കോഴിക്കോട്: നടന്‍ ബിനീഷ് ബാസ്റ്റിനുമായി വേദി പങ്കിടില്ലെന്ന സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്റെ പരാമര്‍ശത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. സംവിധായകന്റെ ജാതീയ അധിക്ഷേപത്തിനെതിരെ വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. കൂടാതെ അനില്‍രാധാകൃഷ്ണ മേനോന്റെ ഫേസ്ബുക്ക് പേജിലും മലയാളികള്‍ പ്രതിഷേധം അറിയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് വിവാദത്തിനാസ്പദമായ സംഭവം നടന്നത്.
ബിനീഷ് മുഖ്യാതിഥിയായി എത്തുന്ന ചടങ്ങില്‍ വേദി പങ്കിടില്ലെന്നായിരുന്നു അനില്‍ രാധാകൃഷ്ണ മേനോന്റെ വാദം. എന്നാല്‍ ഇതിന് പിന്നാലെ പരസ്യ പ്രതിഷേധവുമായി നടന്‍ ബിനീഷ് ബാസ്റ്റിന്‍ രംഗത്തെത്തി. വേദിയില്‍ കുത്തിയിരുന്ന് ബിനീഷ് ബാസ്റ്റിന്‍ പ്രതിഷേധം അറിയിച്ചു.
പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ നടന്ന കോളജ് ഡേയില്‍ നടന്‍ ബിനീഷ് ബാസ്റ്റിനെയാണ് മുഖ്യാതിഥിയായി സംഘാടകര്‍ തീരുമാനിച്ചിരുന്നത്. മാഗസിന്‍ റിലീസിന് സംവിധായകന്‍ അനില്‍ രാധാകൃഷ്ണനെയും. എന്നാല്‍ ബിനീഷ് ബാസ്റ്റിന്‍ വരുന്ന വേദിയില്‍ താന്‍ പങ്കെടുക്കില്ലെന്ന് അനില്‍ രാധാകൃഷ്ണന്‍ നിലപാടെടുത്തതോടെ സംഘാടകര്‍ കുഴങ്ങി.
അനില്‍ രാധാകൃഷ്ണന്‍ മേനോന്റെ മാഗസിന്‍ റിലീസ് ചടങ്ങ് പൂര്‍ത്തിയായി അദ്ദേഹം തിരിച്ചുപോയതിന് ശേഷം ബിനീഷിനോട് എത്തിയാല്‍ മതിയെന്ന് സംഘാടകര്‍ പറഞ്ഞു. മാഗസിന്‍ റിലീസിങ്ങിന് വരാമെന്നേറ്റ അനില്‍ രാധാകൃഷ്ണ മേനോന്‍ ബിനീഷ് വേദിയില്‍ എത്തിയാല്‍ ഇറങ്ങി പോകുമെന്നും ഒരു മൂന്നാംകിട നടനോടൊപ്പം വേദി പങ്കിടാന്‍ എനിക്ക് കഴിയില്ലെന്ന് അനില്‍ രാധാകൃഷ്ണ മേനോന്‍ പറഞ്ഞതായും ബിനീഷിനോട് സംഘാടകര്‍ അറിയിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് ബിനീഷ് പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ഡേ വേദിയില്‍ കയറി സ്‌റ്റേജിലെ തറയില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. ഒരു മൂന്നാംകിട നടനായി തനിക്കൊപ്പം വേദിയില്‍ സംസാരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞത്, വല്ലാതെ വേദനയായെന്നും ഞങ്ങള്‍ എന്നും കൂലികളായി നടന്നാമതിയെന്നാണോവെന്നും ബിനീഷ് പറഞ്ഞു.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. ബിനീഷിനെ തടയാന്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ളവര്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ ഇവരെയെല്ലാം തട്ടിമാറ്റി ബിനീഷ് സ്‌റ്റേജിലേക്ക് പോകുകയായിരുന്നു. പോലീസിനെ വിളിക്കുമെന്ന് പറഞ്ഞുവെങ്കിലും ബിനീഷ് അത് വകവച്ചില്ല. വേദിയില്‍ നിന്ന് ഇറങ്ങാന്‍ പലരും പറഞ്ഞുവെങ്കിലും ബിനീഷ് പ്രതിഷേധം തുടരുകയായിരുന്നു. ഈ സമയത്തെല്ലാം അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ പോഡിയത്തില്‍ നില്‍ക്കുകയായിരുന്നു. കോളജ് യൂണിയന്‍ ഭാരവാഹികളും അധ്യാപകരും ബിനീഷിനടുത്തെത്തി കസേരയില്‍ ഇരിക്കാന്‍ പറഞ്ഞുവെങ്കിലും ബിനീഷ് കൂട്ടാക്കിയില്ല.