X
    Categories: MoreViews

നടന്‍ ദിലീപിന്റെ സിനിമാതിയേറ്ററില്‍ നിന്ന് ഏഴു ലക്ഷം മോഷ്ടിച്ച ത്രിപുര സ്വദേശി പിടിയില്‍

ചാലക്കുടി: സിനിമാനടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ സിനിമാ തിയേറ്ററില്‍ നിന്ന് ഏഴു ലക്ഷം രൂപ കവര്‍ന്ന ത്രിപുര സ്വദേശി പിടിയില്‍. ത്രിപുര കോവെ ജില്ലയിലെ മഹാറാണിപൂര്‍ സ്വദേശി മിത്തന്‍ സഹാജിയാണ് അറസ്റ്റിലായത്. തൃശൂര്‍ റൂറല്‍ എസ്പി ആര്‍.നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ബംഗ്ലാദേശ് അതിര്‍ത്തി ഗ്രാമമായ ലെമ്പുച്ചിറയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ആറു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇയാള്‍ കേരളത്തിലെത്തുന്നത്. ഹോട്ടല്‍, ബേക്കറി ഉള്‍പ്പെടെ വിവിധ ഇടങ്ങളില്‍ ജോലി ചെയ്ത ശേഷം ആറു മാസം മുമ്പാണ് മിത്തന്‍ സഹാജി, ദിലീപിന്റെ ഡി-സിനിമാസ് മള്‍ട്ടിപര്‍പ്പസ് തിയറ്ററിലെത്തിയത്. മോഷണം നടത്തിയത് കാമുകിയെ വിവാഹം ചെയ്യാനായിരുന്നുവെന്നാണ് മിത്തന്‍ പൊലീസിനോട് പറഞ്ഞത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: മോഷണം നടന്ന ദിവസം അവസാന ഷോ കഴിഞ്ഞ് ക്ലിനീങ് നടത്തിയിരുന്നത് മിത്തന്‍ ആയിരുന്നു. ജോലി കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ പുറത്തേക്കുള്ള വാതില്‍ തുറന്നിട്ട പ്രതി പിന്നീട് തിരികെയെത്തി തിയറ്ററിന്റെ മതില്‍ചാടി അകത്തു കടക്കുകയായിരുന്നു. തുടര്‍ന്ന് ഓഫീസിന്റെ പൂട്ടുകള്‍ തകര്‍ത്ത് പണം കവരുകയായിരുന്നു. മോഷണശേഷം ബസ് മാര്‍ഗം ആലുവയിലും പിന്നീട് ട്രെയിന്‍മാര്‍ഗം ചെന്നൈയിലേക്കും കടന്നു. ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. പൊലീസ് തമിഴ്‌നാട്ടിലെത്തിയപ്പോള്‍ പ്രതി അസമിലേ്കും മൂന്നു ദിവസത്തിനു ശേഷം ത്രിപുരയിലേക്കും കടന്നു. സ്വദേശത്ത് എത്തിയ ഉടന്‍ ഇയാള്‍ കാമുകിയെ വിവാഹം ചെയ്തു. പ്രതിയുടെ മുന്‍കാല ഫോണ്‍ ബന്ധങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാമുകിയെക്കുറിച്ച് വിവരം പൊലീസിന് ലഭിച്ചത്. ഇതിലൂടെയാണ് പൊലീസ് ഇയാളെ വലയിലാക്കുന്നത്.

chandrika: