കോഴിക്കോട്: ബേപ്പൂരില്‍ നിന്നു പുറപ്പെടേണ്ട എംവി മിനിക്കോയി എന്ന കപ്പല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന്് യാത്ര മാറ്റി. കടല്‍ ശാന്തമായ ശേഷമേ ഇനി യാത്ര പുറപ്പെടൂ. ലക്ഷദ്വീപ് തീരത്ത് കനത്ത തോതില്‍ ഓഖി ചുഴലിക്കാറ്റ് വീശിയടിക്കുന്ന സാഹചര്യത്തിലാണ് കപ്പല്‍ യാത്ര മാറ്റിയത്. എറണാകുളത്ത് നിന്ന് പുറപ്പെടേണ്ട എംവി കവരത്തിയും യാത്ര റദ്ദാക്കി.
ചുഴലിക്കാറ്റില്‍ ലക്ഷദ്വീപില്‍ കനത്ത നഷ്ടങ്ങള്‍ക്ക് സാധ്യതയയുണ്ട്്്. മിനിക്കോയിയില്‍ ഹെലിപ്പാഡ് മുങ്ങിയതോടെ വ്യോമഗതാഗതവും അസാധ്യമായിരിക്കുകയാണ്. ഇന്നലെ വൈകീട്ട് ഏഴ് മണി വരെ ഫോണ്‍ ബന്ധങ്ങള്‍ സാധ്യമായിരുന്നു. അതിനുശേഷം സംസാരിക്കാനാവുന്നില്ല. വൈദ്യുതി ഉല്‍പാദനവും വിതരണവും പ്രതിസന്ധിയിലായതോടെ മിനിക്കോയ് ഏറെക്കുറെ ഇരുട്ടിലായി. ബോട്ടുകള്‍ മുങ്ങിപ്പോയി. മത്സ്യബന്ധനത്തിനു പോയതല്ലെങ്കിലും മഴക്കാലം എന്ന നിലക്ക് കാലാവസ്ഥാ വ്യതിയാനത്തെ അവഗണിച്ചതിനാല്‍ ബോട്ടുകള്‍ സുരക്ഷിതമാക്കിയിരുന്നില്ല. കപ്പലുകളില്‍ യാത്ര ചെയ്‌തെത്തുന്നവരെ ചെറിയ ബോട്ടുകളാണ് തീരത്ത്് എത്തിക്കുന്നത്. ബോട്ടുകളില്ലാതായതോടെ കപ്പല്‍ യാത്ര പൂര്‍ണമായും അസാധ്യമായി. പല മേഖലകളിലേക്കും പുറപ്പെട്ട കപ്പലുകള്‍ പലതും തിരിച്ചുവിളിച്ചു. മിനിക്കോയിയിലേക്കു പോയവ മറ്റു പല ദ്വീപുകളിലും ഇറക്കിവിടുകയായിരുന്നു. അഗത്തി, കവരത്തി തുടങ്ങിയ സ്ഥലങ്ങളിലാണ് ഈ യാത്രക്കാരുള്ളത്.
കോണ്‍ക്രീറ്റ് അല്ലാത്ത വീടുകളുടെ എല്ലാം റൂഫുകള്‍ പറന്നുപോയി. വീടു തകര്‍ന്നവര്‍ കോണ്‍ക്രീറ്റ് വീടുകളിലെത്തി അഭയം തേടിയിരിക്കുകയാണ്. ഭീമന്‍ തിരമാലയെത്തിയാല്‍ സ്ഥിതി കൂടുതല്‍ വഷളാകും. ലക്ഷദ്വീപ് അരമീറ്റര്‍ മാത്രം ഉയരത്തിലാണുള്ളത്്. എന്നാല്‍ ആറ് മീറ്റര്‍ വരെ ഉയരത്തില്‍ തിരയടിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. അരക്കിലോമീറ്റര്‍ തിരയടിച്ചാല്‍ കടലിന്റെ മറുവശം എത്തുമെന്നിരിക്കെ പത്ത് കിലോമീറ്റര്‍ വരെ ദൂരത്തില്‍ അടിക്കാന്‍ സാധ്യതയുണ്ടെന്ന പ്രവചനവും ഏറെ ഭീതിയുളവാക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിനു പോലും സാധ്യതയില്ലാത്ത വിധം ഗുരുതരമാണ് സ്ഥിതി. അയ്യായിരത്തിലേറെ ആളുകളെ ഒഴിപ്പിക്കല്‍ പ്രായോഗികമായി സാധ്യമല്ല. ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ തന്നെ കുടിവെള്ളം പോലും കിട്ടാത്ത സ്ഥിതിയുണ്ടാകും.