കോഴിക്കോട് : കേരളത്തിൽ ഏറ്റവും കൂടുതൽ ഹജ്ജ് തീർത്ഥാടകർ ഉപയോഗിക്കുന്ന കരിപ്പൂർ വിമാനത്താവളം വഴിയുള്ള ഹജജ് യാത്ര നിരക്ക് വർദ്ദിപ്പിച്ച നടപടി തീർത്തും വിവേചനമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റും എയർപോർട്ട് അഡ്വൈസറി ബോർഡ് മെംബറുമായ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.
കണ്ണൂർ, കൊച്ചി എംബാർക്കേഷൻ പോയൻ്റുകളിലെ ടിക്കറ്റ് നിരക്കിൻ്റെ ഇരട്ടി തുകയാക്കി കരിപ്പൂരിൽ ക്വാട്ട് ചെയ്ത എയർ ഇന്ത്യ നടപടി പുനപരിശോധിക്കണം. കേന്ദ്ര വ്യാമയാന വകുപ്പ് ചേർന്നുള്ള ഒത്ത് കളിയാണ് ഇതെന്ന് സംശയിക്കുന്നു. ഈ വിഷയത്തിലെ കേന്ദ്ര ഹജ്ജ് കമ്മറ്റി മൗനം വെടിഞ്ഞ് പരിഹാര നടപടി സ്വീകരിക്കണം. സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ ആസ്ഥാന കേന്ദ്രത്തിൽ തന്നെ സംസ്ഥാന ഹജ്ജ് കമ്മറ്റിയെ നോക്കുകുത്തി യാക്കുന്ന കേന്ദ്രത്തിൻ്റെ ഇത്തരം നടപടി വിശ്വാസികളോടുള്ള വെല്ലുവിളിയാണ്.
വൈഡ് ബോഡീഡ് (വലിയ വിമാനം ) ഇറങ്ങാനുള്ള അനുമതി നൽകാത്തത് തന്നെ കരിപ്പൂരിനോട് കാണിക്കുന്ന അവഗണന യാണ്. എയർ ഇന്ത്യ എക്സ്പ്രസ്സ് ഹജ് തീർത്ഥാടനത്തുനുള്ള അമിത ചാർജ് കുറക്കണം. കേന്ദ്ര,കേരള സർക്കാരുകൾ വിഷയത്തിൽ ഉടൻ പരിഹാരം കാണേണ്ടിയിരിക്കുന്നു. ഏറ്റവും കൂടുതൽ യാത്രക്കാരുള്ള, ഹജ്ജ് ഹൗസ് ഉൾപ്പെട സൗകര്യമുള്ള കരിപ്പൂരിനെ അവഗണിക്കാൻ അനുവദിക്കരുത്.
ഹജ്ജ് അപേക്ഷകർ ഏറ്റവും കൂടുതൽ ഉള്ള മലബാർ മേഖലയിൽ നിന്നുള്ളവർ ആണെന്നിരിക്കെ ഏറ്റവും കൂടുതൽ വിവേചനം നേരിടുന്നതും കരിപ്പൂരിനോടാണ് എന്നതാണ് നഗ്നസത്യം. കേരളത്തിൽ ആദ്യ ഹജ്ജ് എംബാർക്കേഷൻ പോയൻ്റാണ് കരിപ്പൂർ. ഏറെ ത്യാഗങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിലാണ് ഇവിടെ നിന്ന് ഹജ്ജ് സർവീസ് ആരംഭിച്ചത് എന്നാൽ കോർപ്പറേറ്റുകൾക്ക് വേണ്ടി കരിപ്പൂരിനെ കറവ പശു മാത്രമാക്കാനാണ് നീക്കമെങ്കിൽ മുസ്‌ലിം യൂത്ത് ലീഗ് ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് തങ്ങൾ സൂചിപ്പിച്ചു.