X

ദിലീപിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച തിയറ്റര്‍ ഉടമകളുടെ സംഘടനയെ ഇനി ആന്റണി പെരുമ്പാവൂര്‍ നയിക്കും

കൊച്ചി: ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള തീയറ്റര്‍ സംഘടനകളെ പൊളിക്കാനായി നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച തിയറ്റര്‍ ഉടമകളുടെ സംഘടന ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയുടെ പുതിയ പ്രസിഡന്റായി ആന്റണി പെരുമ്പാവൂരിനെ തിരഞ്ഞെടുത്തു. പ്രസിഡന്റായിരുന്ന ദിലീപിനെ പുറത്താക്കിയ സാഹചര്യത്തിലാണ് വൈസ് പ്രസിഡന്റ് ആന്റണി പെരുമ്പാവൂര്‍ പുതിയ സ്ഥാനത്തേക്ക് എത്തിയത്. വൈകിട്ട് മൂന്നിന് കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ദിലീപ് നായകനായ പുതിയ ചിത്രം രാമലീലയുെട റിലീസിന് യാതൊരു തടസവുമില്ലെന്നു യോഗത്തിനുശേഷം ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ചിത്രം റിലീസ് ചെയ്യാന്‍ നിര്‍മാതാക്കള്‍ ഇതുവരെ സംഘടനയെ സമീപിച്ചിട്ടില്ല. സമീപിച്ചാല്‍ വേണ്ട സഹായങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

എ ക്ലാസ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെ പിളര്‍ത്തി ദിലീപ് പ്രസിഡന്റായി രൂപീകരിച്ച ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയും ദീലിപിനെ പുറത്താക്കിയിരുന്നു. ദിലീപിന്റെ നേതൃത്വത്തിലുള്ള ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് സിനിമാ വിതരണ രംഗത്ത് ഉണ്ടെങ്കിലും ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനില്‍ അംഗത്വം ഉണ്ടായിരുന്നില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു.

മലയാള സിനിമയിലെ സംഘടനാ കരുത്തിന്റെ പ്രതിരൂപമായിരുന്ന ദിലീപിനെ എല്ലാ സിനിമാ സംഘടനകളില്‍നിന്നും പുറത്താക്കിയിരുന്നു. സംവിധായകരുടെ സംഘടനയായ ഫെഫ്ക, നിര്‍മാതാക്കളുടെ സംഘടന, തിയറ്റര്‍ ഉടമകളുടെ സംഘടന തുടങ്ങിയവയില്‍നിന്ന് ദിലീപിനെ പുറത്താക്കി. അസിസ്റ്റന്റ് ഡയറക്ടര്‍ സ്ഥാനമാണ് ദിലീപിന് ഫെഫ്കയിലുള്ളത്. താരസംഘടനയായ ‘അമ്മ’യില്‍നിന്നും ദിലീപിനെ നേരത്തെ തന്നെ പുറത്താക്കിയിരുന്നു.

ആകമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രമേയം പാസാക്കി. ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ വാര്‍ഷിക ജനറല്‍ബോഡി യോഗത്തിലാണ് ആകമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി പ്രമേയം പാസാക്കിയത്. നടിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ നിര്‍മാതാവ് സജി നന്ത്യാട്ട് ഖേദം പ്രകടിപ്പിച്ചു. ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയതിനും യോഗം അംഗീകാരം നല്‍കി.

chandrika: