ട ഈ സംഘടനക്ക് പിന്നില്‍ നിഗൂഢ ലക്ഷ്യങ്ങളുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.’

അന്ന് പലരും, എം.ഐ തങ്ങളെ കല്ലെറിയാനും ഒറ്റപ്പെടുത്താനും പിന്തിരിപ്പന്‍മാരാക്കാനും രംഗത്തുവന്നു. സുതാര്യമല്ലാത്ത നിഗൂഢ ശക്തികള്‍ക്കെതിരെ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും മുസ്‌ലിംലീഗും അചഞ്ചലമായി നിലകൊണ്ടു. സിമിയുടെ കേരള സംസ്ഥാന ഓഫീസ് പ്രവര്‍ത്തിച്ച കോഴിക്കോട് ചെറൂട്ടി റോഡിലെ ഇസ്‌ലാമിക് സെന്ററായ അതേ റൂമില്‍ സിമിയുടെ സംസ്ഥാന നേതാക്കളായ അഷ്‌റഫ് ബിന്‍ അലി, പ്രൊഫ. പി കോയ, ഇ.എം അബ്ദുറഹിമാന്‍, ഇ.എം അബൂബക്കര്‍ തുടങ്ങിയവര്‍ എന്‍. ഡി.എഫിന്റെ കുപ്പായമിട്ട് എത്തിയപ്പോഴും ആശയപരമായി മതരാഷ്ട്ര വാദത്തിന്റെ അടിത്തറ കോട്ടം തട്ടാതെ സംരക്ഷിക്കാനായിരുന്നു ശ്രമിച്ചത്. പള്ളിക്കാടുകളില്‍ അരണ്ട വെളിച്ചത്തില്‍ ഇറാനിലെ ഇസ്‌ലാമിക വിപ്ലവവും ഇമാം ഖുമൈനിയും പറഞ്ഞ് പ്രചോദിപ്പിച്ചും ബാബരി തകര്‍ച്ചയുടെ പശ്ചാത്തലത്തെ കൂടുതല്‍ കറുപ്പ് ചായമടിച്ച് പേടിപ്പിച്ചും യുവത്വത്തെ വശീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ നിരോധിക്കപ്പെട്ട ഐ.എസ്.എസുകാരും കൂടെ കൂടി.

തൊട്ടടുത്ത വര്‍ഷം മഞ്ചേരി സഭാഹാളില്‍ മുസ്‌ലിം യൂത്ത്‌ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘വഴി തെറ്റുന്ന ജിഹാദ്’ എന്ന സെമിനാറിലേക്ക് എല്ലാ മതസാമുദായിക സംഘടനകളെയും ക്ഷണിച്ചു. കൂട്ടത്തില്‍ എന്‍.ഡി.എഫിന്റെ പ്രതിനിധിയെയും പങ്കെടുപ്പിച്ച് അവര്‍ പറയുന്നത് കേള്‍ക്കാനും തയ്യാറായി. അന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൊരമ്പയില്‍ അഹമ്മദ് ഹാജി ഉദ്ഘാടന പ്രസംഗത്തിലും തുടര്‍ന്ന് വിഷയം അവതരിപ്പിച്ച എം.ഐ തങ്ങളും ഊന്നിപറഞ്ഞത് ഇങ്ങനെയായിരുന്നു: ‘ഇന്ത്യയിലെ മുസ്‌ലിംകളുടെ പ്രശ്‌നം ഭരണഘടനാപരമായും ജനാധിപത്യ രീതിയിലും പരിഹരിക്കണം, ബാലറ്റിലൂടെയാണ് നമ്മള്‍ പോരാടേണ്ടത്. അതാണ് പ്രതിരോധ മാര്‍ഗം…’ പിന്നീട് സംസാരിച്ച എന്‍.ഡി.എഫിന്റെ മാസ്റ്റര്‍ ബ്രെയിനായ കോയ പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘ബാലറ്റിലൂടെയാണ് പ്രതിരോധിക്കേണ്ടതെന്നാണ് മുസ്‌ലിംലീഗ് നേതാക്കള്‍ ഇവിടെ പറഞ്ഞത്. എത്ര ആലോചിച്ചിട്ടും അതെങ്ങിനെയാണെന്ന് എനിക്ക് മനസ്സിലായില്ല. എന്നാല്‍, ചെറിയൊരു സാധ്യതയുണ്ട്. ആര്‍.എസ്.എസുകാരന്‍ കൊല്ലാന്‍ വരുമ്പോള്‍ ബാലറ്റ് ബോക്‌സ് കൊണ്ട് ഒരു പരിചയായി അതിനെ തടുക്കാം. തിരഞ്ഞെടുപ്പും വോട്ടുമല്ല, പ്രതിരോധത്തിന്റെ മാര്‍ഗം…’

