ആശാവര്‍ക്കര്‍മാരുമായി എന്‍ എച്ച് എം ഡയറക്ടര്‍ നടത്തിയ ചര്‍ച്ച ഫലം കാണാതെ പിരിഞ്ഞു. സമരക്കാരുടെ ആവശ്യങ്ങളൊന്നും പരിഗണിക്കാന്‍ എന്‍ എച്ച് എം തയ്യാറായില്ല. ആശമാരെ കേള്‍ക്കാന്‍ പോലും എന്‍ എച്ച് എം തയ്യാറായില്ല എന്ന് ചര്‍ച്ചയ്ക്കു ശേഷം പ്രവര്‍ത്തകര്‍ ആരോപിച്ചു. മുന്‍ നിശ്ചയപ്രകാരം ആശമാര്‍ മാര്‍ച്ച് 20 വ്യാഴാഴ്ച മുതല്‍ നിരാഹാര സമരം തുടങ്ങും. ചര്‍ച്ച പ്രഹസനമായിരുന്നുവെന്നും സമരസമിതി ആരോപിച്ചു.
നിരാഹാര സമരം നാളെ തുടങ്ങാനിരിക്കെയാണ് ഇന്ന് അപ്രതീക്ഷിതമായി ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിക്കുകയായിരുന്നു സര്‍ക്കാര്‍. കഴിഞ്ഞ 38 ദിവസമായി തുടരുന്ന സമരത്തില്‍ ഇപ്പോഴാണ് സര്‍ക്കാര്‍ നേരിട്ട് ഇടപെടുന്നത്. ഇടതു നേതാക്കളെല്ലാം സമരക്കാരെ അവഹേളിക്കുന്ന നിലപാട് തുടരുകയായിരുന്നു ഇതുവരെ.
എന്‍ എച്ച് എം സ്റ്റേറ്റ് മിഷന്‍ ഉദ്യോഗസ്ഥരുമായായാണ് ആദ്യവട്ട ചര്‍ച്ച നടന്നത്. ചര്‍ച്ചയില്‍ മന്ത്രി വീണാജോര്‍ജ്ജ് പങ്കെടുത്തിരുന്നില്ല. മന്ത്രിയുമായി ചര്‍ച്ച നടത്തണമെന്ന ആവശ്യവും സമരക്കാര്‍ ഇന്ന് ഉന്നയിച്ചു. എന്നാല്‍ ഈ ഉറപ്പും ലഭിച്ചില്ല.
ഓണറേറിയം വര്‍ദ്ധിപ്പിക്കുക എന്നതാണ് ആശാവര്‍ക്കര്‍മാരുടെ പ്രധാന ആവശ്യം. ഇതോടൊപ്പം വിരമിക്കല്‍ ആനുകൂല്യം നല്‍കുക . കുടിശ്ശിക വേതനം നല്‍കുക, വേതനം ലഭിക്കുന്നതിലെ നിബന്ധനകള്‍ നീക്കുക തുടങ്ങിയ ഒരു പിടി ആവശ്യങ്ങളാണ് ആശമാര്‍ ഉയര്‍ത്തിയിരുന്നത്. മാനദണ്ഡങ്ങള്‍ സങ്കീര്‍ണമായതിനാല്‍ തുച്ഛമായ ഓണറേറിയം മാത്രമാണ് ലഭിക്കുന്നതെന്നാണ് ആശമാരുടെ പരാതി.
ഈ ആവശ്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി ആശാവര്‍ക്കര്‍ മാര്‍ അറിയിച്ചുകൊണ്ടാണ് ഇവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്. ആദ്യവട്ട ചര്‍ച്ച പൊളിഞ്ഞതോടെ ഇനി ആരോഗ്യമന്ത്രിയുടെ ഓഫീസ് ഇടപെടല്‍ നിര്‍ണ്ണായകമായിരിക്കുകയാണ്