X

മോദി ക്യാമ്പിൽ അസ്വാരസ്യം; ഒരു സഖ്യകക്ഷി തങ്ങളുമായി ബന്ധപ്പെട്ടുകഴിഞ്ഞെന്ന് രാഹുൽ ഗാന്ധി

മോദി ക്യാമ്പില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം പി. ഭൂരിപക്ഷം നിലനിര്‍ത്തി ഭരണം തുടരാന്‍ മോദി പാടുപെടുമെന്നും രാഹുല്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. കണക്കുകളും നമ്പറുകളും ഏത് നിമിഷവും മാറിമറിയാം.

മോദി ക്യാമ്പില്‍ വലിയ അതൃപ്തികള്‍ നിലനില്‍ക്കുന്നുണ്ട്. അതിന്റെ സൂചനകള്‍ പുറത്തുവന്നതായും രാഹുല്‍ പറഞ്ഞു. എന്‍ഡിഎയിലെ ഒരു സഖ്യകക്ഷി തങ്ങളുമായി ബന്ധപ്പെട്ടുകഴിഞ്ഞെന്ന് രാഹുല്‍ വെളിപ്പെടുത്തി. എന്നാല്‍ ഈ കക്ഷിയുടെ പേര് അദ്ദേഹം പറഞ്ഞില്ല.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സുപ്രധാനമായ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. സംഖ്യകള്‍ വളരെ ദുര്‍ബലമാണ്. ചെറിയ അസ്വാരസ്യങ്ങള്‍ പോലും സര്‍ക്കാരിനെ വീഴ്ത്തും. 2024ലെ തെരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ വിഭജന രാഷ്ട്രീയത്തിനെതിരായ ജനവിധിയാണ്. നിങ്ങള്‍ക്ക് വിദ്വേഷം പരത്താം, ദേഷ്യം പടര്‍ത്താം, അതിന്റെ നേട്ടം കൊയ്യാം എന്ന ആശയം ഈ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ജനത തള്ളിക്കളഞ്ഞുവെന്ന് രാഹുല്‍ പറഞ്ഞു.

മോദിയുടെ വര്‍ഗീയ പ്രചാരണങ്ങള്‍ ബിജെപിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. മുസ്ലിംകളെ നുഴഞ്ഞുകയറ്റക്കാരെന്നും കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പാര്‍ശ്വവല്‍കരിക്കപ്പെട്ടവര്‍ക്ക് ജോലിയും ക്വാട്ടകളും നല്‍കുമെന്നും മോദി പ്രസംഗിച്ചു നടന്നു. എന്നാല്‍ അതൊന്നും ജനം ചെവിക്കൊണ്ടില്ല. 2014ലും 2019 ലും മോദി ചെയ്തതൊന്നും ഇത്തവണ ഏശിയില്ല ഇനി ഏല്‍ക്കുകയുമില്ല. കഴിഞ്ഞ പത്ത് വര്‍ഷം അയോധ്യയേക്കുറിച്ച് മാത്രം പറഞ്ഞുകൊണ്ടിരുന്ന പാര്‍ട്ടി അയോധ്യയില്‍നിന്ന് തുടച്ചുനീക്കപ്പെട്ടെന്നും രാഹുല്‍ പറഞ്ഞു.

ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം വലിയ മുന്നേറ്റമാണുണ്ടാക്കിയതെന്നും രാഹുല്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലെ വിജയവും അദ്ദേഹം എടുത്തു പറഞ്ഞു. 99 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് 15 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത്. എന്‍ഡിഎ സഖ്യം മൂന്നാം തവണ അധികാരത്തിലേറിയെങ്കിലും ബിജെപി 240 സീറ്റിലേക്ക് കൂപ്പുകുത്തി അവര്‍ക്ക് മാജിക് നമ്പര്‍ നേടാനായില്ലെന്നും രാഹുല്‍ പറഞ്ഞു.

webdesk13: