കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് അന്വേഷണസംഘം കണ്ടെത്തി. ലക്ഷ്യയിലെ ജീവനക്കാരന്‍ മൊഴി മാറ്റിയതും കേസിലെ ഏഴാം പ്രതി ചാര്‍ളിയുടെ രഹസ്യമൊഴി നീക്കം തടഞ്ഞതും ദിലീപിന്റെ ഇടപെടല്‍ മൂലമാണെന്നും പൊലീസ് പറയുന്നു.
അതേസമയം, കേസില്‍ ചൊവ്വാഴ്ച്ച കുറ്റപത്രം സമര്‍പ്പിക്കും. നടിയും ദിലീപിന്റെ മുന്‍ഭാര്യയുമായ മഞ്ജുവാര്യറെ കുറ്റപത്രത്തില്‍ സാക്ഷിയായി ഉള്‍പ്പെടുത്തില്ലെന്നാണ് വിവരം. മഞ്ജുവാര്യറുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഇത്. നേരത്തെ മഞ്ജുവിനെ സാക്ഷിയാക്കാമെന്ന് നിയമോപദേശം ലഭിച്ചിരുന്നു. എന്നാല്‍ മഞ്ജു അസൗകര്യം അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കേസിന്റെ വിചാരണ വേഗത്തിലാക്കാന്‍ പ്രത്യേക കോടതി സ്ഥാപിക്കണമെന്ന ആവശ്യം അന്വേഷണസംഘം കോടതിയില്‍ ഉന്നയിക്കും.
ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ദിലീപ് സാക്ഷികളെ സ്വാധീനിച്ചതടക്കം ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ ജാമ്യം എതിര്‍ക്കും. നാളെ ദുബായിലെ ദേ പുട്ടിന്റെ പുതിയ ശാഖ ഉദ്ഘാടനം ചെയ്യാന്‍ പാസ്പോര്‍ട്ട് നല്‍കണമെന്നാണ് ദിലീപിന്റെ അപേക്ഷയില്‍ പറയുന്നത്.