X

ഫലസ്തീന്‍, ഇസ്രാഈല്‍ നേതാക്കളുമായി കുഷ്‌നര്‍ ചര്‍ച്ച നടത്തി

വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകനും ഉപദേഷ്ടാവുമായ ജാരെദ് കുഷ്‌നര്‍ ഫലസ്തീന്‍ നേതാവ് മഹ്മൂദ് അബ്ബാസുമായും ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും ചര്‍ച്ച നടത്തി.
2014 മുതല്‍ സ്തംഭിച്ചിരിക്കുന്ന യു.എസ് മധ്യസ്ഥതയിലുള്ള ചര്‍ച്ച വീണ്ടും ആരംഭിക്കുന്നതിന് ട്രംപിന്റെ പശ്ചിമേഷ്യന്‍ ദൂതന്‍ ജേസന്‍ ഗ്രീന്‍ബ്ലാട്ടിനോടൊപ്പം കുഷ്‌നര്‍ ശ്രമം തുടരുകയാണ്. ബുധനാഴ്ച റാമല്ലയിലെത്തിയ അദ്ദേഹം അബ്ബാസിനെ കണ്ടു. ഇസ്രാഈലുമായുള്ള സംഘര്‍ഷത്തിന്റെ മുഴുവന്‍ വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടതായി അബ്ബാസിന്റെ വക്താവ് പറഞ്ഞു.
ഫലസ്തീനികള്‍ക്ക് സാമ്പത്തിക അവസരങ്ങള്‍ തുറന്നുകൊടുക്കുകയും നിക്ഷേപങ്ങള്‍ നടത്തുകയും വേണമെന്ന ആവശ്യം അമേരിക്കയും അംഗീകരിക്കുന്നതായി വൈറ്റ്ഹൗസ് അറിയിച്ചു. സമാധാനം സാധ്യമാണെന്ന് കുഷ്‌നര്‍ ഉറച്ചുവിശ്വസിക്കുന്നതായി ഒരു യു.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വരും മാസങ്ങളില്‍ കുഷ്‌നറും ഗ്രീന്‍ബ്ലാട്ടും പശ്ചിമേഷ്യയില്‍ കൂടുതല്‍ സന്ദര്‍ശനങ്ങള്‍ നടത്തും.
എന്നാല്‍ ഇസ്രാഈല്‍ പക്ഷപാതിയായ കുഷ്‌നറില്‍ ഫലസ്തീനികള്‍ക്ക് വിശ്വാസമില്ല. ഫലസ്തീനിലെ അധിനവിഷ്ട മേഖലയിലുള്ള നിയമവിരുദ്ധ പാര്‍പ്പിടകേന്ദ്രങ്ങളില്‍ കുഷ്‌നറുടെ കുടുംബത്തിന് നിക്ഷേപമുണ്ട്. നെതന്യാഹുവുമായി അദ്ദേഹം വ്യക്തിബന്ധവും കാത്തുസൂക്ഷിക്കുന്നുണ്ട്. അമേരിക്കയുടെ സമാധാന ദൗത്യ ചരിത്രത്തില്‍ ഒട്ടും വിശ്വസിക്കാന്‍ കൊള്ളാത്ത മധ്യസ്ഥനെന്നാണ് പ്രമുഖ ഫലസ്തീന്‍ നേതാവ് ഉമര്‍ ബര്‍ഗുതി കുഷ്‌നറെ വിശേഷിപ്പിച്ചത്.
25 വര്‍ഷമായി ഒരു ഫലവും കാണാത്ത യു.എസ് മധ്യസ്ഥ ശ്രമങ്ങളില്‍ ഫലപ്രദമായി എന്തെങ്കിലും ചെയ്യാന്‍ ഭരണപരമായോ അന്താരാഷ്ട്രതലത്തിലോ ഒരു പരിചയവുമില്ലാത്ത കുഷ്‌നര്‍ക്ക് സാധിക്കുമെന്ന് തോന്നുന്നില്ല.
ബറാക് ഒബാമയുടെ കാലത്ത് അന്നത്തെ സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകളെല്ലാം പരാജയമായിരുന്നു. ഒരു ഭാഗത്ത് ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ തുടരുമ്പോള്‍ ഇസ്രാഈല്‍ നടത്തിയ അനധികൃത ജൂത പാര്‍പ്പിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒബാമ ഭരണകൂടത്തെ രോഷാകുലരാക്കി. ഫലസ്തീനികള്‍ക്ക് അവകാശങ്ങള്‍ വകവെച്ചുകൊടുത്തുകൊണ്ടുള്ള ദ്വിരാഷ്ട്ര ഫോര്‍മുലയിലായിരുന്നു ഒബാമക്ക് താല്‍പര്യം. എന്നാല്‍ അത്തരമൊരു ഫോര്‍മുലയില്‍ തന്നെ ട്രംപിന് വിശ്വാസമില്ല. ഇരുകക്ഷികള്‍ക്കും താല്‍പര്യമുള്ള ഒരു രാഷ്ട്രത്തെയാണ് താന്‍ ഇഷ്ടപ്പെടുന്നതെന്ന് ഫെബ്രുവരിയില്‍ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

chandrika: