X

ഷെല്‍ട്ടര്‍ ഹോമില്‍ പീഡനം; ഡയറക്ടറായ മുന്‍ സൈനികന്‍ അറസ്റ്റില്‍

ഭോപ്പാല്‍: ലൈംഗിക പീഡന കേസില്‍ മധ്യപ്രദേശിലെ ഭോപ്പാലില്‍ സ്വകാര്യ ഷെല്‍ട്ടര്‍ ഹോം ഡയറക്ടറായ മുന്‍ സൈനികന്‍ അറസ്റ്റില്‍. ഷെല്‍ട്ടര്‍ ഹോം ഉടമ ലൈംഗികമായി പീഡിപ്പിച്ചുവെന്ന അന്തേവാസികളായ കുട്ടികളുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. നാല് ആണ്‍ കുട്ടികളും രണ്ട് യുവതികളുമാണ് ഷെല്‍ട്ടര്‍ ഹോം ഉടമയായ മുന്‍സൈനികനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

പ്രായപൂര്‍ത്തിയാവാത്ത നാല് ആണ്‍കുട്ടികള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനും 22നും 24നും ഇടക്ക് പ്രായമുള്ള രണ്ടു യുവതികള്‍ ബലാല്‍സംഗത്തിനും ഇരയായതായാണ് പൊലീസിന് ലഭിച്ച പരാതി.

പൊലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് പരാതിക്കാര്‍ സാമൂഹ്യ നീതി വകുപ്പിനെ സമീപിച്ചിരുന്നു. സാമൂഹ്യ നീതി വകുപ്പിന് കീഴില്‍ 1995 ലാണ് ഷെല്‍ട്ടര്‍ ഹോം റെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുള്‍പ്പെടെ 42 ആണ്‍കുട്ടികളും 58 പെണ്‍കുട്ടികളുമാണ് ഹോമിലുള്ളത്. മുഴുവന്‍ സമയ വാര്‍ഡന്റെ അഭാവത്തില്‍ നാല് അധ്യാപകരാണ് കഴിഞ്ഞ 10 വര്‍ഷമായി ഇവിടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ഏറെ നാളായി ഇവിടെ വാര്‍ഡന്‍ ഇല്ലെന്നാണ് പരാതി.

ഉടമയുടെ പീഡനം സഹിക്കാനാകാതെ മൂന്ന് കുട്ടികള്‍ മരിച്ചതായും ചിലര്‍ക്ക് ഗുരുതരമായ പരിക്കേറ്റതായും കുട്ടികള്‍ ആരോപിച്ചു. ഒരു ആണ്‍ കുട്ടി മരിച്ചത് ലൈംഗിക പീഡനത്തെ തുടര്‍ന്നുണ്ടായ അമിത രക്തസ്രാവം മൂലമാണെന്നും മറ്റൊരു കുട്ടിയെ ചുമരില്‍ തലയിടിപ്പിച്ച്് കൊലപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

ഭോപ്പാലില്‍ ഇയാള്‍ നടത്തിയരുന്ന മറ്റൊരു ഹോസ്റ്റല്‍ രണ്ടു സ്ത്രീകള്‍ പീഡനത്തിനിരയായതിനെ തുടര്‍ന്ന് അടച്ചുപൂട്ടിയിരുന്നു.

70 കാരനായ ഷെല്‍ട്ടര്‍ ഹോം ഉടമയുടെ അറസ്റ്റിനെ തുടര്‍ന്ന് ഷെല്‍ട്ടര്‍ ഹോം അടച്ചുപൂട്ടണോ എന്നത് മധ്യപ്രദേശ് സാമൂഹ്യനീതി വകുപ്പിന്റെ തീരുമാനത്തിലാണ്. 50ലേറെ വിദ്യാര്‍ത്ഥികളുള്ള ഷെല്‍ട്ടര്‍ ഹോമില്‍ ഉടമയെ കൂടാതെ രണ്ടു സ്ത്രീകളും സേവനം നടത്തുന്നുണ്ട്.

കരസേനയില്‍ നിന്ന് വിരമിച്ച ഇയാള്‍ കഴിഞ്ഞ 28 കൊല്ലമായി ഭോപ്പാലില്‍ ഒന്നു മുതല്‍ 8 വരെ ക്ലാസിലുള്ള കുട്ടികള്‍ക്കായി ഷെല്‍ട്ടര്‍ ഹോം നടത്തുന്നു ഭോപ്പാല്‍ പൊലീസ് അഡീഷണല്‍ സൂപ്രണ്ട് സഞ്ജയ് സാഹു പറഞ്ഞു.

chandrika: