X

ബി.ജെ.പിയോട് അതൃപ്തി; ഷിന്‍ഡെ പക്ഷത്തെ 22 എം.എല്‍.എമാരും ഒമ്പത് എം.പിമാരും ശിവസേന വിടാനൊരുങ്ങുന്നു

ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തില്‍ വന്‍ അതൃപ്തി നിലനില്‍ക്കുന്നതായും വരുംനാളുകളില്‍ ഒരു പൊട്ടിത്തെറിയുണ്ടാകുമെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്.

മൂന്നോ നാലോ ആളുകള്‍ കാരണമാണ് മറ്റുള്ളവരില്‍ അതൃപ്തി രൂക്ഷമെന്ന് പറഞ്ഞ ഫഡ്‌നാവിസ്,
ഇതാരൊക്കെയാണെന്ന ചോദ്യത്തിന് ഉത്തരം നല്‍കിയില്ല. വരുംനാളുകളില്‍ എല്ലാം പുറത്തെത്തുമെന്നായിരുന്നു മറുപടി. ബി.ജെ.പിയോടൊപ്പം ചേര്‍ന്ന് സംസ്ഥാനം ഭരിക്കുന്ന ശിവസേന ഏക്‌നാഥ് ഷിന്‍ഡെ പക്ഷത്ത് അതൃപ്തിയുണ്ടെന്നും എം.എല്‍.എമാരും എം.പിമാരും രാജിവെക്കുമെന്നും ഉദ്ധവ് വിഭാഗത്തിന്റെ മുഖപത്രമായ സാമ്‌ന റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഫഡ്‌നാവിസിന്റെ പ്രതികരണം.

അടുത്ത വര്‍ഷം സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പും ലോക്‌സഭ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കങ്ങള്‍ നിര്‍ണായകമാണ്. മഹാരാഷ്ട്രയില്‍ ബി.ജെ.പിയുമായി ഒന്നിച്ചുപോകുന്നത് അംഗീകരിക്കാന്‍ കഴിയാത്ത 22 എം.എല്‍.എമാരും ഒമ്പത് എം.പിമാരും ശിവസേന ഷിന്‍ഡെ വിഭാഗത്തില്‍ നിന്ന് രാജിവെക്കുമെന്നായിരുന്നു ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ മുഖപത്രമായ സാമ്‌ന റിപ്പോര്‍ട്ട് ചെയ്തത്.

ബി.ജെ.പി സഖ്യത്തിലുള്ള ഭരണത്തില്‍ ഇവര്‍ അസ്വസ്ഥരാണെന്നും തങ്ങളുമായി
ബന്ധപ്പെടുന്നുണ്ടെന്നും ശിവസേന ഉദ്ധവ് വിഭാഗം നേതാവ് വിനായക് റാവുത്ത് പറഞ്ഞു.
മുതിര്‍ന്ന നേതാവ് ഗജാനന്‍ കിര്‍തികര്‍ ബി.ജെ.പിയോടുള്ള അനിഷ്ടം തുറന്നുപറഞ്ഞതായാണ് റിപ്പോര്‍ട്ടില്‍ പറുന്നത്.

തങ്ങളുടെ മണ്ഡലങ്ങളില്‍ ഒരു വികസന പ്രവര്‍ത്തനങ്ങളും നടക്കുന്നില്ലെന്നാണ് ബി.ജെ.പിയെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. ശിവസേനയുടെ 13 എം.പിമാര്‍ ഇപ്പോള്‍ എന്‍.ഡി.എയുടെ ഭാഗമാണെന്നും എന്നിട്ടും തങ്ങളുടെ ആവശ്യങ്ങളില്‍ ഒരു നടപടിയുമുണ്ടാകുന്നില്ലെന്നും ഗജാനന്‍ കിര്‍തികര്‍ പറയുന്നു. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 22 സീറ്റിലും ശിവസേന മത്സരിക്കുമെന്നാണ് പറയുന്നത്. എന്നാല്‍, ഏഴ് സീറ്റിലധികം ശിവസേനക്ക് നല്‍കാന്‍ ബി.ജെ.പിക്ക് താല്‍പര്യമില്ല.

 

webdesk13: