ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ ഹൈക്കോടതി ജാമ്യം നല്‍കിയതിനെ തുടര്‍ന്ന് ദിലീപ് ജയില്‍മോചിതയായി. ആലുവ സബ്ജയിലില്‍ സഹോദരന്‍ അനൂപും സിനിമാ മേഖലയിലെ സുഹൃത്തുക്കളും ദിലീപിനെ കൂട്ടാനെത്തിയിരുന്നു. ജയിലിന് മുന്നില്‍ തമ്പടിച്ച ആരാധകര്‍ക്ക് കൈവീശി നന്ദി പറഞ്ഞാണ് ദിലീപ് വീട്ടിലേക്ക് മടങ്ങിയത്. പറവൂര്‍ കവലയിലെ സഹോദരന്റെ വീട്ടിലെത്തിയ ദിലീപിനെ ഭാര്യ കാവ്യമാധവനും മകള്‍ മീനാക്ഷിയും അമ്മയും ബന്ധുക്കളും ചേര്‍ന്ന് സ്വീകരിച്ചു.
86 ദിവസത്തെ റിമാന്റിനു ശേഷമാണ് ദിലീപിനു ജാമ്യമനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. ഒരു ലക്ഷം രൂപ കെട്ടിവെക്കാനും പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സാക്ഷികളെ സ്വാധീനിക്കാനോ തെളിവ് നശിപ്പിക്കാനോ ശ്രമിക്കരുതെന്നും കോടതി ജാമ്യവ്യവസ്ഥയില്‍ പറയുന്നു.
ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഇരു ഭാഗത്തിന്റെയും വാദങ്ങള്‍ കഴിഞ്ഞ ആഴ്ച പൂര്‍ത്തിയായ സാഹചര്യത്തിലാണ് വിധി പ്രഖ്യാപനം ഇന്നത്തേക്ക് മാറ്റിയത്. ജാമ്യത്തിനായി മൂന്നാം തവണയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. മൂമ്പ് രണ്ടു തവണയും ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. അതിനിടെ കേസില്‍ ഈ ആഴ്ച തന്നെ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം. ദിലീപ് ജയിലിലായിട്ട് ഈ മാസം എട്ടിന് 90 ദിവസം പൂര്‍ത്തിയാകും. അതേസമയം, കേസില്‍ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താന്‍ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ലെന്നാണ് വിവരം.