കോഴിക്കോട് : ക്രമസമാധാന തകര്‍ച്ചയും അഭ്യന്തര വകുപ്പിന്റെ നിഷ്‌ക്രിയത്വവും തുറന്നു കാട്ടി തകരുന്ന ക്രമസമാധാനം,
നിഷ്‌ക്രിയ ആഭ്യന്തരം എന്ന മുദ്രാവാക്യവുമായി സംസ്ഥാന സര്‍ക്കാരിനെ ജനകീയ വിചാരണ ചെയ്യുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി. കെ ഫിറോസും പറഞ്ഞു.
പുതുവത്സര ദിനത്തില്‍ ജില്ല കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജില്ല ആസ്ഥാനങ്ങളിലാണ് വിചാരണ നടത്തുക. രാഷ്ട്രീയ കൊലപാതകങ്ങളള്‍ തടയുന്നതില്‍ തുടര്‍ചയായി പോലീസിന് വീഴ്ച പറ്റുകയാണ്. ഗുണ്ടകളുടെ തേര്‍വാഴ്ച മൂലം ഭരണ സിരാ കേന്ദ്രത്തില്‍ താമസിക്കുന്നവര്‍ക്ക് പോലും ഉറക്കം നഷ്ടപെട്ട അവസ്ഥയാണുള്ളത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസുകാര്‍ തന്നെ കുറ്റവാളികളായി മാറുകയാണ്. കൈകൂലി, മോഷണം, സ്ത്രീ വിരുദ്ധത, മുസ്ലിം വിരുദ്ധത, ജാതീയത തുടങ്ങിയ ഹീന കൃത്യങ്ങളില്‍ പങ്കാളികളായ കാക്കിധാരികള്‍ക്ക് പോലും ഭരണകൂടം സംരക്ഷണം നല്‍കുകയാണ്. പോലീസിനെ കയറൂരി വിട്ടു കൊണ്ടുള്ള പിണറായിയുടെയും സി പി എമ്മിന്റെയും നയത്തിനെതിരെ നടത്തുന്ന യൂത്ത് ലീഗ് ജനകീയ വിചാരണ വിജയിപ്പിക്കാന്‍ നേതാക്കള്‍ ആഹ്വാനം ചെയ്തു.