പഴയകാല സിനിമയിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളില്‍ ഖേദമുണ്ടെന്ന് നടനും സംവിധായകനുമായ രഞ്ജി പണിക്കര്‍. ‘ദി കിംഗ്’ എന്ന സിനിമയിലുള്‍പ്പെടെയുള്ള പരാമര്‍ശങ്ങള്‍ എഴുതരുതായിരുന്നുവെന്ന് രഞ്ജിപണിക്കര്‍ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്റെ തുറന്നുപറച്ചില്‍.
‘ഒരു കാലത്ത് സിനിമ കണ്ട് കൈയടിച്ചവരെപ്പോലും ഞാന്‍ എഴുതിയ സിനിമകള്‍ ഇപ്പോള്‍ അലോസരപ്പെടുത്തുന്നുണ്ട്. ആള്‍ക്കൂട്ടത്തിലിരുന്ന് എന്റെ സിനിമ കാണുന്ന ഒരു സ്ത്രീക്ക് ആ സിനിമകളിലെ സംഭാഷണങ്ങള്‍ അവഹേളനപരമായി തോന്നുന്നുവെങ്കില്‍, അത് എന്റെ ഭാഗത്തുനിന്നുള്ള തെറ്റാണെന്ന് തുറന്ന് സമ്മതിക്കുന്നു. പക്ഷേ അത്തരത്തില്‍ ഒരു വിഭാഗത്തെയും അവഹേളിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് മാത്രം പറയട്ടെ’-രഞ്ജി പണിക്കര്‍ പറയുന്നു. ദി കിംഗ് സിനിമയിലെ മമ്മുട്ടിയുടെ ജോസഫ് അലക്‌സ് എന്ന കഥാപാത്രം പറയുന്ന ‘നീ വെറും പെണ്ണാണ്’ എന്ന ഡയലോഗ് താനൊരിക്കലും ബോധപൂര്‍വ്വം എഴുതിയതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
സ്ത്രീകളെ ചെറുതാക്കാന്‍ വേണ്ടിയായിരുന്നില്ല അന്നത് എഴുതിയത്. ചിന്ത ഒരിക്കലും അത്തരത്തില്‍ പോയിട്ടില്ലായിരുന്നു. അത് കഥയുടെ സ്വാഭാവികതയില്‍ നിന്ന് വന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലിംഗം, ജാതി, വര്‍ണം, മതവിശ്വാസം എന്നിവയില്‍ അധിഷ്ഠിതമായ അത്തരം സംഭാഷണങ്ങള്‍ ഞാന്‍ എഴുതാന്‍ പാടില്ലാത്തതായിരുന്നു. അണ്ടന്‍, അടകോടന്‍, ചെമ്മാന്‍, ചെരുപ്പുകുത്തി എന്നീ വാക്കുകളൊക്കെ ഞാന്‍ മുന്‍പ് സിനിമകളില്‍ ഉപയോഗിച്ചിട്ടുണ്ട്. അത്തരം വാക്കുകളൊക്കെ എത്രത്തോളം അവഹേളനപരമാണെന്ന് അന്നെനിക്ക് അറിവില്ലായിരുന്നു. ഗൗരവതരമായ സിനിമാനിരൂപണം വന്നതിനുശേഷം മാത്രമാണ് അത്തരം സംഭാഷണങ്ങള്‍ എഴുതാന്‍ പാടില്ലായിരുന്നെന്ന ബോധ്യം എനിക്കുണ്ടായതെന്ന് രഞ്ജിപണിക്കര്‍ പറഞ്ഞു. അന്നെഴുതിയ ഓരോ വാക്കിലും തനിക്ക് കുറ്റബോധമുണ്ട്. എന്നാല്‍ തന്റെ സിനിമകള്‍ മനുഷ്യത്വത്തിലാണ് ഫോക്കസ് ചെയ്യുന്നതെന്നും രഞ്ജിപണിക്കര്‍ പറയുന്നു.
സാമൂഹ്യ മാധ്യമങ്ങള്‍ സജീവമായതോടെയാണ് ഇക്കാലത്ത് മലയാള സിനിമയിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ വിമര്‍ശിക്കപ്പെട്ടത്. സൂപ്പര്‍താരങ്ങളുടെ ഡയലോഗുകള്‍ കേട്ട് കയ്യടിച്ചിരുന്ന പ്രേക്ഷകര്‍ സ്ത്രീവിരുദ്ധത കേള്‍ക്കുമ്പോള്‍ വിമര്‍ശിക്കുകയാണിന്ന്.