ഉമ്മ ആസ്യയുടെ മയ്യിത്ത് വെട്ടിഒഴിഞ്ഞതോട്ടം ജുമാ മസ്ജിദില്‍ ജനാസ നമസ്‌കാരത്തിന് വച്ചപ്പോള്‍ മകന്‍ മുഹമ്മദ് റാഫിയെ ഏതാനും പേര്‍ താങ്ങിപിടിച്ച് എത്തിക്കുകയായിരുന്നു. നമസ്‌കാരം മിനുട്ടുകള്‍കൊണ്ട് പൂര്‍ത്തിയാക്കി. ഖബര്‍സ്ഥാനിലെ പ്രാര്‍ത്ഥനക്കും കരഞ്ഞുകലങ്ങിയ കണ്ണുമായി റാഫി എത്തിയിരുന്നു. കരിഞ്ചോലമല സംഹാരരുദ്രമായി താണ്ഡവമാടിയപ്പോള്‍ റാഫിക്ക് നഷ്ടമായത് കുടുംബത്തിലെ എട്ടുപേരെയാണ്. ഉപ്പ ഹസനും ഉമ്മ ആസ്യയും ഭാര്യ ഷംനയും ഏകമകള്‍ നിയ ഫാത്തിമയും സഹോദരിമാരായ നുസ്രത്ത്, ജന്നത്ത്, നുസ്രത്തിന്റെ മക്കളായ റിന്‍ഷ മെഹറിന്‍, റിസ്്‌വാന മറിയം എന്നിവരെയാണ് ദുരന്തം വിഴുങ്ങിയത്.
പ്രിയപ്പെട്ടവര്‍ മുഴുവന്‍ മരണത്തിന്റെ തീരത്തണഞ്ഞപ്പോള്‍ പൊട്ടിക്കരയാനല്ലാതെ റാഫിക്ക് ഒന്നും ചെയ്യാനില്ലാതെയായി. ഗള്‍ഫില്‍ നിന്ന്്് എത്തിയ റാഫി ശനിയാഴ്ചയാണ് കരിഞ്ചോലമലയിലെ ദുരന്തഭൂമിയില്‍ എത്തിയത്. വേണ്ടപ്പെട്ടവരെയെല്ലാം ഭൂമി വിഴുങ്ങി എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാവാതെ കരിഞ്ചോലമലക്ക് സമീപമുള്ള മറ്റൊരു വീട്ടില്‍ കഴിയുകയായിരുന്നു ഹതാശനായ റാഫി. ആരുടെയും ആശ്വാസവാക്കുകള്‍ ഉള്ളിലെ തീ കെടുത്തിയില്ല. കഴിഞ്ഞ ദിവസം ബന്ധുക്കളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തപ്പോഴെല്ലാം കരളുരുകുന്ന വേദനയോടെ സാക്ഷിയാവുകയായിരുന്നു ഈ ചെറുപ്പക്കാരന്‍. സുഹൃത്തുക്കളെയും നാട്ടുകാരെയും കാണുമ്പോള്‍ റാഫിക്ക് സഹിക്കാനാവുന്നില്ല. അതുകൊണ്ടുതന്നെ വിവരങ്ങള്‍ തിരക്കിയെത്തുന്നവരില്‍ നിന്ന് ബന്ധുക്കള്‍ റാഫിയെ സംരക്ഷിച്ചുനിര്‍ത്തുകയായിരുന്നു.
റാഫി ഏതാനും വര്‍ഷങ്ങളായി ഗള്‍ഫിലായിരുന്നു. കരിഞ്ചോലമലയുടെ അടിവാരത്ത് വീട് വെച്ചതും റാഫിയുടെ അധ്വാനത്തിന്റെ ഫലമായിരുന്നു. വീടിന്റെ അടയാളം പോലും അവശേഷിപ്പിക്കാതെയാണ് ഉരുള്‍പൊട്ടല്‍ കടന്നുപോയത്. ഒപ്പം പ്രിയപ്പെട്ടവരെയും കവര്‍ന്നെടുത്തു.ഉപ്പ ഹസന്‍ ഏറെക്കാലമായി അസുഖബാധിതനായിരുന്നു. വീല്‍ചെയറില്‍ കഴിയുന്ന ഉപ്പക്ക് വിദഗ്ധ ചികിത്സ നല്‍കാനും വീടിന്റെ അവശേഷിക്കുന്ന ജോലികള്‍ തീര്‍ക്കാനും നാട്ടിലേക്ക് എത്താനിരുന്നതായിരുന്നു. എന്നാല്‍ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചുകൊണ്ട് ദുരന്തവാര്‍ത്തയാണ് റാഫിയെ തേടിയെത്തിയത്.