തലശ്ശേരി: നടന്‍ ദിലീപിനെതിരെ വിമര്‍ശനവുമായി ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ രംഗത്ത്. കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് നടന്‍ ദിലീപ് ആണെന്ന് ലിബര്‍ട്ടി ബഷീര്‍ തലശേരിയില്‍ പറഞ്ഞു.
മലയാള സിനിമ റിലീസ് ചെയ്യാന്‍ മുഖ്യമന്ത്രിയുമായി ധാരണയിലെത്തിയിരുന്നു. എന്നാല്‍
മറുഭാഷാ ചിത്രം പുറത്തിറക്കാനായിരുന്നു നിര്‍മാതാക്കളുടെ തിടുക്കം.പുതിയ സംഘടന രൂപീകരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. പുതിയ സംഘടന രൂപീകരിക്കുന്നതിന് പിന്നില്‍ ദിലീപാണ്. അതിന് തെളിവുണ്ടെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. ഭൈരവ റീലീസ് ചെയ്ത ഫെഡറേഷനിലുള്ള 12 തീയറ്ററുകള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു.
സിനിമാ സമരം രൂക്ഷമായിക്കൊണ്ടിരിക്കെ വിജയുടെ ഭൈരവ ചിത്രം തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇത് സമരം പൊളിയുന്നതിന്റെ സൂചനയാണ് നല്‍കുന്നത്. 12മുതല്‍ തിയ്യേറ്ററുകള്‍ അടച്ചിടാന്‍ പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ സമരത്തോട് യോജിപ്പില്ലാത്ത എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനിലെയും എക്‌സിബിറ്റേഴ്‌സ് അസോസിയേഷനിലെയും അംഗങ്ങള്‍ പുതിയ സംഘടന രൂപീകരിക്കാനും പുതിയ സിനിമകള്‍ നാളെ റിലീസ് ചെയ്യാനുമാണ് ശ്രമിക്കുന്നത്. സിനിമാസാങ്കേതിക പ്രവര്‍ത്തകരുടെ കീഴിലുള്ള തിയറ്ററുകളും പുതിയ സംഘടനയില്‍ ചേരും. താരങ്ങളും പ്രമുഖ നിര്‍മാതാക്കളും ഈ സംഘടനയില്‍ അംഗമാകുമെന്നാണ് അറിയുന്നത്.
ജോമോന്റെ സുവിശേഷങ്ങള്‍, ഫുക്രി, എസ്ര, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ ചിത്രങ്ങളാണ് ക്രിസ്മസിന് റിലീസിന് വെച്ചിരുന്നത്. എന്നാല്‍ റിലീസ് നഷ്ടപ്പെട്ടതു മൂലം മലയാള സിനിമയ്ക്കു സംഭവിച്ചതു വന്‍നഷ്ടമാണ്. വെള്ളിയാഴ്ച ഈ ചിത്രങ്ങള്‍ തിയറ്ററുകളില്‍ റിലീസിനെത്തിക്കാനും പദ്ധതിയിടുന്നുണ്ട്.