ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് ഹൈക്കോടതി ജാമ്യം ലഭിച്ചു. ജാമ്യം ലഭിച്ചതിനോട് അമിതാഹ്ലാദമില്ലാതെയാണ് ദിലീപ് പ്രതികരിച്ചത്. ജാമ്യം കിട്ടിയോ എന്ന് മാത്രമായിരുന്നു ജയില്‍ സൂപ്രണ്ടിനോട് ചോദിച്ചത്. ജാമ്യം ലഭിച്ചുവെന്ന് അറിയിച്ചതോടെ ദിലീപ് ചെറുതായി പുഞ്ചിരിച്ചുവെന്നും മറ്റൊന്നിനെക്കുറിച്ചും അധികൃതരോട് സംസാരിച്ചില്ലെന്നും മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്വേഷണം അവസാനഘട്ടത്തിലെത്തിയതിനെ തുടര്‍ന്നാണ് ദിലീപിന് ജാമ്യം ലഭിച്ചത്. കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് എസ്.പി. എ.വി ജോര്‍ജ്ജ് പറഞ്ഞു. ഫെബ്രുവരി 10നാണ് കൊച്ചിയിലേക്കുള്ള യാത്രാ മധ്യേ നടി കാറില്‍ ആക്രമിക്കപ്പെടുന്നത്. ജൂലായ് 10നാണ് ഗൂഢാലോചന കേസില്‍ നടന്‍ അറസ്റ്റിലാവുന്നത്.
85 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് ദിലീപ് പുറത്തിറങ്ങുന്നത്. നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ഇന്ന് വൈകുന്നേരം അഞ്ചിന് ദിലീപ് പുറത്തെത്തും. ഒരു ലക്ഷം രൂപ ബോണ്ടായി കെട്ടിവെക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തരുതെന്നും തുടങ്ങി നിരവധി ജാമ്യവ്യവസ്ഥകളാണ് കോടതി മുന്നോട്ട് വെച്ചിട്ടുള്ളത്.