ദേശീയ വികസന മുന്നണി (എന്‍.ഡി.എഫ്) എന്ന് പേരിട്ടവര്‍ മൗദൂതിയുടെ ‘ദൈവത്തിന്റെ ഭൂമിയില്‍ ദൈവത്തിന്റെ വ്യവസ്ഥ, ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ’ എന്ന ആത്മാവില്‍ ഇറാനിലെ ഖുമൈനിയുടെ ‘ഖൂനൂ അന്‍സാറുള്ളയും’ ആദര്‍ശാടിത്തറ സ്വീകരിച്ചത് വേഗം മനസിലാക്കാന്‍ കേരളത്തിലെ മുസ്‌ലിം നേതൃത്വത്തിനായി. ഇതേ എന്‍.ഡി.എഫ് പല പേരുകളില്‍ പല കുപ്പികളില്‍ പോപ്പുലര്‍ ഫ്രണ്ടായും എസ്.ഡി.പി.ഐയായും പ്രച്ഛന്ന വേഷമാടുമ്പോഴും കൈവെട്ടും തലവെട്ടുമാണ് പ്രതിരോധത്തിന്റെ മാര്‍ഗങ്ങളെന്ന് വിചാരിക്കാതെ തരമില്ലല്ലോ. ഗുജറാത്ത് നിങ്ങള്‍ മറക്കേണ്ട… ഗുജറാത്ത് നിങ്ങള്‍ മറക്കേണ്ട എന്ന് ആര്‍.എസ്.എസുകാരന്‍ മുദ്രാവാക്യം വിളിക്കുമ്പോള്‍ ആവേശച്ചുമലിലേറിയ ബാലന്മാര്‍ ഗുജറാത്ത് ഞങ്ങള്‍ മറക്കൂല… ഗുജറാത്ത് ഞങ്ങള്‍ മറക്കൂല… എന്ന് ചേരും പടി ചേര്‍ക്കുമ്പോള്‍ മുസ്‌ലിമിനെ സ്വന്തം സഹോദരനായി കാണുന്ന ഹൈന്ദവന്റെ മനസിലേക്കു സംശയത്തിന്റെ മരുന്നിടാന്‍ പി.സി ജോര്‍ജിനേക്കാള്‍ എളുപ്പം കഴിയുക എന്‍.ഡി.എഫ് പുത്രന്മാര്‍ക്ക് തന്നെയാവും.

കേരളത്തിലെ മദ്രസകളിലെ ഉസ്താദുമാര്‍ക്ക് പ്രതിമാസം 22,000 രൂപ സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്നുവെന്നു മുസ്‌ലിംലീഗിനെ കൂട്ടിക്കെട്ടി കള്ളം പ്രചരിപ്പിക്കുമ്പോള്‍ വാ തുറക്കാതെ മൗനം പാലിച്ച് സംഘ്പരിവാറിനും ക്രിസംഘിക്കും വളംവെച്ച അന്നത്തെ വകുപ്പ് മന്ത്രി കെ.ടി ജലീലും ഒരു മുന്‍ സിമിക്കാരനാണ്. ജനം ടി.വി ഇതിനെ ഒന്നുകൂടി രാഗി മിനുക്കി, കേരളത്തില്‍ 23000 മദ്രസകളുണ്ടെന്നും അതില്‍ പതിനായിരക്കണക്കിന് അധ്യാപകരുണ്ടെന്നും അവര്‍ക്ക് മണിക്കൂറിന് 600 രൂപ വെച്ചു ഓരോ അധ്യാപകനും പ്രതിമാസം 35000 രൂപ സര്‍ക്കാര്‍ ശമ്പളം നല്‍കുന്നുവെന്നും വിഷം തുപ്പുമ്പോള്‍ ഒന്നു കണ്ണുരുട്ടാനോ സത്യം വിളിച്ചുപറയാനോ പിണറായി വിജയനെന്ന ന്യൂനപക്ഷ വകുപ്പ് മന്ത്രിക്കും കഴിയുന്നില്ല. ജനം ടി.വി കണക്കുവെച്ച് സംസ്ഥാനത്താകെ രണ്ടു കോടി മദ്രസകളിലായി പ്രതിമാസം 3.5 ലക്ഷം കോടി രൂപ ശമ്പളമായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കൊടുക്കുന്നുവെന്നത് നുണമാത്രമാണെന്ന് സാമാന്യ ബുദ്ധിയുള്ള കേരളീയന് സ്വയം തിരിച്ചറിയാനാവുമെന്നതാണ് സമാധാനം.

