X

‘ദേശീയതലത്തിലും ചർച്ചയായി, ഉത്തരം വേണം’; എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയിൽ അതൃപ്തി അറിയിച്ച് സി.പി.ഐ

എ.ഡി.ജി.പി-ആര്‍.എസ്.എസ് കൂടിക്കാഴ്ച ഗുരുതരമായ വീഴ്ചയായി കാണുന്നുവെന്ന് സി.പി.ഐ സെക്രട്ടറി ഡി രാജ. എ.ഡി.ജി.പി അജിത് കുമാര്‍ ആര്‍.എസ്.എസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത് വലിയ വിവാദത്തിന് തിരി കൊളുത്തിയെന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം ഇതൊരു ഗുരുതരമായ വിഷയമാണെന്നും ഇത് കേരളത്തില്‍ മാത്രമല്ല കേരളത്തിന് പുറത്തും വലിയ വിവാദമായി മാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ ആര്‍.എസ്.എസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത് വലിയ വിവാദത്തിന് കാരണമായിട്ടുണ്ട്. കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലൊട്ടാകെ അത് വിവാദമായിട്ടുണ്ട്. ഉന്നത തലത്തില്‍ ഇരിക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ എന്തിനാണ് ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതെന്ന് ആളുകള്‍ ചോദിക്കുന്നു. അദ്ദേഹം കൂടിക്കാഴ്ച നടത്തിയ സമയവും അതിന്റെ ഉള്ളടക്കവും ജനങ്ങളില്‍ വലിയ സംശയങ്ങള്‍ ഉണ്ടാക്കുകയും വിവാദത്തിന് കാരണമാവുകയും ചെയ്തു.

ഈ വിഷയം തീര്‍ച്ചയായും അന്വേഷണം നടത്തേണ്ട വിഷയമാണ്. ആ കൂടിക്കാഴ്ചയുടെ താത്പര്യങ്ങള്‍ എന്തൊക്കെ ആയിരുന്നു എന്തൊക്കെ അവിടെ ചര്‍ച്ച ചെയ്തു എന്തായിരുന്നു ഇങ്ങനെ ഒരു കൂടിക്കാഴ്ചയുടെ ആവശ്യകത തുടങ്ങിയ വസ്തുതകള്‍ക്കെല്ലാം ഉത്തരം ലഭിക്കേണ്ടതാണ്. കേരളത്തിലെ ഞങ്ങളുടെ പാര്‍ട്ടിയും വിഷയം ഗൗരവകരമായാണ് കാണുന്നത്. പാര്‍ട്ടി ഇതിനെക്കുറിച്ച് കൂടുതല്‍ പഠനം നടത്തും. ഞങ്ങള്‍ അത് പാര്‍ട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.

സി.പി.ഐ നേതൃത്വം വ്യക്തമായി തങ്ങളുടെ നിലപാട് പറയുമ്പോഴും സി.പി.എമ്മിന് വ്യക്തമായ നിലപാടിലേക്ക് എത്താന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാധ്യമങ്ങളോട് സംസാരിച്ചപ്പോഴും വ്യക്തമായ മറുപടികള്‍ നല്‍കിയിരുന്നില്ല. എ.ഡി.ജി.പി ആരെ വേണമെങ്കിലും കാണാന്‍ പോകട്ടെ അത് തങ്ങള്‍ക്ക് പ്രശ്നമല്ലെന്നും എന്നാല്‍ അതിനെ സി.പി.എമ്മുമായി കൂട്ടിക്കെട്ടാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എ.ഡി.ജെ.പിയുടെ ആര്‍.എസ്.എസ് ബന്ധത്തിന് കൃത്യമായൊരു മറുപടി നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല.

ദത്താത്രേയ ഹൊസബല്ലയുമായി അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയതിന്റെ വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ആര്‍.എസ്.എസ് സമ്പര്‍ക് പ്രമുഖ് എ. ജയകുമാറാണ് കൂടിക്കാഴ്ച്ചയുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ദത്താത്രേയയുമായി കൂടിക്കാഴ്ച നടന്നതിന്റെ അടുത്ത ദിവസം തന്നെ സ്പെഷ്യല്‍ ബ്രാഞ്ച് ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിനുപുറമെ ആര്‍.എസ്.എസ് മുതിര്‍ന്ന നേതാവ് റാം മാധവുമായി എ.ഡി.ജി.പി കൂടിക്കാഴ്ച നടത്തിയതിന്റെ വിവരങ്ങളും പുറത്തുവന്നിരുന്നു. ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് എത്തിയപ്പോഴായിരുന്നു റാം മാധവുമായി എം.ആര്‍. അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയത്. 2023 ഡിസംബര്‍ അവസാനത്തോടെയായിരുന്നു കൂടിക്കാഴ്ച. ഈ കൂടിക്കാഴ്ചയുടെയും ഇടനിലക്കാരന്‍ ജയകുമാര്‍ തന്നെയായിരുന്നു.

webdesk13: