ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യമില്ലെന്ന സുപ്രീംകോടതി വിധി വന്ന ഇന്ന് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദുഃഖകരമായ ദിവസമാണെന്ന് കോണ്‍ഗ്രസ്. ‘സുപ്രീം കോടതി വിധി നിരവധി ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിരവധി വൈരുധ്യങ്ങളുണ്ട്. ഇരയുടെ പേരുപോലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൃത്യമായല്ല രേഖപ്പെടുത്തിയിരിക്കുന്നത്’- കോണ്‍ഗ്രസ് വക്താവ് ആര്‍.എസ്. സുര്‍ജേവാല പറഞ്ഞു.
കോണ്‍ഗ്രസ് വക്താവും സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ മനു അഭിഷേക് സിങ്‌വിയും കോടതി വിധിക്കെതിരെ രംഗത്തെത്തിയിരുന്നു. ലോയകേസില്‍ തെറ്റായതും സാമാന്യബുദ്ധിക്ക് നിരക്കാത്തതുമായി വിശകലനമാണ് നടന്നിരിക്കുന്നത്. നിരവധി ചോദ്യങ്ങളും ഉത്തരങ്ങളും ബാക്കിയാക്കിയാണ് കേസില്‍ കോടതി വിധി പറഞ്ഞിരിക്കുന്നതെന്നും അഭിഷേക് സിങ്‌വി ട്വീറ്റ് ചെയ്തു.
മുന്‍ സി.ബി.ഐ കോടതി ജഡ്ജിയായിരുന്ന ലോയയുടെ മരണത്തില്‍ പ്രത്യേകാന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എ.എം ഖന്‍വില്‍കര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഏറെ വിവാദമുയര്‍ത്തിയ സംഭവത്തില്‍ ഇനി അന്വേഷണം വേണ്ടെന്ന് ഉത്തരവിട്ടത്. ജസ്റ്റിസ് ലോയയുടെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളില്‍ ദുരൂഹതയില്ലെന്നും ജുഡീഷ്യല്‍ ഓഫീസര്‍മാരായ ശ്രീകാന്ത് കുല്‍ക്കര്‍ണി, ശ്രീരാം മൊഡാക്, എം. രതി, വിജയ്കുമാര്‍ ബദ്രെ എന്നിവരുടെ വിശദീകരണവും ബോംബെ ഹൈക്കോടതി ജസ്റ്റിസുമാരായ ഭൂഷണ്‍ ഗവായ്, സുനില്‍ ഷുക്രെ എന്നിവരുടെ ദൃഢപ്രസ്താവവും അവിശ്വസിക്കാന്‍ കാരണമില്ലെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു.