കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷണം. ഇതിനായി ദിലീപിന്റെ ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും മരവിപ്പിക്കും. ദിലീപ് നിര്‍മ്മിച്ച സിനിമകള്‍, റിയല്‍ എസ്‌റ്റേറ്റ്, മറ്റ് ബിസിനസ് സംരംഭങ്ങള്‍ എന്നിവയുടെ സാമ്പത്തിക സ്രോതസും കണ്ടെത്തും. ഗൂഢാലോചനക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും ദിലീപിനെ ചോദ്യം ചെയ്യുമെന്നാണ് വിവരം.
കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ദിലീപ് നേതൃത്വം നല്‍കിയ വിദേശ സ്‌റ്റേജ് ഷോകള്‍, വന്‍കിട റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍, പള്‍സര്‍സുനിക്കെതിരെയുളള മനുഷ്യക്കടത്ത് എന്നിവയിലും അന്വേഷണം നടക്കും. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ബന്ധപ്പെട്ട അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറുമെന്നാണ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്.