X

ജീവിതത്തില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവര്‍

എഴുത്ത്: എസ്. സുധീഷ്‌കുമാര്‍
ഫോട്ടോ: നിതിന്‍ കൃഷ്ണന്‍

”കയറിക്കിടക്കാന്‍ ഒരു കൂരയില്ലാത്തതിന്റെ മനോവിഷമത്തിലാണ് എന്റെ കുഞ്ഞ് ആത്മഹത്യ ചെയ്തത്. സ്വര്‍ഗം പോലെ ജീവിച്ച മണ്ണില്‍ നിന്നും ഒന്നും ഇല്ലാതെയല്ലേ തെരുവിലേക്കിറങ്ങിയത്. ഒരു പിടി മണ്ണിനായി എത്ര നാള്‍ ഓഫീസുകള്‍ അവന്‍ കയറിയിറങ്ങി. ഒടുവില്‍ മനം മടുത്താണ് ഒന്നര വയസുള്ള മകനെ പോലും അനാഥനാക്കി അവന്‍ ജീവന്‍ അവസാനിപ്പിച്ചത്”. മകനെയും ഭര്‍ത്താവിനെയും നഷ്ടപ്പെട്ട റോസ്ലി ഇതു പറയുമ്പോള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. ഉത്സവം പോലെയായിരുന്നു റോസ്ലിയുടെയും ആന്റണിയുടെയും മൂന്ന് മക്കളുടെയും ജീവിതം. വല്ലാര്‍പാടം ടെര്‍മിനലിവായി സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തപ്പോള്‍ ഈ കുടുംബം പതിറ്റാണ്ടുകളായി കഴിഞ്ഞിരുന്ന ഭൂമിയില്‍ നിന്നും കുടിയിറക്കപ്പെട്ടു. 10 സെന്റ് വസ്തുവില്‍ ഏഴ് സെന്റ് സര്‍ക്കാര്‍ ഏറ്റെടുത്തു. മിച്ചം കിട്ടിയതാവട്ടെ ചിന്നിച്ചിതറി കിടക്കുന്ന മൂന്ന് സെന്റ് ഭൂമി മാത്രം.

ഇതോടെ കുടുംബങ്ങളുള്ള മൂന്ന് ആണ്‍മക്കളും ആന്റണിയും റോസ്ലിയും തെരുവിലിറങ്ങേണ്ടി വന്നു. പ്രിന്‍സായിരുന്നു നഷ്ടപരിഹാരത്തിനായി ഓടിനടന്നത്. മണിക്കൂറുകളോളം പ്രിന്‍സ് കലക്ട്രേറ്റില്‍ ഉദ്യോഗസ്ഥരെ കാണാനായി കാത്തുനിന്നിട്ടുണ്ട്. കൂലിവേലക്കു പോലും പോകാതെയായിരുന്നു നെട്ടോട്ടം. പലപ്പോഴായി ഉദ്യോഗസ്ഥരുടെ മുന്നില്‍ ദുരിതങ്ങളുടെ കഥ പറഞ്ഞു. റവന്യു ഓഫീസിലും കയറിയിറങ്ങി കേണിട്ടും നിരാശയായിരുന്നു ഫലം. കനിവിന്റെ നേര്‍ത്ത കണം പോലും പ്രിന്‍സിനെയോ ആ കുടുംബത്തെയോ തേടിയെത്തിയില്ല.

ഒരു രാത്രി കുടിയൊഴിപ്പിക്കപ്പെവര്‍ കെട്ടിപ്പൊക്കിയ സമരപ്പന്തലിലേക്ക് പ്രിന്‍സ് എത്തി. വാതോരാതെ സംസാരിച്ചു. വേദനയും നിരാശയും ഉള്ളിലൊതുക്കി സമരക്കാര്‍ക്ക് പ്രതീക്ഷ നല്‍കി. നല്ലൊരു നാളയെ സ്വപ്നം കാണാന്‍ അവര്‍ക്ക് ആവേശമേകി. ആകാശത്തിലേക്കു കൈചുരുട്ടി മുദ്രാവാക്യം മുഴക്കിയ ശേഷം സമരപ്പന്തലില്‍ നിന്നും ഇറങ്ങി ഇരുളിലേക്കു മറയുമ്പോള്‍ പ്രിന്‍സിന്റെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടാവണം. പിച്ചവെയ്ക്കുന്ന മകനോടൊപ്പം ഉറങ്ങാനായി അന്നു രാത്രി പ്രിന്‍സ് വിട്ടിലെത്തിയില്ല. സമരപ്പന്തലില്‍ ആയിരിക്കുമെന്ന് ഭാര്യയും അമ്മയും കരുതി. അയല്‍ക്കാരുടെ പരിഭ്രമം കണ്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. പലരും അടക്കിപ്പിടിച്ചു സംസാരിച്ചു. ജീവന്റെ തുടിപ്പ് അടര്‍ന്നു വീണ പ്രിന്‍സിന്റെ ശരീരത്തിലേക്ക് റോസ്ലി ഒന്നേ നോക്കിയുള്ളു. ഭൂമി നഷ്ടപ്പെട്ട പ്രിന്‍സ് ആറടി മണ്ണിലേക്ക് മടങ്ങി. വര്‍ഷങ്ങള്‍ക്കു ശേഷം പിതാവ് ആന്റണിയും സ്വന്തം വീട്ടില്‍ അന്തിയുറങ്ങാന്‍ കഴിയാതെ മരിച്ചു.
പ്രിന്‍സും ആന്റണിയും മാത്രമല്ല, 33 പേരാണ് മൂലമ്പിള്ളി കുടിയിറക്കലില്‍ അര്‍ഹമായ പുനരധിവാസം കിട്ടാതെ മരണപെട്ടത്. കെ.വി രാജപ്പന്‍ അപകടത്തില്‍പെട്ടു ഗുരുതരാവസ്ഥയില്‍ കിടക്കുമ്പോഴും ഒരു തുണ്ട് ഭൂമി കിട്ടുമെന്നായിരുന്നു പ്രതീക്ഷ. വല്ലാര്‍പാടം റെയില്‍ പദ്ധതിക്കായാണ് രാജപ്പന്റെ നാല് സെന്റ് ഭൂമി ഏറ്റെടുത്തത്. കിട്ടിയതാവട്ടെ ചതുപ്പ് നിറഞ്ഞ സ്ഥലം. മണ്ണ് പരിശോധനയില്‍ വീടുവെക്കാന്‍ കഴിയില്ലെന്നായിരുന്നു ഫലം. ഇതോടെ രാജപ്പന്‍ മരുമകന്റെ വീട്ടിലായി താമസം. ചോര്‍ന്നൊലിച്ച പ്ലാസ്റ്റിക് ഷെഡില്‍ കിടന്നാണ് കോതാട് മുഴങ്ങുംതറയില്‍ ബാബു മരിക്കുന്നത്. അഞ്ച് സെന്റ് ഭൂമിയില്‍ മൂന്ന് സെന്റ് ഏറ്റെടുത്തതോടെ തുണ്ടുഭൂമിയിലെ ഷെഡിലായിരുന്നു രണ്ടു കുട്ടികളും ഭാര്യയും അടങ്ങുന്ന ബാബുവിന്റെ ജീവിതം. പിന്നാലെ രോഗവും മരണവും.
പദ്ധതിക്കായി പാതി മുറിച്ചുമാറ്റിയ വീട്ടില്‍ കിടന്നായിരന്നു ഏലൂര്‍ സ്വദേശി കെ.എന്‍ രാമകൃഷ്ണന്റെ മരണം. എഫ്എസിടിയില്‍ ഹെല്‍പ്പറായിരുന്ന രാമകൃഷ്ണന്‍ നുള്ളിപെറുക്കിവെച്ച പണം കൊണ്ടായിരുന്നു വീടു പണിതത്. ആശ തീരും വരെ അന്തിയുറങ്ങാന്‍ കഴിയും മുന്‍പേ സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തു. അളന്നു തിട്ടപ്പെടുത്തിയപ്പോള്‍ വീടിന്റെ പാതി സര്‍ക്കാരിന്റെ കൈയില്‍. ഹാളും മുറികള്‍ക്കും മധ്യേ ഉദ്യോഗസ്ഥര്‍ മഞ്ഞച്ചായം പൂശി. ജെസിബിയും കമ്പിപാരകളും ഉപയോഗിച്ചു വീടിന്റെ പകുതി അടര്‍ത്തി മാറ്റുമ്പോള്‍ രാമകൃഷ്ണന്‍ തളര്‍ന്നു വീണിരുന്നു. പൊടിപടലങ്ങള്‍ ശ്വസിച്ചായിരുന്നു രാമകൃഷ്ണന്റെ മരണം. അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ഇന്നും ആ കുടുംബത്തിന് കിട്ടിയില്ല. മുറിച്ചുമാറ്റിയ വീട് പൂര്‍ണമാക്കാന്‍ മകന്‍ അനില്‍കുമാറിന് ലക്ഷങ്ങള്‍ കടമെടുക്കേണ്ടി വന്നു. വന്‍സാമ്പത്തിക ബാധ്യതയിലാണ് അനില്‍കുമാറിന്റെ ജീവിതം. സ്വന്തം ഭൂമിയും വീടും സ്വപ്നം കണ്ടു തെരുവില്‍ കിടന്നു മരിച്ച മൂലമ്പിള്ളിക്കാര്‍ ഏറെയാണ്. തലചായ്ക്കാന്‍ ഒരുപിടി മണ്ണു കിട്ടുമെന്നു മരണമെത്തും വരെ പലരും ആശിച്ചു. സ്വന്തം വീട്ടില്‍ കിടന്നു മരണത്തെ പുല്‍കാന്‍ പലര്‍ക്കുമായില്ല.