‘സുദര്‍ശന്‍’ ചാനല്‍ കേന്ദ്ര സര്‍ക്കാറിന്റെ ഇംഗിതമറിഞ്ഞ വിഷം ചീറ്റുന്നപോലെ ജനം ടി.വി മാത്രമല്ല, പി.സി ജോര്‍ജിന്റെ അഭിമുഖമായും ഫോണ്‍ റെക്കോര്‍ഡായും തരാതരം വിഷം പ്രസരിപ്പിക്കുന്നത് പിണറായി വിജയന്റെ കൂടി താല്‍പര്യം സംരക്ഷിക്കാനാണ്. ഇസ്‌ലാമോഫോബിയ പടര്‍ത്തി ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതകളെ ഒരു പോലെ താലോലിച്ച് നേട്ടം കൊയ്യാമെന്ന സി.പി.എം കണക്കുകൂട്ടലാണ് അടിമുടി വര്‍ഗീയമായ തിരുവനന്തപുരത്തെ ഹിന്ദു മഹാ സമ്മേളന സംഘാടകര്‍ക്കെതിരെ ഒരു പെറ്റിക്കേസ് പോലും എടുക്കാതെ പി.സി ജോര്‍ജിന്റെ അറസ്റ്റ് നാടകത്തിലൂടെ സദാ വിഷമയ അന്തരീക്ഷം നിലനിര്‍ത്തുന്നത്. കെ.പി ശശികലയും ടി.ജി മോഹന്‍ദാസും എന്‍ ഗോപാലകൃഷ്ണനും ജോസഫ് കല്ലറങ്ങാട്ടും പി.സി ജോര്‍ജും ജോര്‍ജ് എം തോമസും കെ.ആര്‍ ഇന്ദിരയുമെല്ലാം പിണറായി സര്‍ക്കാറിന്റെ ഇഷ്ടക്കാരാവുമ്പോള്‍ ഗുജറാത്ത് മോഡല്‍ കഴിഞ്ഞ് യു.പിയിലെ യോഗി മാതൃക പ്രയോഗിക്കുന്നതിന് എത്രകാലം. ലബനോനിലെ ഹിസ്ബുല്ല ചാവേറുകളുടെ മാതൃകയില്‍ ആലപ്പുഴയില്‍ തോളിലേറ്റപ്പെട്ട കുട്ടിയുടെ വായില്‍ നിന്ന് അക്ഷരത്തെറ്റില്ലാതെ വര്‍ഗീയത നിര്‍ഗളം ഒഴുകുമ്പോള്‍ അതു പ്രതിരോധിക്കുകയാണ് ആര്‍.എസ്.എസിന് വളം ചെയ്യില്ലെന്ന് ഉറപ്പിക്കാനുള്ള ആദ്യപടി.

ഇസ്‌ലാമോഫോബിയ പടര്‍ത്തി ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതകളെ ഒരു പോലെ താലോലിച്ച് നേട്ടം കൊയ്യാമെന്ന സി.പി.എം കണക്കുകൂട്ടലാണ് അടിമുടി വര്‍ഗീയമായ തിരുവനന്തപുരത്തെ ഹിന്ദു മഹാ സമ്മേളന സംഘാടകര്‍ക്കെതിരെ ഒരു പെറ്റിക്കേസ് പോലും എടുക്കാതെ പി.സി ജോര്‍ജിന്റെ അറസ്റ്റ് നാടകത്തിലൂടെ വിഷമയ അന്തരീക്ഷം നിലനിര്‍ത്തുന്നത്.

Test User: