തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ അമ്മ സരോജത്തിന്റെ കത്ത്. ദിലീപ് നിരപരാധിയണെന്നും സ്ഥാപിത താല്‍പ്പര്യക്കാരാണ് കേസ് അന്വേഷിക്കുന്നതെന്നും കത്തില്‍ അമ്മ പറയുന്നു.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണം. ക്രൈംബ്രാഞ്ച് പോലെയുള്ള ഏജന്‍സികളിലെ സത്യസന്ധരായ അന്വേഷണ ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷണം നടത്തണം. സത്യസന്ധമായ അന്വേഷണം നടക്കുകയാണെങ്കില്‍ ദിലീപിനെതിരെ പോലീസിന് കുറ്റം ചുമത്താന്‍ കഴിയില്ല. നീതിയുക്തമായി അന്വേഷണം നടത്താതെ കുറ്റപത്രം നല്‍കിയാല്‍ അത് തീരാകളങ്കമായിരിക്കും. ആദ്യ അന്വേഷണത്തിലോ പിന്നീട് നടത്തുന്ന തുടരന്വേഷണത്തിലോ പാളിച്ചകളുണ്ട്. കേസില്‍ ഇരയാണ് ദിലീപ്. ഈ അന്വേഷണ സംഘത്തെ മാറ്റി സത്യസന്ധരായ ഉദ്യോഗസ്ഥരെ നിയമിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും അമ്മ കത്തില്‍ പറയുന്നു.
ആലുവ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ ഒരു മാസത്തിനുശേഷമാണ് അമ്മയെത്തിയത്. ഭാര്യ കാവ്യയോടും മകള്‍ മീനാക്ഷിയോടും അമ്മയോടും ജയിലില്‍ തന്നെ കാണാന്‍ വരരുതെന്ന് ദിലീപ് അറിയിച്ചിരുന്നു. എന്നാല്‍ താരത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത 18ലേക്ക് നീട്ടിയ സാഹചര്യത്തിലാണ് ദിലീപിനെ കാണാന്‍ സരോജമെത്തിയത്.