പാരീസ്: പുരുഷ, വനിതാ 4-400 മീറ്റർ റിലേകളിലും ഇന്ത്യക്ക് ഫൈനൽ ബെർത്തില്ല. സ്റ്റഡെ ഡി ഫ്രാൻസ് സ്റ്റേഡിയത്തിൽ ഇന്നലെ രാവിലെ നടന്ന വനിതകളുടെ ഹീറ്റ് സിൽ വിദ്യ രാംരാജ്, ജ്യോതിക ദൻഡി,പൂവമ്മ,ശുഭ വെങ്കടേശൻ എന്നിവരടങ്ങുന്ന ടീം അവസാന സ്ഥാനത്തായിരുന്നു.
മൂന്ന് മിനുട്ട് 24.92 സെക്കൻഡിൽ ജമൈക്കൻ വനിതകൾ ഒന്നാമത് വന്നപ്പോൾ ഇന്ത്യൻ വനിതകൾ മുന്ന് മിനുട്ടും 32.51 സെക്കൻഡുമെടുത്താണ് ഫിനിഷ് ചെയ്തത്. മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ്,രാജേഷ് രമേശ് എന്നിവരുടെ പുരുഷസംഘം സീസണിലെ മികച്ച സമയമാണ് കുറിച്ചത്. പക്ഷേ ഫ്രാൻസ് ഒന്നാമത് വന്ന ഹീറ്റ്സിൽ അഞ്ചാം സ്ഥാനത്തായിരുന്നു ടീം.
മൂന്ന് മിനുട്ടും o.95 സെക്കൻഡുമെടുത്താണ് ടിം മികവ് കാട്ടിയത്. അനുഭവസമ്പന്നനായ അനസിന് നല്ല തുടക്കം കിട്ടിയില്ല. രണ്ടാം ലാപ്പിൽ അജ്മൽ ഗംഭീര മികവിൽ മൂന്നാം ലാപ്പിൽ അമോജിന് ബാറ്റൺ കൈമാറി. അമോജും കരുത്ത് കാട്ടിയപ്പോൾ അവസാന ലാപ്പിൽ ആ വേഗം നിലനിർത്താൻ രമേശിനായില്ല. റിലേകളിൽ പുറത്തായതോടെ ട്രാക്കിൽ ഇന്ത്യൻ പോരാട്ടം അവസാനിച്ചു. ആകെ നേട്ടം നീരജ് ചോപ്രയുടെ വെള്ളി.