ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച് ജമ്മുകശ്മീര്‍ മുന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ സത്യപാല്‍ മാലിക് നടത്തിയ വെളിപ്പെടുത്തലിനെക്കുറിച്ച് പ്രതികരിക്കാതെ കേന്ദ്രം. പ്രധാനമന്ത്രിയുടെയും ബി.ജെ.പിയുടേയും കപട ദേശീയതയുടെ പൊയ്മുഖം പിച്ചിച്ചീന്തുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന് 48 മണിക്കൂര്‍ പിന്നിട്ടിട്ടും അക്ഷന്തവ്യമായ മൗനമാണ് കേന്ദ്ര സര്‍ക്കാര്‍ തുടരുന്നത്. പുല്‍വാമയില്‍ നഷ്ടമായ 40 ധീരജവാന്മാരുടെ ജീവന് മറുപടി പറയേണ്ട ഉത്തരവാദിത്തമാണ് ഇതോടെ കേന്ദ്ര സര്‍ക്കാറിനും പ്രധാനമന്ത്രിക്കും മേല്‍ വന്നിരിക്കുന്നത്. വിഷയത്തില്‍ പ്രധാനമന്ത്രിയോ കേന്ദ്ര സര്‍ക്കാറോ പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യവുമായി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി. അതീവ ഗുരുതരമായ ആരോപണങ്ങളാണ് അഭിമുഖത്തില്‍ സത്യപാല്‍ മാലിക് വെളിപ്പെടുത്തിയിരിക്കുന്നത്. സാധാരണ രാഷ്ട്രീയ ആരോപണങ്ങള്‍ പോലെ ഇതിനെ കാണാനാവില്ല. ഭരണഘടനാ പദവിയില്‍ ഇരുന്ന, പുല്‍വാമ ഭീകരാക്രമണം നടക്കുമ്പോള്‍ ജമ്മുകശ്മീരിന്റെ ഭരണ ചുമതല വഹിച്ചിരുന്ന ആള്‍ നടത്തിയ വെളിപ്പെടുത്തലാണ്. ഇക്കാര്യത്തില്‍ മറുപടി പറയാനുള്ള ബാധ്യത പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാറിനുമുണ്ട്. ഇതില്‍നിന്ന് ഒളിച്ചോടാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.
പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാരുടെ ചിത്രങ്ങള്‍ സഹിതം നടത്തിയ ട്വീറ്റിലാണ് ആരോപണങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ വിശദീകരണം ആവശ്യപ്പെട്ട് മറ്റു പ്രതിപക്ഷ കക്ഷികളും രംഗത്തെത്തിയിട്ടുണ്ട്. പുല്‍വാമ ഭീകരാക്രമണത്തില്‍ വലിയ തോതിലുള്ള സൂരക്ഷാ വീഴ്ചയുണ്ടായെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ ദേശീയ വികാരം മുന്നില്‍ നിര്‍ത്തി മോദി സര്‍ക്കാര്‍ ഈ ആരോപണങ്ങളെ മറികടക്കുകയായിരുന്നു. ഒപ്പം ബാലാകോട്ട് സൈനിക നടപടിയിലൂടെ ജനരോഷം മറികടക്കാനുള്ള ശ്രമങ്ങളും മോദി സര്‍ക്കാര്‍ നടത്തി. എന്നാല്‍ സത്യപാല്‍ മാലിക് നടത്തിയ വെളിപ്പെടുത്തലുകളോടെ അന്ന് ഉയര്‍ന്ന സംശയം കേവലം വസ്തുതയാണെന്നും സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. ഒപ്പം സുരക്ഷാ വീഴ്ച മറച്ചുവെക്കാന്‍ നിര്‍ദേശം നല്‍കിയതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് പ്രതിക്കൂട്ടിലാകുകയും ചെയ്യുന്നു.
‘ദ വയറി’ന് നല്‍കിയ അഭിമുഖത്തിലായിരുന്നു സത്യപാല്‍ മാലികിന്റെ നിര്‍ണായക വെളിപ്പെടുത്തലുകള്‍. ‘2500 ജവാന്‍മാരെ കൊണ്ടുപോകാന്‍ സി.ആര്‍.പി.എഫ് അഞ്ച് വിമാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത് നിരസിച്ചു. ഒരുപക്ഷെ വിമാനത്തിലായിരുന്നു ജവാന്‍മാരെ കൊണ്ടുപോയതെങ്കില്‍ ആക്രമണം നടക്കില്ലായിരുന്നു. അന്ന് വൈകുന്നേരം ഞാന്‍ പ്രധാനമന്ത്രിയോട് പറഞ്ഞു, ഇത് നമ്മുടെ തെറ്റുകൊണ്ടാണ് സംഭവിച്ചതെന്ന്. ഇക്കാര്യം ആരോടും പറയരുതെന്നാണ് പ്രധാനന്ത്രി നരേന്ദ്രമോദി തന്നോട് നേരിട്ട് പറഞ്ഞത്. പിന്നീട് ഇതേകാര്യം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും തന്നോട് നേരിട്ട് ആവശ്യപ്പെട്ടു.’ – അഭിമുഖത്തില്‍ സത്യപാല്‍ മാലിക് പറഞ്ഞു.
മറ്റു ചില ഗുരുതര ആരോപണങ്ങളും സത്യപാല്‍ മാലിക് അഭിമുഖത്തില്‍ ഉന്നയിക്കുന്നുണ്ട്. രാജ്യത്ത് നടക്കുന്ന അഴിമതിയില്‍ പ്രധാനമന്ത്രിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നായിരുന്നു ഇതില്‍ ഒന്ന്. പ്രധാനമന്ത്രിയുടെ കൂടെ നില്‍ക്കുന്നവര്‍ അഴിമതിയിലൂടെ പണമുണ്ടാക്കുകയാണെന്നും സത്യപാല്‍ മാലിക് ആരോപിച്ചിരുന്നു. മുന്‍നിര ദേശീയ മാധ്യമങ്ങള്‍ ലാഘവത്തോടെ എടുത്ത മാലികിന്റെ വെളിപ്പെടുത്തലുകള്‍ രാജ്യാന്തര മാധ്യമങ്ങള്‍ ഏറ്റുപിടിച്ചതോടെ വലിയ ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്.
2019 ഫെബ്രുവരി 14നാണ് പുല്‍വാമ ജില്ലയിലെ അവന്തിപോറയില്‍ സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിനു നേരെ നടന്ന ആക്രമണം നടന്നത്. അവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് തിരിച്ച 40 ജവാന്‍മാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 2500 സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരുമായി നീങ്ങുന്ന 78 വാഹനങ്ങള്‍ അടങ്ങുന്നതായിരുന്നു വാഹനവ്യൂഹം. ഇതില്‍ അഞ്ചാമത്തെ വാഹനത്തിനു നേരെ സ്‌ഫോകട വസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചുകയറ്റിയായിരുന്നു ആക്രമണം. സൈനികരെ കൂട്ടത്തോടെ റോഡ് മാര്‍ഗം അയക്കുന്നത് സുരക്ഷിതമല്ലെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വ്യോമമാര്‍ഗം യാത്രക്ക് സൗകര്യം ഒരുക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തോട് നിര്‍ദേശിച്ചത്. എന്നാല്‍ ആഭ്യന്തര മന്ത്രാലയം ഇത് നിരസിക്കുകയായിരുന്നു.