X
    Categories: Video Stories

നടി ആക്രമിക്കപ്പെട്ട കേസ്: കസ്റ്റഡിയില്‍ ദിലീപ് മാത്രം; ഇന്ന് കോടതിയില്‍ ഹാജരാക്കില്ല

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റ്. രാവിലെ ദിലീപിനെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയ പൊലീസ് വൈകുന്നേരത്തോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയില്‍ ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്നാണ് പൊലീസ് പറയുന്നത്. നടിയെ തട്ടിക്കൊണ്ടു പോയ പള്‍സര്‍ സുനി നല്‍കിയ മൊഴി നിര്‍ണായകമായി എന്നാണ് സൂചന.

രഹസ്യ കേന്ദ്രത്തില്‍ വെച്ചു നടന്ന ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ചെയ്ത ദിലീപിനെ  ആലുവ പൊലീസ് ക്ലബ്ബിലെത്തിച്ചു.
വന്‍ പോലീസ് സന്നാഹമാണ് പോലീസ് ക്ലബ്ബില്‍ ഒരുക്കിയിരിക്കുന്നത്. നിരവധിയാളുകള്‍ പോലീസ് ക്ലബ്ബിനു മുന്നില്‍ തടിച്ചുകൂടിയിട്ടുണ്ട്. പ്രതിയെ ഇന്നു രാത്രി തന്നെ കോടതിയില്‍ ഹാജരാക്കും.

വ്യക്തിജീവിതവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് നടിയെ ആക്രമിക്കാനും അപകീര്‍ത്തിപ്പെടുത്താനും പള്‍സര്‍ സുനിയെ ഏല്‍പ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 2013-ലാണ് ഇതുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ തുടക്കം. നടിയെ ആക്രമിക്കാന്‍ പല പദ്ധതികളും പള്‍സര്‍ സുനി ആസൂത്രണം ചെയ്തിരുന്നു. നേരത്തെ സംസ്ഥാനത്തിനു പുറത്തുവെച്ച് ഒരിക്കല്‍ നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടത്തിയെങ്കിലും ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് നടി എറണാകുളത്തെത്തിയപ്പോഴാണ് ആക്രമണം നടത്തിയത്.

ജയിലില്‍ നിന്ന് തന്റെ മൊബൈലിലേക്ക് കോള്‍ വന്നു എന്ന ആരോപണത്തിനെതിരെ പോലീസ് ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതിയില്‍ കേസെടുക്കാന്‍ പൊലീസ് തയാറായിരുന്നില്ല. ഇതേപ്പറ്റി ചോദിച്ചപ്പോള്‍ കേസ് അവസാനത്തിലേക്ക് അടുക്കുകയാണെന്നും എല്ലാ ചോദ്യങ്ങള്‍ക്കും ഉടന്‍ ഉത്തരം ലഭിക്കുമെന്നും പൊലീസ് പറഞ്ഞിരുന്നു.

 

എറണാകുളത്തെ ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് നടിയെ തട്ടിക്കൊണ്ടു പോകുന്നതിനും ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതിനുമുള്ള ആദ്യ നിര്‍ദേശം പോയതെന്ന് പൊലീസ് പറയുന്നു.

തന്റെ വ്യക്തിജീവിതത്തിലെ ചില സംഭവങ്ങളില്‍ നടി ഇടപെട്ടത് ദിലീപിനെ പ്രകോപിപ്പിച്ചു എന്നാണ് സൂചന. അതേസമയം, റിയല്‍ എസ്റ്റേറ്റ് / ബിസിനസ് ഇടപാടുകളിലെ അഭിപ്രായ വ്യത്യാസമല്ല ആക്രമണത്തിന് കാരണം എന്നും പൊലീസ് പറയുന്നു.

ദിലീപിനെയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായെയും മണിക്കൂറുകളോളം പൊലീസ് ചോദ്യം ചെയ്തിരുന്നു. ആദ്യം ചോദ്യം ചെയ്തപ്പോള്‍ ദിലീപ് നല്‍കിയ വിവരങ്ങള്‍ വസ്തുതകള്‍ക്ക് വിരുദ്ധമായിരുന്നുവെന്ന് പൊലീസ് പറയുന്നു. പള്‍സര്‍ സുനി പൊലീസിന് നല്‍കിയ മൊഴികള്‍ ദിലീപിന് എതിരായി. ഇന്ന് വീണ്ടും ചോദ്യം ചെയ്തപ്പോള്‍ തെളിവുകള്‍ സഹിതം പൊലീസ് ഉന്നയിച്ച പല ചോദ്യങ്ങള്‍ക്കും ദിലീപിന് മറുപടിയുണ്ടായില്ല. ആദ്യം ചോദ്യം ചെയ്തപ്പോള്‍ നല്‍കിയ പല വിശദീകരണങ്ങളിലും ഉറച്ചുനില്‍ക്കാന്‍ ദിലീപിന് കഴിഞ്ഞില്ല.

ശാസ്ത്രീയ തെളിവുകള്‍ ഒരുമിച്ചു കൂട്ടിയതിനു ശേഷം കൃത്യമായ മുന്നൊരുക്കത്തോടെയാണ് ദിലീപിനെ അറസ്റ്റ് ചെയ്തത് എന്ന് പൊലീസ് പറയുന്നു. നടി ആക്രമിക്കപ്പെട്ട രാത്രിയും പിറ്റേന്നും ദിലീപിന്റെ ഫോണിലേക്കു വന്ന കോളുകളും സംഭവത്തപ്പറ്റി സഹപ്രവര്‍ത്തകരോട് ദിലീപ് നടത്തിയ പ്രതികരണവും പരിശോധിച്ച അന്വേഷണ സംഘം നിരവധി പൊരുത്തക്കേടുകള്‍ കണ്ടെത്തി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: