X
    Categories: CultureMoreViews

കേന്ദ്ര സര്‍വകലാശാല: ദളിത് വിദ്യാര്‍ത്ഥിയെ പുറത്താക്കിയത് എ.ബി.വി.പി പ്രവര്‍ത്തകന്റെ പരാതിയില്‍

കാഞ്ഞങ്ങാട്: കേന്ദ്ര സര്‍വകലാശാല കാസര്‍കോട് പെരിയ ക്യാമ്പസില്‍ ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ പി.എച്ച്.ഡിക്ക് ചേര്‍ന്ന ദളിത് വിദ്യാര്‍ത്ഥി അജിത്തിനെ പുറത്താക്കിയത് എ.ബി.വി.പി പ്രവര്‍ത്തകന്റെ പരാതിയെ തുടര്‍ന്ന്. ക്യാമ്പസിലെ മുന്‍ എ.ബി.വി.പി പ്രവര്‍ത്തകന്‍ രജിലേഷാണ് പരാതി നല്‍കിയത്. രജിലേഷ്, രാഷ്ട്ര മന്ദിര്‍, കണ്ണൂര്‍ എന്ന വിലാസത്തില്‍ അജിത്തിനെതിരെ പരാതി നല്‍കിയത്. ഈ പരാതി മറച്ചുവച്ച സര്‍വ്വകലാശാല അടിസ്ഥാന രഹിതമായ കാരണങ്ങളുണ്ടാക്കിയാണ് അജിത്തിനെ സര്‍വ്വകലാശാലയില്‍ നിന്നും പുറത്താക്കിയത്. 2017 ഡിസംബര്‍ ആറിന്റെ വിജ്ഞാപന പ്രകാരമാണ് സര്‍വകലാശാലയില്‍ മലപ്പുറം മഞ്ചേരി സ്വദേശി അജിത് കേന്ദ്ര സര്‍വ്വകലാശാലയില്‍ ഇന്റര്‍ നാഷണല്‍ റിലേഷന്‍ ആന്റ് പൊളിറ്റിക്‌സ് എന്ന വിഷയത്തില്‍ പി.എച്ച്.ഡിക്ക് അഡ്മിഷന്‍ നേടിയത്.

അഡ്മിഷന്‍ നേടിയ അജിത് 2018 ഫെബ്രുവരി ഒന്നിന് പ്രവേശനം നേടി ഗവേഷണം ആരംഭിച്ച് ഒന്നര മാസം പിന്നിട്ടപ്പോള്‍ മാര്‍ച്ച് 16ന് സര്‍വകലാശാല പുറത്താക്കുകയായിരുന്നു. അഡ്മിഷന്‍ സമയത്തെ ഡോക്ടര്‍ റിസര്‍ച്ച് കമ്മറ്റിയുടെ ഇന്റര്‍വ്യൂവില്‍ ഗൈഡ് ഹാജരായില്ലെന്നാണ് അജിതിനോട് സര്‍വ്വകലാശാല അധികൃതര്‍ പറഞ്ഞ മറുപടി. ഇതിനെതിരെ അജിത്ത് ഹൈക്കോടതിയില്‍ കേസ് നല്‍കി. ഇത് ഹൈക്കോടതിയില്‍ എത്തുമ്പോള്‍ അജിത്തിനോട് പറഞ്ഞ മറുപടിയല്ല സര്‍വകലാശാല ഹൈക്കോടതിയില്‍ പറഞ്ഞത്. യു.ജി.സി നിയമത്തിന് വിരുദ്ധമായിട്ടായിരുന്നു അജിത്തിന്റെ അഡ്മിഷന്‍. അതിനാലാണ് പുറത്താക്കിയതെന്നായിരുന്നു. കേന്ദ്ര സര്‍വകലാശാലയില്‍ അഡ്മിഷന് വേണ്ടി സര്‍വകലാശാല ഇറക്കിയ വിജ്ഞാപനത്തില്‍ സി.എസ്.ഐ.ആറിന്റെ ജൂനിയര്‍ ഫെലോഷിപ്പുള്ളവര്‍ക്കും യു.ജി.സിയുടെ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പുള്ളവര്‍ക്കും അഡ്മിഷന് എടുക്കാമെന്നും നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് എന്‍ട്രന്‍സ് പരീക്ഷയിലൂടെയും അഡ്മിഷന്‍ നേടാമെന്നുമാണ് വ്യക്തമാക്കിയിട്ടുള്ളത്. എന്‍ട്രന്‍സ് പരീക്ഷയില്‍ പൊതുവിഭാഗത്തിന് 45 ശതമാനവും പട്ടിക വര്‍ഗക്കാര്‍ക്ക് 35 ശതമാനമായും മാര്‍ക്ക് കുറച്ച് വിജ്ഞാപനം ഇറക്കിയിരുന്നു. ഇത് അനുസരിച്ച് അജിത്ത് ഉള്‍പ്പെടെ 6 കുട്ടികള്‍ക്ക് സര്‍വ്വകലാശാലയില്‍ അഡ്മിഷന്‍ ലഭിച്ചു. എന്നാല്‍ അജിത്തിനെ പുറത്താക്കിയത് ന്യായീകരിക്കാന്‍ സര്‍വ്വകലാശാല മാര്‍ച്ച് 27, 28 തീയ്യതികളില്‍ പുറത്തിറക്കിയ പുതിയ വിജ്ഞാപനത്തില്‍ 2017 ഡിസംബര്‍ ആറിലെ നോട്ടിഫിക്കേഷന്‍ റദ്ദാക്കി.

ഹൈക്കോടതിയില്‍ കേസ് പരിഗണനക്ക് എത്തിയപ്പോഴാണ് എ.ബി.വി.പി പ്രവര്‍ത്തകനായ രജിലേഷാണ് പരാതി നല്‍കിയതെന്ന് വ്യക്തമായത്. രജിലേഷ് സര്‍വ്വകലാശാലയിലെ ബി.ജെ.പിക്കാരായ ആറ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍ക്ക് പരാതി നല്‍കുകയായിരുന്നു. പരാതി പരിഗണിച്ച കൗണ്‍സില്‍ അജിത്തിനെ പുറത്താന്‍ അടിസ്ഥാന രഹിതമായ കാരണങ്ങള്‍ ഉണ്ടാക്കുകയായിരുന്നുവെന്ന് അന്നേ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഒരേ നോട്ടിഫിക്കേഷന്‍ പ്രകാരം അഡ്മിഷന്‍ എടുത്ത ആറ് വിദ്യാര്‍ത്ഥികളില്‍ ഒരാളെ മാത്രം വിജ്ഞാപനം റദ്ദാക്കി പുറത്താക്കുന്നത് വിചിത്രമാണ്. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി തല്‍സ്ഥിതി തുടരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സര്‍വ്വകാശാല ഇതുവരെ അജിത്തിന് പ്രവേശനം നല്‍കിയിട്ടില്ല.

ചന്ദ്രിക വെബ് ഡെസ്‌ക്‌: