X
    Categories: indiaNews

തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ ബ്രാഹ്‌മണരല്ലാത്ത പൂജാരിമാരോട് വിവേചനം

തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ ബ്രാഹ്‌മണരല്ലാത്ത വിഭാഗത്തില്‍പ്പെട്ട പൂജാരിമാര്‍ വിവേചനം നേരിടുന്നതില്‍ റിപ്പോര്‍ട്ട് തേടി ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ്(എച്ച്.ആര്‍.ആന്‍ഡ്.സി.ഇ) ഡിപ്പാര്‍ട്ടമെന്റ്. സംസ്ഥാനത്തെ വിവിധ മതവിഭാഗങ്ങളോടാണ് വിവേചനം സംബന്ധിച്ച റിപ്പോട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം നിലവില്‍ നിലനില്‍ക്കുന്ന വിവേചനങ്ങള്‍ പരിഹരിച്ച് ‘അഗാമിക’ ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ ക്ഷേത്രങ്ങളിലും ജാതിഭേദമന്യേ പൂജാരിമാരെ നിയമിക്കാന്‍ പ്രത്യേക നിയമനിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ പൂജാരിമാരുടെ സംഘട
നയായ അസോസിയേഷന്‍ ഫോര്‍ ട്രെയിന്‍ഡ് അര്‍ച്ചകസ് മുഖ്യമന്ത്രി എം.കെ സ്റ്റാലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

2021ല്‍ ഡി.എം.കെ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോഴാണ് ബ്രാഹമണേതര സമുദായത്തിലെ 24 പൂജാരിമാരെ വിവിധ ക്ഷേത്രങ്ങളില്‍ നിയമിച്ചത്. പിന്നീട് നാല് പേരെക്കൂടി വീണ്ടും നിയമിക്കുകയായിരുന്നു. എന്നാല്‍ നിയമനത്തെ ചോദ്യം ചെയ്ത് നിരവധി കേസുകള്‍ തമിഴ്‌നാട്ടില്‍ ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍ ചിലത് ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണയിലാണ്.

എന്നാല്‍ ഡി.എം.കെ സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് വ്യാപകമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ക്ഷേത്രത്തിലെ സഹപ്രവര്‍ത്തകരില്‍ നിന്ന് പോലും വിവേചനം നേരിടുന്നതായി പൂജാരികള്‍ പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോട്ട് ചെയ്തു.’ അബ്രാഹ്‌മണരെ നിയമിക്കുന്നത് നിയമപരമായതിനാല്‍ ബ്രാഹ്‌മണ പൂജാരിമാര്‍ പരസ്യമായി വിവേചനം കാണിക്കാറില്ല. എന്നാല്‍ വിവേചനം ഉണ്ട് എന്ന കാര്യം പ്രകടമാണ്. മറ്റ് പൂജാരിമാര്‍ ഞങ്ങളുമായി സൗഹൃദത്തിലാവുന്നത് വളരെ കുറവാണ്,’ ഒരു പൂജാരി പറഞ്ഞു.

‘ആദ്യം, എന്നെ പൂജ ചെയ്യാന്‍ അനുവദിച്ചിരുന്നില്ല, പിന്നീട് ഉദ്യോഗസ്ഥര്‍ ഇടപെട്ടതിനെത്തുടര്‍ന്നാണ് അതിനുള്ള അവകാശം ലഭിച്ചത്. അതിന് ശേഷം ഉച്ചവരെ പൂജ നടത്തുന്നത് ഞാന്‍ ആണ്. എല്ലാ ദിവസവും രാവിലെ തലേദിവസം വിഗ്രഹത്തില്‍ സമര്‍പ്പിച്ച മാലകള്‍ ഭക്തര്‍ക്ക് നല്‍കാറുണ്ട്. എന്നാല്‍ വൈകുന്നേരം ഞാന്‍ പൂജ ചെയ്യുന്നതിനാല്‍ ആ മാലകള്‍ ഭക്തര്‍ക്ക് നല്‍കാതെ വേസ്റ്റ് കൊട്ടയില്‍ ഇടുന്നു. കൂടാതെ, ബ്രാഹ്‌മണ പൂജാരിമാര്‍ തങ്ങളുടെ പൂജ കഴിയുമ്പോള്‍ ദേവിമാരുടെ വിഗ്രഹത്തില്‍ നിന്ന് വെള്ളി ആഭരണങ്ങള്‍ നീക്കം ചെയ്യുന്നു. അതിനാല്‍ നമുക്ക് അവ കിട്ടാന്‍ വീണ്ടും അധികാരികളെ സമീപിക്കണം.

എനിക്ക് മേല്‍ശാന്തിയുടെ ശ്രീകോവിലില്‍ പ്രവേശിക്കാനോ പൂജ നടത്താനോ അനുവാദമില്ല. മറിച്ച് ക്ഷേത്ര ഇടനാഴിക്ക് ചുറ്റുമുള്ള ഭാഗങ്ങളില്‍ മാത്രമെ പൂജ നടത്താന്‍ സാധിക്കുള്ളൂ, മറ്റൊരു പുരോഹിതന്‍ പറഞ്ഞു. ഈ വിവേചനം കാരണം വാടകയ്ക്ക് വീട് ലഭിക്കാന്‍ പോലും ബുദ്ധിമുട്ടാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ നഗര പ്രദേശങ്ങളിലെ ക്ഷേത്രങ്ങളില്‍ താരതമേന വിവേചനം കുറവാണ്. അവിടെ ആളുകള്‍ തങ്ങളുടെ ജാതിയെക്കുറിച്ച് അന്വേഷിക്കുന്നില്ല എന്നത് ആശ്വാസം നല്‍കുന്ന കാര്യമാണെന്നും പൂജാരിമാര്‍ പറയുന്നു. എന്നാല്‍ ചിലയിടങ്ങളില്‍ ബ്രാഹ്‌മണ പൂജാരിമാരെ മാത്രമാണ് ഭക്തര്‍ ഇഷ്ടപ്പെടുന്നതെന്നും അവര്‍ പറയുന്നു.

എന്നാല്‍ ഈ പ്രയാസങ്ങള്‍ സഹിച്ച് പിടിച്ചു നിന്നാലും ജോലിക്കനുസരിച്ച് വരുമാനം ലഭിക്കുന്നില്ലെന്നും അവര്‍ പറയുന്നു. ഭക്തര്‍ നല്‍കുന്ന വഴിപാടും വീടുകളില്‍ പൂജ നടത്തി ലഭിക്കുന്ന പണവും ഉപയോഗിച്ചാണ് ജീവിതം നയിക്കുന്നതെന്നും ഒരാള്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് വെളിപ്പെടുത്തി. അബ്രാഹ്‌മണരെ പൂജാരിമാരാക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന ഡി.എം.കെ. നേതാവായ എം. കരുണാനിധി 1970 മുതല്‍ത്തന്നെ പോരാട്ടം ആരംഭിച്ചിരുന്നു. 2018ല്‍ മധുരയിലെ തലക്കുളം അയ്യപ്പക്ഷേത്രത്തിലാണ് ആദ്യ അബ്രാഹ്‌മണ പൂജാരിയെ നിയമിക്കുന്നത്.

webdesk13: