കന്യാസ്ത്രീക്കെതിരായ വിവാദ പരാമര്‍ശത്തില്‍ എം.എല്‍.എ പി.സി.ജോര്‍ജിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമാവുന്നു. കേരളത്തില്‍ പ്ലാസ്റ്റിക്കല്ല, പി.സി ജോര്‍ജ്ജിനെയാണ് നിരോധിക്കേണ്ടതെന്ന് സംവിധായകന്‍ മധുപാല്‍ പറഞ്ഞു.
കേരളത്തില്‍ നിരോധിക്കണ്ടത് പ്ലാസ്റ്റിക്കല്ല പകരം പി.സി ജോര്‍ജിനെയാണെന്ന് മധുപാല്‍ പരിഹസിച്ചു. മറ്റൊരാളുടെ വാക്കുകള്‍ കടമെടുത്താണ് അദ്ദേഹം സമൂഹമാധ്യമത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ദേശീയ വനിതാ കമ്മീഷനും ബോളിവുഡ് നടിമാരുമുള്‍പ്പെടെ പി.സി ജോര്‍ജ്ജിനെതിരെ വിമര്‍ശനം ശക്തമാക്കിയിട്ടുണ്ട്.
സംഭവത്തില്‍ പി.സി.ജോര്‍ജ് എം.എല്‍.എയോട് വിശദീകരണം തേടുമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ജോര്‍ജിന്റെ പരാമര്‍ശം നിയമസഭാംഗത്തിന്റേയും നിയമസഭയുടേയും അന്തസിന് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
കന്യാസ്ത്രീയെ അവഹേളിച്ചത് കൂടാതെ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഉപവാസ സമരം നടത്തുന്ന കന്യാസ്ത്രീകള്‍ക്കെതിരെ ജോര്‍ജ് പീഡന ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. ഹൈക്കോടതിക്ക് മുന്നില്‍ സമരം നടത്താതെ കന്യാസ്ത്രീകള്‍ കേസ് നല്‍കണമായിരുന്നുവെന്ന് പ്രതികരിക്കേണ്ടത് പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ എന്റെ കടമയാണ്. പീഡനത്തിന് ഇരയായെന്ന് പറയുന്ന കന്യാസ്ത്രീയുടെ കുടുംബത്തിന് മൂന്ന് വര്‍ഷത്തിനിടെയുണ്ടായ സാമ്പത്തിക ഉന്നതി അന്വേഷിക്കണമെന്നുമായിരുന്നു പി.സി ജോര്‍ജ്ജിന്റെ പരാമര്‍ശങ്ങള്‍.