ശ്രീനഗര്‍: ജമ്മു കശ്മീരിലെ സമാധാന ചര്‍ച്ചകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച മധ്യസ്ഥന്‍ ദിനേശ്വര്‍ ശര്‍മ സംസ്ഥാനത്തെത്തി ചര്‍ച്ച തുടങ്ങി. അഞ്ചു ദിവസം സംസ്ഥാനത്ത് ചെലവഴിക്കുന്ന ശര്‍മ മൂന്നു ദിവസം കശ്മീര്‍ താഴ്‌വരയിലും രണ്ടു ദിവസം ജമ്മുവിലും തങ്ങും. ആദ്യദിനം ഗുജ്ജാര്‍ ബക്കര്‍വല്‍ വിഭാഗം നേതാക്കളുമായി ശ്രീനഗറില്‍ അദ്ദേഹം കൂടിക്കാഴ്ച നടത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഗവര്‍ണര്‍ എന്‍.എന്‍ വോറ, മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി, പ്രതിപക്ഷ നേതാവ് ഒമര്‍ അബ്ദുല്ല തുടങ്ങിയവരുമായും രാഷ്ട്രീയ-വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളുമായും അദ്ദേഹം ചര്‍ച്ച നടത്തും. അതേസമയം കേന്ദ്ര സര്‍ക്കാര്‍ നീക്കം കണ്ണില്‍ പൊടിയിടാനാണെന്ന വാദവുമായി വിഘടനവാദികള്‍ രംഗത്തെത്തി. ദിനേശ്വര്‍ ശര്‍മയുമായി ചര്‍ച്ചക്കില്ലെന്ന് ഹുറിയത്ത് കോണ്‍ഫറന്‍സും ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടും (ജെ.കെ.എല്‍.എഫ്) ആവര്‍ത്തിച്ച് വ്യക്തമാക്കി. ഹുറിയത്ത് നേതാവ് സയിദ് അലിഷാ ഗീലാനിയെ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ക്ഷണിച്ചിരുന്നെങ്കിലും അനാവശ്യമായി സമയം കളയാനില്ലെന്ന് പറഞ്ഞ് അദ്ദേഹം നിലപാട് വ്യക്തമാക്കി. സംസ്ഥാനത്ത് സ്വാതന്ത്ര്യത്തിനായുള്ള ജനമുന്നേറ്റത്തെ തടയാന്‍ കഴിയാതെ വന്നപ്പോഴാണ് ചര്‍ച്ചയുമായി സര്‍ക്കാര്‍ രംഗത്തെത്തിയതെന്ന് ജെ.കെ.എല്‍.എഫ് നേതാവ് യാസീന്‍ മാലികും വിമര്‍ശിച്ചു. ജമ്മു-കശ്മീരില്‍ സമാധാനം കൊണ്ടുവരാന്‍ തന്റെ കൈയില്‍ മാന്ത്രികവടിയൊന്നുമില്ലെന്ന് ദിനേശ്വര്‍ ശര്‍മ പ്രസ്താവിച്ചതിനു പിന്നാലെയാണ് വിഘടനവാദി നേതാക്കള്‍ നിലപാട് കടുപ്പിച്ചത്. എന്നാല്‍ സമാധാനത്തിനായി ഗൗരവകരമായ ശ്രമം നടത്തുമെന്നും ഭൂതകാലത്തിന്റെ കണ്ണാടിവെച്ച് തന്റെ ശ്രമങ്ങളെ വിലയിരുത്തരുതെന്നും മുന്‍ ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ കൂടിയായ ശര്‍മ പ്രതികരിച്ചു.
ദിനേശ്വര്‍ ശര്‍മ കശ്മീരില്‍; ചര്‍ച്ചക്കില്ലെന്ന് ആവര്‍ത്തിച്ച് വിഘടനവാദികള്‍
Tags: Kashmir