കുടിയിറക്കപ്പെട്ട ചരിത്രം

വല്ലാര്‍പാടം ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനല്‍ പദ്ധതിക്കു (ഐസിടിടി) വേണ്ടിയാണ് കുടുംബങ്ങളെ കുടിയിറക്കിയത്. പലരും സ്വന്തം ഭൂമിയില്‍ നിന്നും ഇറങ്ങാന്‍ വിസമ്മതിച്ചു. 2008 ഫെബ്രുവരി ആറിന് പൊലീസ് നടപടിയോടെ ആയിരുന്നു പദ്ധതിക്കു വേണ്ടിയുള്ള കുടിയൊഴിപ്പിക്കല്‍. ഹൈവേയും റെയില്‍വേയും നിര്‍മിക്കാനായി മൂലമ്പിള്ളി, മുളവുകാട്, മഞ്ഞുമ്മല്‍, ഇളമക്കരയടക്കം ഏഴിടങ്ങളില്‍ നിന്നുമായി കുടിയൊഴിപ്പിച്ചത് 316 കുടുംബങ്ങളെയാണ്. നിബന്ധനകള്‍ ഒന്നുമില്ലാതെയായിരുന്നു കുടിയൊഴിപ്പിക്കല്‍.

സമരത്തിനൊടുവില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് 2008 മാര്‍ച്ച് 19 നാണ് പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചത്. പുനരധിവാസത്തിനായി ഏഴ് സ്ഥലങ്ങള്‍ കണ്ടെത്തിയതില്‍ ആറും ചതുപ്പ് നിലങ്ങളായിരുന്നു. പൈലിങ് നടത്തി വീട് വെക്കാമെന്നായിരുന്നു സര്‍ക്കാര്‍ നിലപാടെങ്കിലും വീട് നിര്‍മിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. സ്വന്തം മണ്ണില്‍ നിന്നും പുറത്താക്കപ്പെട്ടവരില്‍ ഭൂരിഭാഗം പേര്‍ക്കും ഇന്നും വീടും സ്ഥിരം തൊഴിലുമായിട്ടില്ല. വീട് നിര്‍മിച്ച് താമസിക്കാന്‍ കഴിയുന്നതു വരെ 5000 രൂപ മാസവാടക, കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളിലെ ഒരാള്‍ക്ക് വല്ലാര്‍പാടം പദ്ധതിയില്‍ ജോലി, ഉപജീവനം നഷ്ടപ്പെട്ടവര്‍ക്ക് പകരം സംവിധാനം, സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാര തുകയില്‍ നിന്ന് ആദായനികുതി ഈടാക്കില്ല എന്നതടക്കം നിരവധി വാഗ്ദാനങ്ങള്‍. എന്നാല്‍ ഇവയെല്ലാം കടലാസില്‍ മാത്രം ഒതുങ്ങി.

316 കുടുംബാംഗങ്ങളില്‍ കേവലം 40 കുടുംബങ്ങള്‍ക്ക് മാത്രമാണ് പുനരധിവാസ ഭൂമിയില്‍ വീട് വച്ച് താമസിക്കാന്‍ കഴിഞ്ഞത്. അതില്‍ തന്നെ ചിലത് ചരിഞ്ഞു. ചിലതില്‍ വിള്ളലുകളും രൂപപ്പെട്ടു. വീട് വച്ചവരുടെ സ്ഥിതി ഇതായിരിക്കെ എങ്ങനെ ഇവിടെ വീട് വച്ചു താമസിക്കുമെന്നാണ് മറ്റുള്ളവര്‍ ചോദിക്കുന്നത്. സര്‍ക്കാര്‍ നല്‍കിയ ഭൂമിയില്‍ വീട് നിര്‍മിക്കാന്‍ ധനകാര്യ സ്ഥാപനങ്ങളൊന്നും വായ്പ നല്‍കുന്നില്ല. 25 വര്‍ഷത്തേക്ക് പട്ടയ ഭൂമി കൈമാറാന്‍ കഴിയില്ലെന്ന വ്യവസ്ഥയാണ് ഇതിന് കാരണം. കുടിയൊഴിപ്പിക്കലിന്റെ ഒന്നര പതിറ്റാണ്ടിലേക്ക് കടക്കുമ്പോഴും വികസനത്തിന്റെ ഇരകളായി വേദനയോടെ നില്‍ക്കുകയാണ് മൂലമ്പിള്ളിയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവര്‍.

അര സെന്റില്‍ അണഞ്ഞ ജീവിതം

ശപിക്കപ്പെട്ട ആ ദിനത്തെ ഓര്‍മിക്കാന്‍ സെബാനും ആനിയും ആഗ്രഹിക്കുന്നില്ല. ഒരുദിനം കൊണ്ട് ഇവരുടെ ജീവിതം തലകീഴായ് മറിയുകയായിരുന്നു. പാതി പോയ ജീവനുമായി കഴിയുകയാണ് ആനി. മരവിച്ച മനുഷ്യനായി സെബാനും. വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡിനായി സ്ഥലം വിട്ടു നല്‍കിയ മഞ്ഞുമ്മല്‍ കുന്തലക്കാട് സെബാനെന്ന് വിളിക്കുന്ന ജോര്‍ജിന് മിച്ചം കിട്ടിയത് അരസെന്റ് ഭൂമി. അഞ്ച് സെന്റില്‍ അഞ്ച് മുറികളോടു കൂടിയ വീട്ടിലായിരുന്നു സെബാനും കുടുംബാംഗങ്ങളും താമസിച്ചിരുന്നത്. പദ്ധതിക്കായി സര്‍ക്കാര്‍ അഞ്ച് സെന്റില്‍ നാലര സെന്റും ഏറ്റെടുത്തു. കൂട്ടുകുടുംബമായി താമസിച്ച വീട് സര്‍ക്കാര്‍ പൊളിച്ചു മാറ്റി. അന്നുവരെ ഒരു പാത്രത്തില്‍ ഉണ്ടും ഒരു പായില്‍ ഉറങ്ങിയും കഴിഞ്ഞവര്‍ നാലു ദിക്കിലായി. ത്രികോണം പോലെ കിടക്കുന്ന നിര്‍ജീവമായ അര സെന്റ് ഭൂമിയില്‍ അവശേഷിച്ചത് സെബാനും ഭാര്യ ആനിയും മകള്‍ ഹിമയും. കയറി കിടക്കാന്‍ വീടില്ല. ഏറ്റെടുത്ത ഭൂമിക്കു കിട്ടിയതാകട്ടെ നാമമാത്രമായ തുകയും. പലവട്ടം ഓഫീസുകള്‍ കയറിയിങ്ങിയാണ് നാമമാത്രമായ നഷ്ടപരിഹാരം വാങ്ങിയെടുത്തത്. അരസെന്റില്‍ എങ്ങനെ ഒരു വീടു പണിയും. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നിയമം അനുസരിച്ചു നേരെ ചൊവ്വെ വീടു നിര്‍മിക്കാനാവില്ല. ഗതിയില്ലാതെ, സെബാനും കുടുംബവും വാടകക്ക് താമസിക്കാന്‍ പോയി. വാടക വീട്ടില്‍ വെച്ച് ഹന്നയുടെ വിവാഹം നടത്തേണ്ടി വന്നു. വാടക നല്‍കാന്‍ കഴിയാതെ വന്നതോടെ സെബാന്‍ തിരികെ മടങ്ങി. മഞ്ഞുമ്മലിലെ അരസെന്റ് ഭൂമിയില്‍ ടാര്‍പോളിത്തീന്‍ വിരിച്ചു ഷെഡ് കെട്ടി. അതിലേക്ക് താമസം മാറി. വീടിനു വേണ്ടി പലയിടങ്ങളിലും അലഞ്ഞിട്ടും നടപടിയായില്ല. ഏറ്റവും ഒടുവില്‍ മഞ്ഞുമ്മല്‍ ക്രിസ്ത്യന്‍ പള്ളി അധികൃതര്‍ വീടു വെച്ചു നല്‍കി. അരസെന്റില്‍ ഒരു വീട്. ഒരു മുറി പണിയാന്‍ മാത്രമേ സ്ഥലത്തിനു വിസ്തൃതിയുണ്ടായിരുന്നു. 2018ല്‍ പ്രളയത്തോടെ വീണ്ടും ദുരന്തങ്ങളുടെ പെയ്ത് സെബാന്റെ ജീവിതത്തിലേക്കെത്തി. പ്രളയത്തിന് പിന്നാലെ ഭാര്യ ആനി ഒരു ദിവസം തലചുറ്റി വീണു. കൈകള്‍ക്കും കാലിനും വേദനയുണ്ടായിരുന്നെങ്കിലും തലചുറ്റല്‍ ആദ്യമായിരുന്നു. ആസ്പത്രിയിലെത്തിച്ച ആനിയെ വിദഗ്ധമായി പരിശോധന നടത്തിയപ്പോഴാണ് രോഗത്തിന്റെ തീവ്രത അറിയുന്നത്. ബ്രെയിന്‍ ട്യൂമറായിരുന്നു രോഗം. കോട്ടയം മെഡിക്കല്‍ കോളജില്‍ രണ്ട് ഓപ്പറേഷന്‍ നടത്തി. ഓപ്പറേഷന് ശേഷം ആനിയുടെ ശരീരം നിശ്ചലമായി. കൈകാലുകള്‍ അല്‍പമൊന്ന് അനക്കും. സംസാരിക്കാനും കഴിയില്ല. ആനിയെ കുളിപ്പിക്കുന്നതും ഊട്ടുന്നതും എല്ലാം സെബാന്‍ തന്നെ. കട്ടിലില്‍ തളര്‍ന്നു കിടക്കും. പദ്ധതി പ്രദേശമായതിനാല്‍ ഇത് വഴി വെള്ളത്തിന്റെ പൈപ്പ് ലൈന്‍ കടന്നു പോകുന്നില്ല. സെബാന്‍ മറ്റു വീടുകളില്‍ നിന്ന് വെള്ളം എത്തിച്ചാണ് ആനിയെ കുളിപ്പിക്കുന്നതും ഭക്ഷണം തയാറാക്കുന്നതും. ”എല്ലാ പ്രതീക്ഷകളും ഇല്ലാതായി. നല്ലൊരു വീട്ടില്‍ കിടന്നുറങ്ങണമെന്നായിരുന്നു ആഗ്രഹം. നല്ലൊരു വീട്ടില്‍ കിടന്നു മരിക്കാനാകുമോ”. സെബാന്റെ ചോദ്യത്തിന് എന്ത് ഉത്തരമാണ് നല്‍കാനാവുക.

പാലിക്കപ്പെടാത്ത വാഗ്ദാനങ്ങള്‍

വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെയാണ് പദ്ധതിക്കായി മൂലമ്പിള്ളിയില്‍ നിന്നും കുടുംബങ്ങളെ പൊലീസിനെ ഉപയോഗിച്ചു ബലമായി കുടിയിറക്കിയത്. 2008 ഫെബ്രുവരി ആറിന് മൂലമ്പിള്ളിയില്‍ വീടുകള്‍ ഇടിച്ചുനിരത്തി. ജനങ്ങള്‍ സംഘടിച്ചു. കിടപ്പാടത്തു നിന്നും ഇറങ്ങി പോകില്ലെന്ന് കുട്ടികള്‍ അടക്കമുള്ളവര്‍ പ്രഖ്യാപിച്ചു. ജനങ്ങള്‍ സംഘടിച്ചു മൂലമ്പിള്ളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി. പിന്നീട് സമര സമിതിയുടെ നേതൃത്വത്തിലായി പ്രതിഷേധം. ജനങ്ങളുടെ പ്രതിഷേധത്തിനു മുന്നില്‍ എല്‍എഡിഎഫിന് പിടിച്ചുനില്‍ക്കാനായില്ല. ഏറ്റെടുക്കല്‍ വഴിമുട്ടിയതോടെ മൂലമ്പള്ളി പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു. എന്നാല്‍, പൊള്ളയായ വാഗ്ദാനങ്ങളായിരുന്നു പാക്കേജില്‍ അധികവും. പിന്നീട് എത്തിയ യുഡിഎഫ് സര്‍ക്കാരാണ് പാക്കേജ് പരിഷ്‌കരിച്ചത്. അധികാരത്തിലെത്തി ആദ്യ വാരം തന്നെ സമരസമിതി നേതാക്കളെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചര്‍ച്ചക്കു വിളിച്ചു. സമരക്കാരുടെ ആവശ്യപ്രകാരം പാക്കേജ് പരിഷ്‌കരിച്ചു. മന്ത്രിസഭ രൂപീകരിച്ചു ആദ്യമാസം തന്നെ ഒരു കുടുംബത്തിന് വാടക കുടിശിഖയായ 1.35 ലക്ഷം രൂപ കൈമാറി. എല്‍ഡിഎഫിന്റെ രാഷ്ട്രീയ പകപോക്കലില്‍ ഇരയായി പട്ടയം ലഭിക്കാത്ത കുടുംബങ്ങള്‍ക്ക് പട്ടയവും നല്‍കി. വീട് വെക്കാനുള്ള പൈലിങിന് തുകയും അനുവദിച്ചു. എന്നാല്‍, പിന്നീടെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ പാക്കേജ് അട്ടിമറിക്കുകയായിരുന്നു. പുനരധിവാസ പാക്കേജ് നടപ്പാക്കാനും നിയന്ത്രിക്കാനും സ്വതന്ത്രചുമതലയുള്ള ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന മൂലമ്പിള്ളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആവശ്യം പോലും അംഗീകരിച്ചില്ല. കുടിയിറക്കപ്പെട്ടവരോടുള്ള സര്‍ക്കാരിന്റെ അവഗണന ഇന്നും തുടരുകയാണ്.

