X

നായകന്‍ വില്ലനായത് 144-ാം നാള്‍; ക്ലൈമാക്‌സല്ല, ഇതു ഇടവേള…?

ലുഖ്മാന്‍ മമ്പാട്

കോഴിക്കോട്: ചില സംഭവങ്ങള്‍ അപസര്‍പ്പകഥകളെയും വെല്ലും. അതിലെ കഥാപാത്രങ്ങളായി സൂപ്പര്‍ താരങങള്‍ തന്നെ അണിനിരന്നാലോ. സിനിമാ കഥയെ വെല്ലുന്ന ത്രില്ലോടെ നാലര മാസത്തിലേറെ മലയാളക്കരയില്‍ നിറഞ്ഞോടിയ ക്രൈം സ്റ്റോറിയുടെ ക്ലൈമാക്‌സും സൂപ്പര്‍. 144-ാം ദിനത്തിലും ഹിറ്റായി ഓടുമ്പോഴാണ് ഇതുവരെ നായക വേഷം ചെയ്ത് മലയാളികളെ അഭ്രപാളിയില്‍ വിസ്മയിച്ച നടന്‍ ദിലീപ് വില്ലനാവുന്നത്. മലയാള സിനിമയിലെ ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ള സൂപ്പര്‍ സ്റ്റാറായ ദിലീപ്, നടന്‍ എന്നതോടൊപ്പം തന്നെ അമ്മയുടെ പ്രസിഡന്റ്, സിനിമാ തിയേറ്റേഴ്‌സ് സംഘടനയുടെ പ്രസിഡന്റ്, നിര്‍മ്മാതാവ്, വിതരണക്കാരന്‍ എന്നീ നിലകളില്‍ രണ്ടു പതിറ്റാണ്ടു കൊണ്ട് മലയാള സിനിമയുടെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്താണ്. ഒരു പക്ഷെ, മഹാനടന്‍മാരായ മമ്മൂട്ടിക്കും മോഹന്‍ലാലിനും പോലും ഉയരത്തില്‍.
പല പ്രമുഖ നടന്മാരുടെയും ബിനാമിയായും സ്വന്തം പണം ഉപയോഗിച്ചും ദിലീപിന്റെ ബിസിനസ്സ് സാമ്രാജ്യവും വിപുലമായിരുന്നു. നടിയെ തട്ടികൊണ്ടു പോയി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തത് ഫെബ്രുവരി 17നാണെങ്കിലും മൂന്നു മാസത്തിലേറെ കേസ്സില്‍ കാര്യമായ പുരോഗതിയില്ലായിരുന്നു. സംഭവത്തിന് തൊട്ടടുത്ത ദിവസം മലയാള സിനിമ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മയില്‍ ദിലീപും പങ്കെടുത്തിരുന്നു.
ദിലീപിന്റെ മുന്‍ ഭാര്യയുടെ മലയാളത്തിലെ ഏക വനിതാ സൂപ്പര്‍ സ്റ്റാറുമായ മഞ്ജുവാര്യര്‍ അന്നു തന്നെ സംഭത്തിന് പിന്നില്‍ ഗൂഢാലോചന ആരോപിച്ചിരുന്നു. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം നിഷേധിച്ച് രംഗത്തു വന്നതോടെ പൊലീസ് സമ്മര്‍ദ്ദത്തിലായി. പക്ഷെ, വിമന്‍സ് കളക്ടീവ് എന്ന പേരില്‍ നടിമാര്‍ സംഘടിച്ച് ശക്തമായി രംഗത്തുവരികയായിരുന്നു. മാധ്യമങ്ങളും വിഷയം ഏറ്റെടുത്തതോടെ ദിലീപ് നിരപരാതിയാണെന്ന വിശദീകരണത്തോടെ രംഗത്തു വന്നു.
ഭരണ കക്ഷി എം.പിയായ ഇന്നസെന്റും എം.എല്‍.എമാരായ മുകേഷും ഗണേശും ദിലീപിനായി രംഗത്തുവന്നെങ്കിലും ജനരോഷത്തോടെ പൊലീസ് രാഷ്ട്രീയ സമ്മര്‍ദ്ദം തള്ളി ദിലീപിനെ കസ്റ്റഡിയില്‍ എടുത്ത് 13 മണിക്കൂറോളം ചോദ്യം ചെയ്തു. ഡി.ജി.പി സെന്‍കുമാര്‍ ഇടപെട്ട് എ.ഡി.ജി.പി സന്ധ്യയോട് വിശദീകരണം ചോദിച്ച് സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും ജനങ്ങളും മാധ്യമങ്ങളും വിട്ടവീഴ്ചക്ക് തയ്യാറല്ലായിരുന്നു.
നടിയെ കൊച്ചി നഗരത്തിലൂടെ ഓടുന്ന വാഹനത്തില്‍ വെച്ച് ശാരീരികമായി പീഡിപ്പിക്കുകയും ദൃശ്യം പകര്‍ത്തുകയും ചെയ്തതിന് പള്‍സുനിയെ പിടികൂടിയെങ്കിലും ഗൂഢാലോചന അന്വേഷിച്ചതോടെ നായകന്‍ വില്ലനാവുകയായിരുന്നു. പ്രമുഖ നടി പീഡിപ്പിക്കപ്പെട്ട കഥയുടെ വില്ലനെ കണ്ടെത്തുമ്പോള്‍ നായകന്‍മാരൊന്നുമില്ല. ദിലീപിന്റെ രണ്ടാം ഭാര്യ വന്നു പോയത് ഗസ്റ്റ് റോളിലാണോയെന്ന് പറയാനായിട്ടില്ല. എന്നാല്‍, പീഡിപ്പിക്കപ്പെട്ട നടിക്ക് സംരക്ഷണവുമായി എത്തിയ തിരശ്ശീലക്കു പിന്നില്‍ നിന്ന് കഥാഗതിയെ മാറ്റിയ നടിയാവും നായിക.
ബ്രഹ്മാണ്ഡ കുറ്റാന്വേഷണ സിനിമയുടെ എല്ലാ ചേരുവകളും നടീനടന്മാരും നിറഞ്ഞാടിയ സംഭവത്തില്‍ വഴിത്തിരിവാണിപ്പോഴുണ്ടായത്. പ്രധാന വില്ലനെ വ്യക്തമായെങ്കിലും കഥയുടെ ക്ലൈമാക്‌സാണോ ഇടവേളയാണോ എന്നത് തീര്‍ത്തുപറയാനാവില്ല. ഒരു പക്ഷെ, ഫ്‌ളാഷ്ബാക്കായായി അതു കാണുന്നതിനും ജനത്തിന് താല്‍പര്യമുണ്ട്. ഒരു പക്ഷെ, ബാബുബലി പോലെ രണ്ടാം ഭാഗമായാണ് അതു വരുന്നതെങ്കില്‍ മലയാള സിനിമാ ലോകത്തെ അധോലോകത്തിന്റെ ഇതിനെക്കാള്‍ വലിയ ട്വിസ്റ്റാവും. പക്ഷെ, അതിന് സര്‍ക്കാറിന് ഇച്ഛാശക്തിയുണ്ടോ എന്നതാണ് ചോദ്യം.

chandrika: