പി.കെ ഫിറോസ്
സംസ്ഥാനത്ത് കലങ്ങിമറിയുന്ന ഒരു പ്രശ്‌നമുണ്ടാവുമ്പോള്‍ മുഖ്യമന്ത്രി സിനിമ കാണുമെന്ന മറ്റൊരു മന്ത്രിയുടെ പ്രസ്താവന ഓര്‍മ്മിപ്പിക്കുന്നത് റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയെയാണ്. പൊലീസിന്റെ പ്രാഥമിക ഉത്തരവാദിത്തങ്ങളിലൊന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കലാണെന്നു സാധാരണക്കാര്‍ക്കു പോലുമറിയാം. അത് മന:പ്പൂര്‍വം മറന്നുകളഞ്ഞ പൊലീസും ആഭ്യന്തര മന്ത്രിയുമാണ് ഇന്ന് കേരളത്തിലുള്ളത്. പത്രവാര്‍ത്തകള്‍ നല്‍കുന്ന സങ്കട ചിത്രങ്ങള്‍ക്ക് ആരാണ് ഉത്തരവാദി? സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നു. ഗുണ്ടകള്‍ തെരുവുവാഴുന്നു. രാഷ്ട്രീയ കൊലപാതകങ്ങള്‍ പെരുകുന്നു. മുഖ്യമന്ത്രിയുടേയും അദ്ദേഹത്തിന്റെ കീഴിലുള്ള നോക്കുകുത്തിയായ ഒരു വകുപ്പിന്റേയും നിഷ്‌ക്രിയത്വം എത്രമേല്‍ അപകടകരമാണെന്ന് തെളിയാന്‍ കഴിഞ്ഞ ഏതാനും മാസങ്ങളിലെ പത്രങ്ങള്‍ മാത്രമെടുത്ത് പരിശോധിച്ചാല്‍ മതി.
ഒരു മനുഷ്യനെ കൊന്നു അയാളുടെ കാലു വെട്ടിയെടുത്തു അതുയര്‍ത്തി തെരുവില്‍ ആഹ്ലാദ നൃത്തം ചവിട്ടുന്ന ഗുണ്ട കേരള മനസാക്ഷിക്ക് യാതൊരുവിധ ആശ്ചര്യവും നല്‍കാത്തവണ്ണം പരിചിതമാക്കിയത് ആരാണ്. തുടരെത്തുടരെ ഗുണ്ടാ ആക്രമണങ്ങള്‍ പലയിടത്ത് നേരിട്ടിട്ടും കോഴിപ്പോര് കാണുന്ന കാണികളുടെ ലാഘവത്തോടെ പവലിയനിലിരുന്നു കയ്യടിക്കുന്ന ജോലി മാത്രമാണ് ആഭ്യന്തര വകുപ്പിനുള്ളത്. ഇവരുടെ ആക്രമണത്തില്‍ നിന്ന് പൊലീസിന്‌പോലും രക്ഷയില്ല. പൊലീസുകാര്‍ പലപ്പോഴും ആക്രമിക്കപ്പെട്ടു. ചില പൊലീസുകാര്‍ക്ക് ഇവരില്‍ നിന്ന് പ്രൊട്ടക്ഷന്‍ നല്‍കേണ്ട അവസ്ഥ പോലും കേരളത്തിലുണ്ടായി. പൊലീസുകാര്‍ക്ക്‌പോലും രക്ഷയില്ലെങ്കില്‍ പിന്നെ സാധാരണക്കാരുടെ കാര്യം പറയാനുണ്ടോ. നാലായിരത്തിഅഞ്ഞൂറോളം ഗുണ്ടകളുടെ ലിസ്റ്റ് കേരള പൊലീസിന്റെ കയ്യിലുണ്ട്. പക്ഷേ അതൊരു വിവര സമ്പത്ത് മാത്രമായി സൂക്ഷിക്കുന്ന ആഭ്യന്തര വകുപ്പ് വിവര ശേഖരണ ഡിപ്പാര്‍ട്ട്‌മെന്റ് മാത്രമായി മാറിയെന്നതാണ് ആശങ്കാജനകം. ഇവരില്‍ തന്നെ 1500 ഓളം പേര്‍ സജീവ ഗുണ്ടകളാണ്. പിടികൂടാന്‍ വേണ്ട നിര്‍ദ്ദേശം പൊലീസ് മേധാവി നല്‍കിയിട്ടും താഴെയുള്ള പൊലീസുകാര്‍ക്ക് അനങ്ങാപാറ നയമാണുള്ളത്. അറസ്റ്റ്് ഒഴിവാക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലുമുണ്ട്. അതീവ സുരക്ഷാ മേഖലയായ തലസ്ഥാനംപോലും ഗുണ്ടകളുടെ സൈ്വര്യവിഹാരത്തില്‍നിന്ന് ഒഴിവല്ല. രാഷ്ട്രപതി കേരളം സന്ദര്‍ശനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് തങ്ങിയ അന്ന് രാജ്ഭവന്റെ ഒന്നര കിലോമീറ്റര്‍ മാത്രം അകലെ ഗുണ്ടാആക്രമണമുണ്ടായി. ഇനി മന്ത്രിമാര്‍ക്ക് പൈലറ്റ് വാഹനങ്ങള്‍ ഉണ്ടാവില്ലെന്നുമുമ്പ് വിപ്ലവ പ്രഖ്യാപനം നടത്തിയ മുഖ്യമന്ത്രിയുടെ സുരക്ഷക്ക് കഴിഞ്ഞ ദിവസമാണ് കൂടുതല്‍ വാഹനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചത്. പക്ഷേ ഇത്തരം കവചങ്ങള്‍ അപ്രാപ്യമായ സാധാരണക്കാരന് വരുന്നിടത്ത് വെച്ചു കാണുക എന്ന വിശ്വാസ ബലം മാത്രമാണ് കയ്യിലുള്ളത്. ഒരു മാസത്തിനിടെ അഞ്ച് രാഷ്ട്രീയ കൊലപാതകം നടന്ന നാട്ടില്‍ പ്രതികളെ വേണ്ടവിധം കൈകാര്യം ചെയ്യാന്‍ ഇവിടുത്തെ സംവിധാനങ്ങള്‍ക്കായില്ല. കൊല്ലപ്പെട്ട സി.പി.എമ്മുകാരനുപോലും നീതി കിട്ടിയില്ലെന്നു പാര്‍ട്ടിക്കാര്‍ പരാതി പറയുന്നു അതേസമയം പാര്‍ട്ടിക്കാരായ വാടകഗുണ്ടകള്‍ക്ക് ജയിലില്‍ സുഖവാസമൊരുക്കുകയും തരാതരം പരോള്‍ അനുവദിക്കുകയും ചെയ്യുമ്പോള്‍ അക്രമവാസന വര്‍ധിക്കുകയല്ലേ ചെയ്യുക.
കഴിഞ്ഞദിവസം, സ്വന്തം മകളുടെ മുന്നില്‍വെച്ച് അച്ഛനെ കള്ളനാക്കി ചിത്രീകരിക്കുന്ന പിങ്ക് പൊലീസിന്റെ ധാര്‍ഷ്ട്യം കണ്ടതാണ്. ആരോ ചിത്രീകരിച്ചതുകൊണ്ട് മാത്രം പൊലീസ് പ്രതിസന്ധിയിലായി. ഒടുക്കം പൊലീസിനെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരും കൈക്കൊണ്ടത്. കോടതി ശക്തമായ വിമര്‍ശനം നടത്തിയപ്പോള്‍ മാത്രമാണ് അവര്‍ക്ക് സമാശ്വാസ നീതിയെങ്കിലും ലഭിച്ചത്. സമാനമായ സംഭവമാണ് കഴിഞ്ഞ ദിവസം കണ്ണുരിലുമുണ്ടായത്. വ്യാപാരിയോടുള്ള പകവീട്ടാന്‍ പൊലീസ് അയാളുടെമേല്‍ കോവിഡ് നിയമലംഘന പിഴകള്‍ ചുമത്തി. വ്യാപാരി മേലുദ്യോഗസ്ഥനെ കണ്ടു കാര്യം ബോധിപ്പിച്ചതിനു പ്രതികാരമായി തന്റെ മകളെ വ്യാപാരി കയറിപ്പിടിച്ചുവെന്ന കേസും അതേ പൊലീസ് കെട്ടിച്ചമച്ചുണ്ടാക്കി. ആടുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ ചെന്നായ്ക്കളെ ഏല്‍പ്പിച്ച മേച്ചിലുകാരന്റെ വികലബുദ്ധിയുമായാണ് പിണറായി വിജയന്‍ ആഭ്യന്തരം അലങ്കരിക്കുന്നത്.
പ്രാദേശിക ഗുണ്ടകള്‍ മാത്രമല്ല, അന്യസംസ്ഥാന തൊഴിലാളികളും പൊലീസിനെ ആക്രമിക്കുന്ന ഗതി നമ്മുടെ പൊലീസിനുണ്ടായി. കിറ്റെക്‌സ് തൊഴിലാളികള്‍ പൊലീസ് വാഹനത്തിനു തീയിട്ടു. പൊലീസുകാരെ മാരകമായി പരിക്കേല്‍പ്പിച്ചു. സമീപഭാവിയില്‍തന്നെ കേരളക്കാരുടെ ആറിലൊന്നു അംഗബലം വരാന്‍ മാത്രം അന്യസംസ്ഥാന തൊഴിലാളികള്‍ പെരുകുന്നുണ്ട്. പക്ഷേ ഇവരുടെ ഒരു രേഖയോ കണക്കോ വ്യവസ്ഥാപിതമായി ഒന്നും തന്നെ സംസ്ഥാന സര്‍ക്കാരിന്റെ കയ്യിലില്ല.
ഗുണ്ടാരാജ് കേരളത്തില്‍ ഇത്രമാത്രം രൂക്ഷമാകാന്‍ കാരണം തന്നെ ലഹരിക്കടത്ത് വ്യാപകമായതാണ്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ കോടിക്കണക്കിനു രൂപയുടെ മയക്കുമരുന്നാണ് പിടികൂടിയത്. അതിന്റെ എത്രയോ ഇരട്ടിയാണ് വിതരണം ചെയ്യപ്പെട്ടത്. മയക്കുമരുന്ന് പണം നല്‍കി വാങ്ങാന്‍ ഇവര്‍ ഗുണ്ടാപ്പണിക്ക് ഇറങ്ങുകയും ചെയ്യുന്നു. ബില്യണ്‍ കണക്കിന് ഡോളറുകളുടെ വ്യപാരമാണ് ഈ മേഖലയിലുള്ളതെന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പൊലീസ് മേധാവി പറയുകയുണ്ടായി. എക്‌സൈസും ആഭ്യന്തരവും ഇത്രമേല്‍ നിഷ്‌ക്രിയമായൊരു സമയത്ത് ഇന്നത് എത്രയിരട്ടിയായി വര്‍ധിച്ചുകാണും.
ആക്ഷേപങ്ങള്‍ക്കൊടുവില്‍ ഈ ഗുണ്ടകളെ അമര്‍ച്ച ചെയ്യാനും മറ്റുമാണ് ഓപറേഷന്‍ കാവല്‍ എന്ന ടാസ്‌കിനു രൂപം നല്‍കിയത്. എന്നിട്ടതിന്റെ ഭാഗമായി സാമൂഹിക പ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളെയുമാണ് പൊലീസ് വിളിപ്പിക്കുന്നതും കരുതലിന്റെ ഭാഗമായി മൊബൈല്‍ വാങ്ങി വെക്കുന്നതും. ആര്‍.എസ്.എസിനെ വിമര്‍ശിച്ചവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന പൊലീസ് പൂര്‍ണമായും സംഘ് പരിവാര്‍ രാഷ്ട്രീയത്തിന് അടിയറവു പറഞ്ഞെന്നത് വ്യക്തമാണ്. പ്രകോപനപരമായി പ്രസംഗിച്ച വത്സന്‍ തില്ലങ്കേരിക്കെതിരെ കേസില്ല. ആ പ്രസംഗം സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച ആള്‍ക്കെതിരെ വര്‍ഗീയത പ്രചരിപ്പിച്ചതിന് കേസെടുത്തു. ക്രിമിനല്‍ കേസുകളിലും വര്‍ഗീയ പടര്‍ത്താനുള്ള ശ്രമങ്ങളിലും ഏര്‍പ്പെട്ട ആര്‍.എസ.്എസുകാര്‍ക്ക് മനോരോഗ സര്‍ട്ടിഫിക്കറ്റ് നല്‍കി നിയമത്തിന്റെ ഊടുവഴികള്‍ ചൂണ്ടിക്കാണിച്ചു നല്‍കാന്‍ പൊലീസ് തന്നെ മുന്നില്‍ നില്‍ക്കുന്നു. അമ്പലങ്ങളും മറ്റു ആരാധനാകേന്ദ്രങ്ങളും ഇരുട്ടിന്റെ മറവില്‍ മലിനപ്പെടുത്തി വര്‍ഗീയത പടര്‍ത്താന്‍ ശ്രമിച്ചു പിടിക്കപ്പെട്ട ആര്‍.എസ്.എസുകാര്‍ മനോരോഗികളായി രക്ഷപ്പെട്ടു.
ഇതെല്ലാം പ്രതിപക്ഷ സംഘടനകളുടെ ജല്‍പ്പനങ്ങള്‍ മാത്രമായി ചിത്രീകരിച്ചു രക്ഷപ്പെടാറാണ് പതിവ്. പക്ഷേ, ആഭ്യന്തര വകുപ്പില്‍ ആര്‍.എസ്.എസ് സ്ലീപ്പര്‍ സെല്ലുകളുണ്ടെന്ന സി.പി.ഐ നേതാവ് ആനി രാജയുടെ പ്രസ്താവനയും പൊലീസിലെ നിര്‍ണായക ജോലികള്‍ ആര്‍.എസ്.എസ് അനുകൂലികള്‍ കൈയടക്കുന്നുവെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വെളിപ്പെടുത്തലുമെല്ലാം പ്രതിപക്ഷ ജല്‍പ്പനങ്ങള്‍ സാധൂകരിക്കുന്നു. സി.പി.എമ്മിന്റെ പാര്‍ട്ടി ജില്ലാ സമ്മേളനങ്ങള്‍ പോലും ആഭ്യന്തര വകുപ്പിന്റെ നിഷ്‌ക്രിയത്വം തുറന്നു സമ്മതിച്ചു വിമര്‍ശിച്ചു.ഈ ഉത്തരവാദരാഹിത്യം മറച്ചുവെക്കാനാണ് മുഖ്യമന്ത്രി അനാവശ്യമായ രാഷ്ട്രീയ ആരോപണങ്ങള്‍ മുസ്‌ലിംലീഗിനെതിരെ അസമയത്തും അസ്ഥാനത്തും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. തകരുന്ന ക്രമസമാധാവും നിഷ്‌ക്രിയ ആഭ്യന്തരവും മുസ്‌ലിം യൂത്ത്‌ലീഗ് തെരുവുകളില്‍ ജനകീയ വിചാരണക്ക് വിധേയമാക്കുക തന്നെ ചെയ്യും.