ആലുവ: നടിയെ ആക്രമിച്ച കേസില്‍ വിചാരണ വൈകിപ്പിക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നു. ദിലീപും കൂട്ടുപ്രതികളും ഇരുപതിലധികം ഹര്‍ജികള്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് കീഴ്‌കോടതിയില്‍ സമര്‍പ്പിച്ചു. ഹര്‍ജികള്‍ തുടര്‍ച്ചയായി നല്‍കുന്നത് വിചാരണ വൈകിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമാണെന്നാരോപിച്ച് പ്രോസിക്യൂഷനും രംഗത്തെത്തി.
കഴിഞ്ഞ വര്‍ഷം നവംബര്‍ 22-നായിരുന്നു നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അടക്കം 12 പ്രതികളുടെ കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. സങ്കേതിക പിഴവുകള്‍ തിരുത്തി കുറ്റപത്രം ഡിസംബര്‍ അഞ്ചിന് ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റി. എന്നാല്‍ ഏഴ് മാസം പിന്നിട്ടിട്ടും കേസിലെ വിചാരണ തുടങ്ങാന്‍ കോടതിക്ക് കഴിഞ്ഞിട്ടില്ല.
ഇതിന് കാരണം ദിലീപ്, സുനിയും അടക്കമുള്ള പ്രതികള്‍ തുടര്‍ച്ചയായി നല്‍കുന്ന ഹര്‍ജികളാണ്. കേസിലെ എട്ടാം പ്രതി ദിലീപ് ഇതുവരെ 13 ഹര്‍ജികളാണ് സെഷന്‍സ് കോടതിയില്‍ മാത്രം നല്‍കിയത്. സുനില്‍കുമാര്‍ ഏഴും ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.
നിയമപരമല്ലാത്ത ഹര്‍ജി നല്‍കുന്നതിനെ വിവിധ ഘട്ടത്തില്‍ സെഷന്‍സ് കോടതി തന്നെ വിമര്‍ശിച്ചിട്ടുണ്ട്. ഭൂരിപക്ഷം ഹര്‍ജികളും കോടതി തള്ളി. അനാവശ്യ ഹര്‍ജികള്‍ നല്‍കി വിചാരണ വൈകിപ്പിക്കരുതെന്ന് പ്രതികളോട് ഹൈക്കോടതിയും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസവും ദിലീപ് സെഷന്‍സ് കോടതിയില്‍ പുതിയ ഹര്‍ജി നല്‍കിയിട്ടുണ്ട്.