പട്ടയമുണ്ട് സാര്‍; ഭൂമിയില്ല

എല്ലാ മാര്‍ഗങ്ങളും അടഞ്ഞപ്പോഴാണ് പനയ്ക്കല്‍ പി.ടി ഫ്രാന്‍സിസ് സഹോദരിയുടെ വീട്ടിലേക്ക് ഭാര്യയെയും മൂന്നു പെണ്‍മക്കളെയും കൂട്ടി എത്തിയത്. സ്വന്തം വീട്ടില്‍ നിന്ന് കുടിയിറക്കിയപ്പോള്‍ ഫ്രാന്‍സിസ് പെണ്‍മക്കളെയും ഭാര്യയെയും കൂട്ടി വാടക വീട്ടിലേക്കു പോയി. ഒന്നൊന്നര വര്‍ഷത്തോളം പലയിടങ്ങളിലായി വാടകക്ക് കഴിഞ്ഞു. പരിചിതമല്ലാത്ത സ്ഥലങ്ങളിലായിരുന്നു താമസം. പ്രായപൂര്‍ത്തിയായ പെണ്‍മക്കളുമായി എത്രനാള്‍ അപരിചത സ്ഥലങ്ങളിലെ വാടക വീട്ടില്‍ കഴിയും. അപരിചിതമായ സ്ഥലങ്ങളില്‍ താമസിക്കുമ്പോള്‍ ഗ്ലോറിയയും അമ്പിളിയും ഫ്രാങ്കല്‍നും ഭയമാണ്. മൂവരും അമ്മ ഡയാനക്കരികില്‍ നിന്നും മാറില്ല. ദുരിതങ്ങളും പ്രയാസങ്ങളും കൂടിയപ്പോഴാണ് സഹോദരിയുടെ വീട്ടില്‍ അഭയം തേടിയത്. ഒന്നുമല്ലെങ്കിലും അപരിചിതമല്ലല്ലോ വീടും വീട്ടുകാരുമെന്ന് ഫ്രാന്‍സിസ് പറയുന്നു.

കോതാട് വാട്ടര്‍ ടാങ്കിന് സമീപം നാലര സെന്റ് ഭൂമിയും അതില്‍ 1,700 സ്‌ക്വയര്‍ഫീറ്റ് വീടും ഫ്രാന്‍സിസിന് സ്വന്തമായി ഉണ്ടായിരുന്നു. ഒട്ടേറെ മുറികളുള്ള വീട്. കിണറും വെള്ളവും വഴിയും എല്ലാമുള്ള പുരയിടം. ഇവിടെ നിന്നാണ് കുടിയിറക്കപ്പെട്ടത്. സ്ഥലത്തിന് പൊന്നുംവിലയും വീട് വെയ്ക്കാന്‍ ഭൂമിയും തരാമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കി. എല്ലാ സൗകര്യങ്ങളുമുള്ള നല്ല വീട്ടില്‍ നിന്ന് ഒഴിഞ്ഞതിനാല്‍ വീട് വെക്കുന്നതിനുള്ള കാശും തരാമെന്നായിരുന്നു വാഗ്ദാനം. ഒന്നര വര്‍ഷത്തോളം വാടകക്ക് പോയ ഫ്രാന്‍സിസിന് വാടക തുക പോലും നല്‍കിയില്ല. സര്‍ക്കാര്‍ വാക്കു പാലിക്കാതെ വന്നതോടെ ഫ്രാന്‍സിസ് കോടതിയില്‍ കേസ് നല്‍കി.

