കൊച്ചി: എ ക്ലാസ് തിയ്യേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പിളര്‍ന്ന് നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന രൂപീകരിക്കുന്നു. നാളെ ചേരുന്ന യോഗത്തില്‍ പുതിയ സംഘടനയുടെ പ്രഖ്യാപനം ഉണ്ടാകും. ദിലീപിന്റെ ഇടപെടലിനെ തുടര്‍ന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ നടത്തിവന്നിരുന്ന സിനിമാസമരത്തിന് തിരശ്ശീല വീഴുന്നതിനാണ് സാധ്യത.
സുരേഷ് ഷേണായി (ഷേണോയ് സിനിമാക്‌സ്), ആന്റണി പെരുമ്പാവൂര്‍ (ആശിര്‍വാദ് സിനിമാസ്) എന്നിവരും പുതിയ സംഘടനയുടെ നേതൃത്വത്തിലുണ്ടാകും. ശനിയാഴ്ച നടക്കുന്ന യോഗത്തില്‍ ദിലീപ് പങ്കെടുക്കും. ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള ഫെഡറേഷന്‍ പ്രഖ്യാപിച്ചിരുന്ന സിനിമാസമരം തള്ളി കൂടുതല്‍ തിയ്യേറ്റര്‍ ഉടമകള്‍ റിലീസിന് തയ്യാറായി മുന്നോട്ട് വന്നതോടെ സംഘടനയുടെ പിളര്‍പ്പുണ്ടാവുകയായിരുന്നു. ഫെഡറേഷന്റെ നിര്‍ദ്ദേശം അവഗണിച്ച് ഇന്നലെ തിയ്യറ്ററുകളില്‍ ഭൈരവ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ഇന്ന് 20ഓളം തിയ്യേറ്ററുകളും പ്രദര്‍ശനത്തിന് തയ്യാറായി മുന്നോട്ടുവരികയും ചെയ്തു. ഇതോടെ സംഘടനയുടെ പിളര്‍പ്പ് ഉറപ്പായി.
കഴിഞ്ഞ ദിവസം പുതിയ സംഘടന രൂപീകരിക്കാന്‍ ദിലീപ് ശ്രമിക്കുന്നുവെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞിരുന്നു. എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ദിലീപാണെന്നും സമരം ഒത്തുതീര്‍പ്പാക്കി സിനിമ പ്രദര്‍ശിപ്പിക്കാന്‍ തീരമാനിച്ചിരുന്നുവെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് പുതിയ സംഘടന നിലവില്‍ വരുന്നതിനെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവരുന്നത്.