നടന്‍ ദിലീപ് വിഐപി പരിഗണനയില്‍ ശബരിമല ദര്‍ശനം നടത്തിയ സംഭവത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിശദമായ സത്യവാങ്മൂലം നല്‍കും. ശബരിമല സ്പെഷ്യല്‍ കമ്മീഷണറും വിശദമായ റിപ്പോര്‍ട്ട് നല്‍കും.
ദേവസ്വം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ നടപടിയെടുത്തതായി എക്സിക്യൂട്ടീവ് ഓഫീസര്‍ ഹൈക്കോടതിയെ അറിയിക്കും. ദേവസ്വം ബോര്‍ഡിനെതിരെ ഹൈക്കോടതി വിമര്‍ശനമുന്നയിച്ചതിനെ തുടര്‍ന്നാണ് നടപടി. ദിലീപിനൊപ്പം കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ കൂട്ടുപ്രതി ശരത്തും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുമാണ് ശബരിമലയില്‍ വിഐപി ദര്‍ശനം നടത്തിയത്.
ഇതില്‍ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറും ശബരിമല സ്പെഷല്‍ കമ്മീഷണറും വിശദീകരണം നല്‍കാണ്ടി വരും. സന്നിധാനത്ത് ഹരിവരാസനം പാടുന്ന സമയത്ത് പത്ത് മിനുട്ടിലേറെ മുന്‍നിരയില്‍ നിന്ന് ദിലീപും സംഘവും ദര്‍ശനം തേടിയിരുന്നു. ഇത് മറ്റ് ഭക്തര്‍ക്ക് ദര്‍ശനത്തിന് തടസം സൃഷ്ടിച്ചുവെന്നാണ് സ്വമേധയാ സ്വീകരിച്ച ഹര്‍ജിയുടെ അടിസ്ഥാനം.
ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നാല് ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. വിശദീകരണം കേട്ട ശേഷം തുടര്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.