കുടിയിറപ്പെട്ടവര്‍ സമരവുമായി മുന്നോട്ട് പോയപ്പോള്‍ വീടിനുള്ള വസ്തു അനുവദിച്ചു. ഫ്രാന്‍സിസിന് തുതിയൂരില്‍ വസ്തു അനുവദിച്ചിട്ടുണ്ടെന്ന് അറിയിപ്പ് കിട്ടി. പിന്നാലെ കെട്ടിഘോഷിച്ച് നടന്ന പട്ടയമേളയില്‍ വെച്ച് പട്ടയവും ലഭിച്ചു. കൈവിട്ടു പോയത് തിരികെ പിടിക്കണമെന്നായിരുന്നു പ്രതീക്ഷകള്‍. മുന്‍പു താമസിച്ചതു പോലുള്ള വീട് വേണമെന്നായിരുന്നു ഭാര്യയുടെയും മക്കളുടെയും ആവശ്യം. കിലോമീറ്റര്‍ അകലെയുള്ള വസ്തുവിന് അടുത്തുള്ള സ്‌കൂളും കോളജും മക്കള്‍ കണ്ടു വെച്ചു. വീട് പണിപൂര്‍ത്തിയായാല്‍ ആ സമയം കോളജും സ്‌കൂളും അന്വേഷിച്ചു പോകേണ്ടല്ലോ. വസ്തു കാണാന്‍ പോകാനുള്ള ദിനങ്ങള്‍ അടുത്തെത്തി. വില്ലേജ് ഓഫീസ് ജീവനക്കാര്‍ വസ്തു കാണിച്ച് അളന്നു തരുമെന്നാണ് ഫ്രാന്‍സിസിനെ അറിയിച്ചത്. ഓഫീസര്‍മാര്‍ പറഞ്ഞതനുസരിച്ച് കൈയില്‍ കിട്ടിയ പട്ടയവുമായി ഫ്രാന്‍സിസ് കളക്ട്രേറ്റിലെത്തി. വില്ലേജ് ഓഫീസര്‍മാരും എത്തി. വസ്തു വീതം വെയ്ക്കുന്നതിനായി ലേലം വിളി തുടങ്ങി. ഒടുവില്‍ ഏഴാം നമ്പര്‍ ഭൂമി ഫ്രാന്‍സിസിന് ലഭിച്ചു. സര്‍ക്കാരിനെതിരെ കേസ് നല്‍കിയതിനാല്‍ വസ്തു തരില്ലെന്ന നിലപാടിലായി ഭരണകൂടം. ഇന്നും ഫ്രാന്‍സിസിന് ഭൂമി കിട്ടിയിട്ടില്ല. എന്നാല്‍, അഞ്ച് സെന്റ് ഭൂമിയുടെ ഉടമയെന്ന് അവകാശപ്പെടുന്ന പട്ടയവുമായി ഓഫീസുകള്‍ കയറിയിറങ്ങുകയാണ് ഈ അറുപത്തിരണ്ടുകാരന്‍. വികസന ഇരകളുടെ കഥകള്‍ ഇതു മാത്രമല്ല, ഒട്ടേറെ പേരുണ്ട്. ഭൂമിയില്ലാത്തവര്‍, തെരുവില്‍ കഴിയുന്നവര്‍, വാടകമുറികളില്‍ ജീവിച്ചു തീര്‍ക്കുന്നവര്‍, ഒരുമഴ പെയ്തില്‍ വെള്ളം ഇരച്ചു കയറുന്ന ഷെഡില്‍ കഴിയുന്നവര്‍. പലരുടെയും ആഗ്രഹം ഒന്നുമാത്രമാണ്. മരണത്തിനു മുന്നേ സ്വന്തമായി ഒരുതരി മണ്ണ്.

webdesk11: