സാമൂഹിക പരിഷ്‌കര്‍ത്താവും നവോത്ഥാന നായകനുമായിരുന്ന ശ്രീനാരായണഗുരു, കേരളത്തിലെ സാമൂഹിക സാമുദായിക നവോത്ഥാനത്തില്‍ പ്രധാന പങ്കുവഹിച്ച മന്നത്ത് പത്മനാഭന്‍, ബ്രിട്ടീഷ് ഇന്ത്യയിലെ തിരുവതാംകൂര്‍ രാജ്യത്തെ അയിത്ത വിഭാഗക്കാരായി കരുതപ്പെട്ടിരുന്ന വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിച്ച സാമൂഹ്യ പരിഷ്‌കര്‍ത്താവ് അയ്യങ്കാളി, അനാചരങ്ങളോടുള്ള പ്രതിഷേധം സ്വന്തം കുടുമ മുറിച്ചുകൊണ്ട് നടത്തിയ നവോത്ഥാന നായകന്‍ ഡോക്ടര്‍ അയ്യത്താന്‍ ഗോപാലന്‍, അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പൊരുതിയ ബ്രഹ്മാനന്ദ ശിവയോഗി, ഇരുപതാം ശതകത്തില്‍ കേരളത്തില്‍ ഉണ്ടായ നവോത്ഥാനത്തില്‍ പങ്കുവഹിച്ച ആത്മീയാചാര്യന്‍ വാഗ്ഭടാനന്ദന്‍, നമ്പൂതിരി സമുദായത്തില്‍ നിലനിന്നിരുന്ന ജാതിവ്യവസ്ഥക്കും യാഥാസ്ഥിതിക്കുമെതിരെ പ്രവര്‍ത്തിച്ചവരില്‍ പ്രമുഖനായ വി.ടി ഭട്ടതിരിപ്പാട്, കടത്തനാടന്‍ സിംഹം എന്ന പേരില്‍ അറിയപ്പെടുന്ന കുറൂളി ചേകോന്‍, ചാവറയച്ചന്‍, കുമാരഗുരു തുടങ്ങി നവോത്ഥാന-സാമൂഹ്യ പരിഷ്‌കരണത്തിനായി പ്രവര്‍ത്തിച്ചവര്‍ നിരവധിയുണ്ട് കേരളത്തില്‍. സാക്ഷരതയിലും മുന്നിലാണ് നമ്മള്‍. പരിഷ്‌കൃതരെന്ന് മേനി നടിക്കുന്ന സംസ്ഥാനത്തുനിന്നാണ് സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവരുന്നത്. കേരളം പോലെ ഉന്നത ജീവിത നിലവാരം പുലര്‍ത്തുന്ന സംസ്ഥാനത്തുനിന്ന് ഒരിക്കലും കേള്‍ക്കാന്‍ പാടില്ലാത്ത വാര്‍ത്തയാണിത്. കേരളത്തിലും നരബലി അരങ്ങേറിയതായുള്ള വാര്‍ത്ത അന്ധവിശ്വാസങ്ങളും ആഭിചാരക്രിയകളും കേരളത്തില്‍ നിന്ന് വിട്ടുപോയിട്ടില്ലെന്ന പേടിപ്പിക്കുന്ന സത്യമാണ് വിളിച്ചുപറയുന്നത്.
തിരുവല്ലയിലെ ദമ്പതികള്‍ക്ക് ഐശ്വര്യലബ്ധിക്കായി എറണാകുളം ജില്ലയിലെ രണ്ട് സ്ത്രീകളെ ബലി നല്‍കിയ വിവരങ്ങളാണ് പുറത്തുവരുന്നത്. കടവന്ത്രയിലെ ഒരു സ്ത്രീയെ കാണാനില്ലെന്ന പരാതിയിലാണ് പൊലീസ് അന്വേഷണമാരംഭിച്ചത്. കഴിഞ്ഞ മാസം 27നാണ് സ്ത്രീയെ കാണാതായത്. ഒരു സത്രീയെ കാലടി പൊലീസ്‌സ്റ്റേഷന്‍ പരിധിയില്‍നിന്ന് ജൂണിലും കാണാതായി. നരബലി നടന്നത് പത്തനംതിട്ട ജില്ലയിലെ ആറന്മുള പൊലീസ്‌സ്റ്റേഷന്‍ പരിധിയിലാണ്. കടവന്ത്ര സ്വദേശിയായ സ്ത്രീയെ കാണാനില്ലെന്ന പരാതിയില്‍ തുടങ്ങിയ അന്വേഷണമാണ് കേരളത്തെ ഞെട്ടിക്കുന്ന കണ്ടെത്തലുകളില്‍ എത്തിച്ചത്. ഇവരുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ തിരഞ്ഞ്‌പോയ പൊലീസ് തിരുവല്ലയിലെത്തി. വിശദമായ അന്വേഷണത്തില്‍ പെരുമ്പാവൂര്‍ സ്വദേശിയും പിന്നാലെ തിരുവല്ലക്കാരായ ദമ്പതികളും പൊലീസ് പിടിയിലാവുകയായിരുന്നു. ആഭിചാരക്രിയകള്‍ ചെയ്യുന്നയാള്‍ക്കും കുടുംബത്തിനും ഐശ്വര്യവും സമ്പത്തും ലഭിക്കാനായി സ്ത്രീകളെ തിരുവല്ലയിലേക്ക് എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. സ്ത്രീകളെ എത്തിച്ച ഇടനിലക്കാരനും പിടിയിലായിട്ടുണ്ട്.
ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍നിന്നു കേട്ടുകൊണ്ടിരുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ കേരളത്തിലും അരങ്ങേറുന്നത്. മലയാളിക്ക് നരബലി കെട്ടുകഥ മാത്രമായിരുന്നു. നവോത്ഥാന കേരളത്തിന്റെ അട്ടിപ്പേറുമായി വീരവാദം മുഴക്കുന്ന മാര്‍ക്‌സിസ്റ്റുകാര്‍ ഭരണം നടത്തുമ്പോള്‍ തന്നെയാണ് ഇത്തരം ആഭിചാരക്രിയകള്‍ അരങ്ങേറിയത്. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 620 കിലോമീറ്റര്‍ ദൂരത്തില്‍ വനിതാമതില്‍ പണിതവരാണ് സി.പി.എമ്മുകാര്‍. കേസിലെ പ്രതിയായ ഒരാള്‍ സജീവ സി.പി.എം പ്രവര്‍ത്തകനാണെന്നറിയുമ്പോള്‍ ഇവരുടെ പൊള്ളത്തരമാണ് വെളിവാകുന്നത്. മതമില്ലെന്ന് വിശ്വസിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ വക്താവാണിയാള്‍. അപ്പോള്‍ ആര്‍ക്കുവേണ്ടിയായിരുന്നു വന്‍ തുക ചിലവഴിച്ച് നവോത്ഥാന മതില്‍ കെട്ടിയത് എന്ന ചോദ്യം ബാക്കിയാകുന്നു.
സുഖിച്ചുകഴിയാനുള്ള വിഭവം എളുപ്പത്തില്‍ കണ്ടെത്താനുള്ള വ്യഗ്രതയാണ് മനുഷ്യന്. അതിന് കൂടെപിറപ്പുകളെ പോലും നിഷ്ഠൂരമായി കൊന്നുതള്ളും. ഇവിടെയും മറിച്ചല്ല സംഭവിച്ചത്. പെട്ടെന്ന് പണം സമ്പാദിക്കാനും ജീവിതത്തില്‍ ഐശ്വര്യമുണ്ടാകാനും വേണ്ടിയാണ് ഈ കടുംകൈ ചെയ്തത്. അന്ധവിശ്വാസങ്ങളുടെ പേരില്‍ രാജ്യത്തെ പാവപ്പെട്ടവരായ നിരവധി പേര്‍ ചൂഷണത്തിനും പീഡനങ്ങള്‍ക്കും ഇരയാകുന്ന സാഹചര്യമുണ്ട്. ഇത് തടയാന്‍ ശക്തമായ നിയമം വേണം. പ്രതികള്‍ രക്ഷപെടുന്ന അവസ്ഥ ഉണ്ടാകരുത്. അതിന് ഭരണാധികാരികളും നിയമ പാലകരും നിതാന്ത ജാഗ്രത പുലര്‍ത്തണം. മതിലുകള്‍ പണിതതുകൊണ്ടുമാത്രം കാര്യമില്ല, ശക്തമായ നടപടികളാണ് വേണ്ടത്.