കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യം തള്ളിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീലുമായാണ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്. അപ്പീല്‍ ഹര്‍ജിയില്‍ ഉത്തരവുണ്ടാകുന്നത് വരെ വിചാരണ നിര്‍ത്തിവെക്കണമെന്നും ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
പൊലീസ് അന്വേഷണം ദുരുദ്ദേശ്യപരവും പക്ഷപാതപരവുമാണെന്നാണ് ദിലീപിന്റെ വാദം. സംഭവത്തില്‍ അറിവോ പങ്കോ ഇല്ലാത്ത തന്നെ പ്രതി ഉന്നയിച്ച വ്യാജ ആരോപണത്തിന്റെ പേരില്‍ പൊലീസ് പ്രതിയാക്കിയതാണെന്നും ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.
എന്നാല്‍ ഹര്‍ജിക്കാരന്റെ വാദത്തിന് ബലമേകുന്ന വസ്തുതകളില്ലെന്നും കേസ് സി.ബി.ഐക്ക് കൈമാറാന്‍ തക്ക കാരണങ്ങള്‍ സ്ഥാപിക്കാനാവുന്നില്ലെന്നും വ്യക്തമാക്കിയാണ് നേരത്തെ സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളിയിരുന്നത്.